ചില സിനിമകളുടെ കഥ അതിന്റെ ട്രെയിലറിൽ തന്നെ പറയുന്നുണ്ടാകും. എന്നാൽ ആ കഥ നമ്മളോട് പറയുന്ന വിധം അതിമനോഹരമായി അവതരിപ്പിച്ചാൽ ആ സിനിമ നമ്മൾ എന്നും ഓർത്തിരിക്കുന്ന തരത്തിലുള്ള ഒരു സിനിമയായി മാറും. അത്തരത്തിൽ ഒരു സിനിമയാണ് സൈറ വാസിം മുഖ്യവേഷത്തിൽ എത്തിയ സീക്രെട് സൂപ്പർസ്റ്റാർ. 

🎬Movie – Secret Superstar (2017) 

🎥Genre – Family Drama 

🔰🔰🔰Whats Good??🔰🔰🔰

അഭിനേതാക്കളുടെ (ഒന്ന് രണ്ടു സീനുകളിൽ വരുന്ന ആർട്ടിസ്റ്റുകൾ അടക്കം ) ഉഗ്രൻ പ്രകടനം, ആമിർ ഖാന്റെ മാനറിസവും ആ കഥാപാത്രവും, ഇമോഷണൽ രംഗങ്ങൾ, കഥയോട് ചേർന്ന് നിൽക്കുന്ന പാട്ടുകൾ, ബോറടിയില്ലാത്ത ആഖ്യാനരീതി, ശക്തമായ കഥയും കെട്ടുറപ്പുള്ള തിരക്കഥയും. 

🔰🔰🔰Whats Bad??🔰🔰🔰

Nothing Found…. 

🔰🔰🔰Watch Or Not?? 🔰🔰🔰

സ്വപ്നം കാണുന്നത് ബേസിക് ആണെന്നും ആ സ്വപ്നം സാക്ഷാത്കരിക്കാൻ പ്രയത്നിക്കുന്ന ഒരു പെൺകുട്ടിയുടെ കഥയാണ്‌ വളരെ മനോഹരമായി രണ്ടര മണിക്കൂറിൽ പറഞ്ഞിരിക്കുന്നത്. ഒരു പാട്ടുകാരി ആവുക എന്നതും തന്റെ ശബ്ദം ലോകം മുഴുവൻ കേൾക്കണം എന്നാഗ്രഹിക്കുന്ന ഇൻസിയ എന്ന പതിനഞ്ചു വയസ്സുകാരിയുടെ സ്വപ്‌നങ്ങൾ അവൾ ആഗ്രഹിച്ചത് പോലെ നടന്നോ എന്നുള്ളതാണ് സിനിമയുടെ കഥ.  

സൈറ വാസിം നല്ല പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. പ്രായത്തിൽ കവിഞ്ഞ പക്വതയുള്ള, തന്റെ ആഗ്രഹം എങ്ങനെയും സാധിക്കണം എന്ന് വാശിയുള്ള ഒരു കഥാപത്രത്തിന്റെ എല്ലാ ഇമോഷനും കൃത്യമായി പ്രേക്ഷകരിൽ എത്തിക്കാൻ സൈറയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഗിറ്റാർ പ്ലേ ചെയ്യുന്നതും പാട്ട് പാടുന്നതുമായ രംഗങ്ങളിൽ നല്ല പെർഫെക്‌ഷൻ ഉണ്ടായിരുന്നു. കഴിഞ്ഞ ചിത്രം പോലെ തന്നെ കഥാപാത്രത്തിന് വേണ്ടതെല്ലാം പഠിച്ചിട്ടു തന്നെയാണ് ഇത്തവണയും സൈറ എത്തിയിരിക്കുന്നത്.  

മെഹർ വിജ് ഇൻസിയയുടെ അമ്മയായ നജ്മയെ അവതരിപ്പിക്കുന്നു. മെഹറിന്റെയും സൈറയുടെയും മുഖസാദൃശ്യം അവർ ശരിക്കും അമ്മയും മകളും ആണോ എന്ന് തോന്നിപ്പിക്കും വിധമായിരുന്നു. ഇമോഷണൽ രംഗങ്ങളിലൊക്കെ മെഹർ ഗംഭീരപ്രകടനം കാഴ്ചവെച്ചു. അവസാനരംഗങ്ങളിലെ പ്രകടനം എന്നും ഓർമയിൽ നിൽക്കുന്നവയാണ്. 

രാജ് അർജുൻ ഇൻസിയയുടെ വാപ്പായുടെ റോൾ ഗംഭീരമായി അവതരിപ്പിച്ചതിനാൽ ആർക്കും അയാളോട് ദേഷ്യം തോന്നും.അതാണല്ലോ ഒരു നടന്റെ വിജയവും.കഥാപത്രത്തോട് വെറുപ്പ് തോന്നിയാലും അയാളിലെ നടനോട് ബഹുമാനം തോന്നും. തീർഥ് ശർമഅവതരിപ്പിച്ച  ചന്ദൻ ചെറിയ വായിൽ വലിയ വർത്താനം പറയുന്നു എന്നൊക്കെ തോന്നിയാലും അതൊരു സിനിമാറ്റിക് ലിബർട്ടി ആയി എടുക്കാനെ തോന്നിയുള്ളൂ. ആരെയും ആകർഷിക്കുന്നത് ഒരു കഥാപാത്രം ആയിരുന്നു.അതുപോലെ ഇൻസിയയുടെ അനുജനായ കുട്ടിയുടെ പ്രകടനം ഒരു സീനിൽ കണ്ണ് നനയിച്ചു.ആ കുട്ടിയുടെ ഓരോ എക്സ്പ്രഷനും വളരെ ക്യൂട്ട് ആയിരുന്നു. സൈറയും ആ കുട്ടിയും ലാപ്ടോപ്പും പശയും കഥാപത്രങ്ങൾ ആയ ഒരു രംഗം എന്നിലെ പ്രേക്ഷകനെ ഇമോഷണലാക്കി എന്ന് പറയാതെ വയ്യ. ആ സമയം അഭിനയം,പശ്ചാത്തല സംഗീതം എന്നിവ കറക്റ്റ് പാക്കേജിൽ വന്നതിനാൽ അറിയാതെ കണ്ണ് നിറഞ്ഞു. 

ആമിർ ഖാൻ…ശക്തി കുമാർ എന്ന കഥാപത്രമായി വളരെയധികം ചിരിപ്പിച്ചു. അദ്ധേഹത്തിന്റെ മാനറിസം ഒരുപാട് ഇഷ്ടപ്പെട്ടു. സിനിമ മുഴുവൻ നിറഞ്ഞു നിൽക്കുന്ന ഒരു കഥാപാത്രമായി തന്നെ തോന്നി. 

ഗാനങ്ങൾ കഥയോട് ചേർന്ന് നിന്നു.നച്ചതേ ഫിറാ എന്ന ഗാനം ചിത്രീകരിച്ച വിധം നന്നായിരുന്നു. കൂടാതെ രണ്ടര മണിക്കൂർ നമ്മെ ബോറടിപ്പിക്കാതെ കഥ പറഞ്ഞ വിധവും ഇഷ്ടപ്പെട്ടു. എല്ലാ കാര്യങ്ങളും ഊഹിക്കാൻ പറ്റും എന്നൊരു കുറവ് മാത്രമേ കാണുന്നുള്ളൂ..പക്ഷെ സിനിമ കഴിയുമ്പോൾ നിങ്ങൾ ആ കുറവ് മറക്കും എന്ന് എന്റെ മനസ്സ് പറയുന്നു.അത്രയ്ക്ക് മനോഹരമാണ് ഈ സിനിമ. 

🔰🔰🔰Last Word🔰🔰🔰

ഒരു ഗംഭീര ചിത്രം. ചില സിനിമകൾ എല്ലാതരം പ്രേക്ഷകരെയും ഒരേപോലെ തൃപ്തിപ്പെടുത്തും.ആ ഗണത്തിൽ പെടുത്താവുന്ന മനോഹരമായ ചിത്രങ്ങളിൽ ഒന്ന്. രണ്ടര മണിക്കൂറിൽ ചിരിക്കാനും ചിന്തിക്കാനും ഒന്ന് ചെറുതായി കണ്ണിൽ നനവ് പടർത്തി മനസ്സ് നിറയ്ക്കുന്ന ഈ സിനിമ ഈ വർഷം ഇറങ്ങിയ നല്ല ചിത്രങ്ങളുടെ ലിസ്റ്റിൽ മുന്നിൽ തന്നെ കാണും.