🔺അലോയ്… മെർസൽ എങ്ങനുണ്ട്?? 

🔻എന്ത്.. പ്രതീക്ഷിച്ച പോലെ തന്നെ അറ്റ്ലീ പഴയ ഒരു പടം കുറച്ചു മാറ്റമൊക്കെ വരുത്തി കോക്‌ടെയ്ൽ അടിച്ച് തന്നു.  

🔺ഏത് പടം?? 

🔻2006 ൽ റിലീയായ വിജയകാന്ത് നായകനായ പേരരശ് എന്ന പടം.  

🎬ചിത്രം – മെർസൽ (2017) 

🎥വിഭാഗം – ആക്ഷൻ ഫാമിലി ത്രില്ലർ 

🔰🔰🔰Whats Good??🔰🔰🔰

വിജയ്‌യുടെ വസ്ത്രാലങ്കാരം & ലുക്സ്, കാലിക പ്രസക്തിയുള്ള ചില കാര്യങ്ങൾ, മെഡിക്കൽ ഫീൽഡിലെ അഴിമതികളെ ഏവർക്കും മനസ്സിലാകുന്ന രീതിയിൽ സിമ്പിളായി പറഞ്ഞ രീതി, മാസ്സ് രംഗങ്ങൾ, പാട്ടുകൾ

🔰🔰🔰Whats Bad??🔰🔰🔰

നീണ്ട ദൈർഘ്യം, അനാവശ്യമായ നായികമാരുടെ രംഗങ്ങൾ, മജീഷ്യൻ  കഥാപാത്രം ചെയ്യുന്ന അവിശ്വസനീയമായ രംഗങ്ങൾ, കുട്ടികളുടെ  കാണിച്ചുള്ള തുടർച്ചയായ ഇമോഷണൽ സീനുകൾ, 

🔰🔰🔰Watch Or Not??🔰🔰🔰

മൗനരാഗം രാജാറാണി ആക്കിയ, ക്ഷത്രിയൻ തെറി ആക്കിയ അറ്റ്ലി ഇപ്രാവശ്യവും വിജയ്ക്ക് വേണ്ടി വിജയകാന്ത് നായകനായ ഒരു ചിത്രമാണ് ചെറിയ മാറ്റങ്ങളോട് കൂടി ആൾട്ടർ ചെയ്തിരിക്കുന്നത്. ശിവാജി എന്ന ശങ്കർ സിനിമയും കത്തിയിലേതു പോലുള്ള ഒരു പത്രസമ്മേളനവും ദളപതി എന്ന് പേര് നൽകിയതിനാൽ ആണോ എന്നറിയില്ല ദളപതി എന്ന സിനിമയിലെ പോലീസിനെ മഴയത്തു തല്ലുന്ന സീനടക്കം ഒരു ശരാശരി വിജയ്‌ ആരാധകനെ പുളകം കൊള്ളിക്കാൻ പറ്റുന്ന ചേരുവകളുമായാണ് മെർസൽ എത്തിയിരിക്കുന്നത്.  

ഡോക്ടറായും മജീഷ്യനായും ഗ്രാമതലവനായും വിജയ്‌ നല്ല പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. ഇത്തവണ ഇമോഷണൽ രംഗങ്ങളിൽ അദ്ദേഹം മിതത്വം പാലിച്ചു നല്ല അഭിനയം കാഴ്ചവച്ചതായി അനുഭവപ്പെട്ടു. ഡാൻസ് സീനുകൾ അത്ര നന്നായി തോന്നിയില്ല എങ്കിലും ഡ്രസിങ് സ്റ്റൈൽ, ലുക്സ് എന്നിവയൊക്കെ കിടു ആയിരുന്നു. വിജയ്‌ ഏറ്റവും ഗ്ലാമറായി തോന്നിയതും ഇതിന്റെ ആദ്യപകുതിയിലാണ്. എന്നാൽ ദളപതി എന്ന കഥാപാത്രത്തിന്റെ വിഗ്ഗ് നല്ല ബോറായി അനുഭവപ്പെട്ടു. 

മാസ്സ് രംഗങ്ങളിലുള്ള വിജയ്‌യുടെ മാനറിസം ആരെയും ആകർഷിക്കുന്നതായിരുന്നു. വിജയെന്ന നടനിൽ നിന്നും പ്രതീക്ഷിക്കുന്നത് മാസ്സ് രംഗങ്ങൾ ഇതിൽ ആദ്യപകുതിയുടെ ഇടയിലും ഇന്റർവ്വലിലും ക്ലൈമാക്സിനു മുന്പും ക്ലൈമാക്സിലുമായും വരുന്നുണ്ട്. സിനിമയുടെ നട്ടെല്ലായി തോന്നിയതും വിരസത ഒഴിവാക്കാനും ഈ രംഗങ്ങൾക്കു സാധിച്ചിട്ടുണ്ട്.  

കാലിക പ്രസക്തിയുള്ള ഒരു വിഷയമാണ് ഇത്തവണ കൈകാര്യം ചെയ്തിരിക്കുന്നത്. ആരോഗ്യരംഗത്തുള്ള പല കാര്യങ്ങളും ആർക്കും മനസ്സിലാകുന്ന രീതിയിൽ സിമ്പിളായി പറഞ്ഞ വിധം തമിഴ് നാട്ടിലെ ഗ്രാമങ്ങളിൽ വസിക്കുന്നവരിലേക്ക് എത്താൻ എളുപ്പമാണ്. സംവിധായകന്റെ ആ ശ്രമം കയ്യടി അർഹിക്കുന്നുണ്ട്. ക്ലൈമാക്സിനു ശേഷമുള്ള പത്രസമ്മേളനത്തിൽ പറയുന്ന കാര്യങ്ങൾ ആരെയും ചിന്തിപ്പിക്കുന്നതാണ്.  

ചിത്രം തുടങ്ങുന്നത് തന്നെ ശിവാജി സിനിമ തുടങ്ങുന്നത് പോലെയാണ്. സൗജന്യമായി ചികിത്സ നല്കാൻ ആഗ്രഹിക്കുന്ന നായകന് വില്ലന്റെ ഭീഷണി വരുന്ന ഇടത്തിൽ വെച്ചു ട്രാക്ക് മാറി സഞ്ചരിക്കുന്നു. മുക്കാൽ മണിക്കൂറിൽ 3 പാട്ടുകൾ വരുന്ന വിധവും നായികമാരുടെ സീനുകളും ഒക്കെയായി മെർസൽ ഒരു ബോറൻ അനുഭവമായി മാറുന്നിടത്ത് നല്ലൊരു മാസ്സ് രംഗവും വിജയ്‌ – സത്യരാജ് കോമ്പിനേഷൻ സീനും ഇന്റർവലും ഒരു ശരാശരി അനുഭവം നൽകുന്നുണ്ട്.  

SJ സൂര്യയുടെ വില്ലൻ വേഷം ആദ്യമൊക്കെ നന്നായി തോന്നി എങ്കിലും ക്ലൈമാക്സിനോട് അടുക്കുമ്പോൾ ഒന്നുമല്ലാതെ ആകുന്നു. ഫ്‌ളാഷ്ബാക്ക് രംഗങ്ങൾ ഒരു പുതുമയും ഇല്ലാതെ കാലങ്ങളായി കണ്ടു വരുന്നതായതിനാലും കഥയൊക്കെ ഊഹിക്കാൻ പറ്റുന്ന വിധത്തിൽ ആയതിനാലും ഈ ഫ്ലാഷ്ബാക്ക് ഒന്ന്  തീർന്നു കിട്ടിയാൽ മതിയെന്ന് ആഗ്രഹിച്ചു പോയി. അത്രയ്ക്ക് വലിച്ചു നീട്ടിയതായി അനുഭവപ്പെട്ടു. 

മജീഷ്യൻ ആയുള്ള വിജയ്‌ കാണിക്കുന്ന മാജിക് അല്ലാതെയുള്ള ചിലതൊക്കെ കാണുമ്പോൾ ഇയാൾ ദൈവമാണോ എന്ന് ആരും സംശയിച്ചു പോകും. അതിനുള്ള മറുപടിയായി ലോകത്തിലെ ഏറ്റവും മികച്ച മജീഷ്യൻ എന്നൊക്കെ പറയുന്നുണ്ട് എങ്കിലും ഇതെല്ലാം ഉങ്കളുക്ക് കൊഞ്ചം ഓവറാ തേരിയിലായാ അറ്റ്ലി?? 

കുട്ടികൾക്ക് എന്തെങ്കിലും സംഭവിക്കുന്നതായി കാണിച്ചു ഇമോഷണൽ സീനുകളും സെന്റിമെന്റും ഓവറായി കാണിച്ച വിധം തീരെ ഇഷ്ടപ്പെട്ടില്ല. ഏറ്റവും എളുപ്പത്തിൽ സിമ്പതിയും ഇമോഷനും കുട്ടികളിലൂടെ നേടാം എന്നതാകാം കാരണം. 

റഹ്മാൻ സംഗീതം നൽകിയ ഗാനങ്ങൾ നന്നായിരുന്നു. ആ പാട്ടുകൾ ചിത്രീകരിച്ച വിധവും കളർഫുൾ ആയിരുന്നു. 2 മണിക്കൂർ 50 മിനിറ്റ് എന്ന ദൈർഘ്യം കൂടുതലായി തോന്നി. എന്നിരുന്നാലും ഇക്കൊല്ലം തമിഴിൽ വന്ന ഭൈരവാ, സിംഗം 2, വിവേകം എന്നീ ചിത്രങ്ങളേക്കാൾ ഒരുപാട് നല്ലതും വലിയ ബോറടി ഇല്ലാതെ കണ്ടിരിക്കാൻ പറ്റുന്ന ഒരു സിനിമ തന്നെയാണ് മെർസൽ. 

🔰🔰🔰Last Word🔰🔰🔰

ഒരു വിജയ്‌ സിനിമയാണ് കാണാൻ പോകുന്നത് എന്ന ചിന്തയിൽ കണ്ടാൽ സാധാരണ പ്രേക്ഷകന് അത്യാവശ്യം രസിക്കാനുള്ള വകയൊക്കെയുള്ള ശരാശരിയിൽ ഒതുങ്ങിയ ഒരു ചിത്രമാണ് മെർസൽ. ഇനി വിജയ്‌ ഫാൻസിന്റെ കാര്യം എടുത്താൽ ഫാൻസിനു ആഘോഷിക്കാനുള്ള വകയെല്ലാം അടങ്ങിയ ഈ ചിത്രം അവർക്കുള്ള ദീവാലി ക്രാക്കർ ആണ്. തീയേറ്ററിൽ കയ്യടിച്ചു ആഘോഷിക്കാനുള്ള എല്ലാ വകയും അടങ്ങിയ നല്ലൊരു പാക്കേജ്.