ഒരു മാർവൽ സിനിമയുടെ പാക്കേജിങ് എന്തെന്ന് പ്രത്യേകം പറയേണ്ട ആവശ്യമില്ല. വ്യക്തിപരമായി മാർവലിന്റെ സൂപ്പർ ഹീറോ ചിത്രങ്ങൾ കൂടുതലായി ഇഷ്ടപ്പെടുന്നയാളാണ് ഞാൻ. ഊഹിക്കാവുന്ന കഥ എന്നത് എല്ലാ സിനിമയിലും അനുഭവപ്പെടുന്ന കാര്യമാണ്. ഒരു ചിത്രം പോലും ആ പാതയിൽ നിന്നും ഇന്നേവരെ വ്യതിചലിച്ചു കണ്ടിട്ടില്ല. ബട്ട്‌ സ്റ്റിൽ ലവ്‌ യൂ എന്ന് ലാലേട്ടൻ പറയും പോലെ ഓരോ മാർവൽ സിനിമകൾ ഇറങ്ങുമ്പോഴും ഒരു തരം  സന്തോഷമാണ്. പുതിയ ചിത്രമായ തോർ കണ്ടിറങ്ങിയപ്പോഴും ആ സന്തോഷത്തിനു കുറവൊന്നും ഉണ്ടായിട്ടില്ല. 

കുറവുകൾ ഇല്ലാത്ത സിനിമകൾ ഇല്ലെന്നു തന്നെ പറയാം. എല്ലാവരെയും തൃപ്തിപ്പെടുത്താനായി ആർക്കും സിനിമ എടുക്കുവാൻ സാധിക്കില്ല. സ്വന്തം ഇഷ്ടത്തിന് അനുസരിച്ച് സിനിമ എടുക്കുക, അതു സ്വീകരിക്കുന്നവരും നിരാകരിക്കുന്നവരും ഉണ്ടാകും. ഇതിന്റെ സംവിധായകാൻ നർമത്തിന്റെ അളവ് സാധാരണ മാർവൽ ചിത്രങ്ങളേക്കാൾ കൂടുതലാക്കി ആ വിഭവം നമ്മുടെ മുന്നിൽ സമർപ്പിച്ചപ്പോൾ ഞാൻ എന്ന പ്രേക്ഷകന് കൂടുതൽ ആസ്വാദ്യകരമായി തോന്നി. രണ്ട് മണിക്കൂർ എന്ന നീളം ഒട്ടും മുഷിച്ചിൽ ഇല്ലാതെ കടന്നു പോയി.  

Hela എന്ന ദുഷ്ടകഥാപാത്രത്തെ Kate Blanchett അവതരിപ്പിച്ചിരുന്നു. അവർ സ്ക്രീനിൽ വന്നു രണ്ട് മിനിറ്റ് തികയും മുൻപ് Mjolnir തകർത്തു കളയുന്നു. അതു കാണുമ്പോൾ ഈ കഥാപാത്രം വളരെ ശക്തമാകുമെന്നും അത്ര പെട്ടെന്ന് ഇവരെ കീഴ്പ്പെടുത്താൻ കഴിയില്ല എന്നൊക്കെ മനസ്സിൽ വരും എങ്കിലും Hela എന്ന കഥാപാത്രത്തിനു കാര്യമായ സ്ക്രീൻ സ്‌പേസ്  ഒന്നും ഉണ്ടായി കണ്ടില്ല. ഒരുപക്ഷേ Thor, Valkyrie, Hulk, Loki, Haimdall എന്നിവരെയൊക്കെ അണിനിരത്തി അവർക്കുള്ള മാസ്, കോമഡി സീനുകൾ ഒക്കെ കൊടുത്തു കഴിഞ്ഞപ്പോൾ ഹേല ഒതുങ്ങി പോയതാകാം. ചിലർ മാർവൽ സിനിമയിലെ  ഏറ്റവും മികച്ച സൂപ്പർവില്ലൻ എന്നൊക്കെ പറയുന്നുണ്ടായിരുന്നു. പക്ഷെ എനിക്ക് തോന്നിയില്ല. ആദ്യം കൊടുത്ത ബിൽഡപ്പ് പിന്നീട് കണ്ടതുമില്ല, ഹേല നായകനും ടീമിനും ഒരു ഭീഷണി ആകുമെന്ന് പിന്നീട് ഒട്ടും തോന്നിയുമില്ല.  

സാധാരണ ആക്ഷൻ രംഗങ്ങൾ മികച്ചതാകുമായിരുന്ന മാർവൽ ചിത്രങ്ങളിൽ ഈ സിനിമയുടെ പേര് ഏറ്റവും താഴെയായി വരുമെന്ന് തോന്നുന്നു. എല്ലാവരുടെയും മാസ് രംഗങ്ങൾ കലക്കി എങ്കിലും ആക്ഷൻ സീനുകൾക്ക് അത്ര തൃപ്തി തരാൻ ആയില്ല. Led Zeppelin Immigrant സോങ് BGM ആയി വന്നതൊക്കെ നല്ലൊരു അനുഭവം ആയിരുന്നു. 

മുകളിൽ പറഞ്ഞതൊക്കെ ചെറിയ  പോരായ്മ ആയി തോന്നിയ കാര്യങ്ങൾ മാത്രം. ഈ സിനിമയിൽ ഇഷ്ടപ്പെട്ട കാര്യങ്ങളാണ് കൂടുതൽ. Mjolnir ഇല്ലാത്ത തോർ, അയാളുടെ യാത്ര, അനുഭവങ്ങൾ, യുദ്ധം, എന്നിവയൊക്കെ ക്രിസ് അവതരിപ്പിച്ചപ്പോൾ ഇതുവരെ തോർ എന്ന കഥാപാത്രത്തോട് ഇല്ലാത്ത ഇഷ്ടം ഈ മൂന്നാം സിനിമയോടെ വന്നു. ലോകി എങ്ങനെ പെരുമാറും എന്ന് തോറിനു മനസ്സിലാകില്ല എങ്കിലും പടം കാണുന്നവർക്ക് മനസ്സിലാകും. ടോമിന്റെ ശൈലി ഇഷ്ടപ്പെടുന്ന എനിക്ക് ഈ സിനിമയും ലോക്കിയും ഒരു പോസിറ്റീവ് തന്നെ ആയിരുന്നു.  

Westworld ൽ കണ്ട Tessa Thompson ഇതിൽ കൂടുതൽ  കയ്യടി നേടിയ Valkyrie യേ അവതരിപ്പിക്കുന്നു. ടെസ്സയുടെ ഫാനായി മാറാനുള്ള ചാൻസ് ഈ സിനിമയോടെ കൂടും. ഒരു കിടിലൻ മാസ്സ് സീൻ ടെസ്സയ്ക്ക് കിട്ടിയിട്ടുണ്ട്. Planet Hulk ലെ പോലുള്ള യുദ്ധരംഗങ്ങൾ ഇല്ലായിരുന്നു എങ്കിലും Hulk ഇത്തവണ കോമഡിയിലാണ് ശ്രദ്ധ കൊടുത്തത്. അതു ഒരുപാട് ഇഷ്ടപ്പെട്ടു. Skurge, Korg  എന്നീ കഥാപാത്രങ്ങളും ശ്രദ്ധ പിടിച്ചുപറ്റുന്നവയാണ്. 

Antony Hopkins വരുന്ന രംഗം ഒന്നോ രണ്ടോ മാത്രമേയുള്ളൂ..പ്രധാനപ്പെട്ട രംഗങ്ങളിൽ മോട്ടിവേഷനൽ ക്ലീഷേ സീനുമായും വരുന്നുണ്ട്. ഹോളിവുഡിൽ ഒരുപ്രായം കഴിഞ്ഞാൽ യുവാക്കൾക്ക് മോട്ടിവേഷൻ കൊടുക്കാൻ വിധിക്കപ്പെട്ട സീനിയർ നടന്മാരുടെ ലിസ്റ്റിൽ ഒരാൾ കൂടി..;) ഗ്രാൻഡ്മാസ്റ്റർ രസിപ്പിക്കുന്ന കഥാപാത്രമാണ്. എന്നാൽ ഒരുപാട് കാത്തിരുന്ന രണ്ടാമത്തെ പോസ്റ്റ്‌ ക്രെഡിറ്റ് സീൻ ഇയാളുടെ അനാവശ്യ രംഗം ആയതു എന്തൊരു കഷ്ടമാണ്. 

മൊത്തത്തിൽ രണ്ട് മണിക്കൂർ കോമഡി-മാസ്സ് രംഗങ്ങൾ നിറഞ്ഞ ഒരു കംപ്ലീറ്റ് എന്റർടൈനർ കാണണം എന്നുണ്ടെങ്കിൽ തോർ രഗ്നറോക് നിങ്ങൾക്ക് പറ്റിയ സിനിമയാണ്. ഒരിക്കലും നിരാശപ്പെടില്ല.