സണ്ടക്കോഴി വിശാലിന്റെ കരിയറിലെ ഒരു വഴിത്തിരിവാണ്. എത്രയൊക്കെ റൊമാന്റിക് ഹീറോ പരിവേഷം കെട്ടി വന്നാലും ഏതൊരു നായകനും ആക്ഷൻ ഹീറോ ആകാൻ നോക്കുകയെന്നത് തമിഴിൽ സ്ഥിരം സംഭവമാണ്. അഭിനയം എങ്ങനെയൊക്കെ ആയാലും ആക്ഷൻ, ഡാൻസ് എന്നിവയൊക്കെ നന്നായിരുന്നാൽ കുറച്ചധികം കാലം പിടിച്ചു നിൽക്കാം എന്നതിന് ഒരുപാട് പേർ തമിഴിലും തെലുങ്കിലും ഉദാഹരണമാണ്.  

ചെല്ലമെയ് എന്ന സിനിമയിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച വിശാലിന് ആദ്യചിത്രം വലിയ പേരൊന്നും നല്കിയില്ല എന്ന് മാത്രമല്ല പ്രതിനായകനായ ഭരതിന്റെ പേരിലാണ് ആ ചിത്രം കൂടുതലും അറിയപ്പെട്ടത്. തന്റെ പേർ ഇൻഡസ്ട്രിയിൽ എല്ലാവരാലും അറിയപ്പെടണം എന്നുള്ള ആഗ്രഹം ഏതൊരു പുതുമുഖത്തിനും ഉണ്ടാകുമല്ലോ.. രണ്ടാമത്തെ ചിത്രം വിശാൽ ശ്രദ്ധയോടെ തിരഞ്ഞെടുത്തതും അതിനാൽ തന്നെ. 

സണ്ടക്കോഴി ഏകദേശം ഒരു കൊല്ലത്തോളം തീയേറ്ററിൽ ഓടിയ ചിത്രമാണ്. എന്തുകൊണ്ട് ഇതൊരു വൻവിജയമായി മാറിയെന്ന് ചോദിച്ചാൽ തിരക്കഥ തന്നെയാണ് കാരണം.ഒരു ആക്ഷൻ ചിത്രം എന്ന ലേബലിൽ അല്ലായിരുന്നു സിനിമയുടെ റിലീസ്. യുവാൻ ശങ്കർ രാജയുടെ ദാവണി പോട്ട ദീപാവലി എന്ന പാട്ട് ഹിറ്റായിരുന്നു. നായകൻ,നായിക എന്നിവരെ കൂടാതെ മറ്റുള്ള പ്രധാന കഥാപാത്രങ്ങളെ പറ്റിയൊന്നും കൂടുതൽ ആരും അന്വേഷിച്ചുമില്ല, അണിയറക്കാർ പറഞ്ഞതുമില്ല. 

ആത്മവിശ്വാസത്തോടെ വിശാൽ റിലീസിന് മുമ്പ് ഈ സിനിമയിലെ ആക്ഷൻ രംഗങ്ങൾ ഒരു സംസാരവിഷയം ആകുമെന്ന് പറഞ്ഞിരുന്നത് ഓർമയുണ്ട്. പുതുമുഖ നടന്മാർ പറയുന്ന വെറും ഗീർവാണം എന്ന് കരുതി അന്നതു ചിരിച്ചു തള്ളുകയായിരുന്നു ഞാൻ ചെയ്തത്. സണ്ടക്കോഴി തീയേറ്ററിൽ അല്ലായിരുന്നു കണ്ടത്. ക്രിസ്മസിന് ഒരാഴ്ച മുൻപ് റിലീസായ ചിത്രം. സൺ ടീവിയിലെ ലയൺ ഡേറ്റ്സ് സിറപ്പ് ടോപ്‌ 10 മൂവീസിൽ ആദ്യസ്ഥാനം ഈ സിനിമ കരസ്ഥമാക്കിയത് കണ്ടപ്പോൾ അടുത്തുള്ള CD ഷോപ്പിൽ നിന്നും വാങ്ങി കണ്ട സിനിമയായിരുന്നു. 

ഒരു ഫീൽ ഗുഡ് സിനിമ എന്ന നിലയിൽ തുടങ്ങി നായികയുടെ മനോഹരമായ പ്രകടനവും പാട്ടുകളും ഒക്കെയായി മുന്നോട്ടു പോകുമ്പോൾ അത്യുഗ്രൻ മാസ് സീനിലൂടെയുള്ള നായകന്റെ ആക്ഷൻ ഒരു പുതിയ നായകന്റെ അടുത്തു നിന്നും പ്രതീക്ഷിക്കുന്നതിൽ കൂടുതൽ ആയിരുന്നു.തന്റെ രണ്ടാം ചിത്രത്തിൽ തന്നെ ഇത്ര നന്നായി ആക്ഷൻ ചെയ്യാനായി എന്നത് വിശാലിന്റെ വിജയമാണ്. 

ആ മാസ്സ് സീനിന്റെ ഹാങ്ങോവർ തീരും മുന്പേ രാജ്കിരൺ എന്ന നടന്റെ ആഗമനവും തമിഴർ എന്നും ഇഷ്ടപ്പെടുന്ന മധുരൈ വീരൻ കണ്സെപ്റ്റും ഗ്രാമീണ പശ്ചാത്തലത്തിലുള്ള കുടിപ്പകയും ഒക്കെയായി ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ഇന്റർവലും ആയിരുന്നു. 

വില്ലനായി അഭിനയിച്ച ലാൽ വളരെ നന്നായി ആക്ഷൻ രംഗങ്ങൾ ചെയ്തു. വിശാൽ എത്ര നന്നായി ആക്ഷൻ ചെയ്തുവോ അതിന്റെ ക്രെഡിറ്റ് ഇദ്ദേഹത്തിനും അവകാശപ്പെട്ടതാണ്. ക്ലൈമാക്സ്‌ ഫൈറ്റിൽ ലാൽ എന്ന നടന്റെ കഷ്ടപ്പാട് അന്നേ ശ്രദ്ധയിൽ പെട്ടതാണ്. 

ചിദംബരത്തെ പ്രധാന റൗഡിയായ കാശി എന്നയാളെ അവതരിപ്പിച്ചപ്പോൾ ഞാൻ എന്ന ഭാവം..അതിന്മേൽ ജീവിച്ചിരുന്ന വില്ലനായി ലാൽ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. അറിയാതെ തന്റെ ദേഹത്ത് ഇടിക്കുന്ന നായകനെ നോക്കി അവനു ആളെ അറിയാൻ പാടില്ലാത്തത് കൊണ്ടാണ്..അറിഞ്ഞാൽ ഇങ്ങനെ ചെയ്യില്ല എന്നു പറയുന്നടത്തുള്ള ഗർവ്വും അതേ നാട്ടുകാരുടെ മുന്നിൽ തല്ലു വാങ്ങുമ്പോൾ അവനെ കൊന്നിട്ടേ ഇനി തിരിച്ചു ചിദംബരത്തേക്ക് വരികയുള്ളൂ എന്ന് പറയുന്നതും ആ കഥാപാത്രത്തിന്റെ സ്വഭാവം നമുക്ക് കാണിച്ചു തരുന്നു. 

തേവർ മകൻ സിനിമയിലെ പോലെ മധുരയിലെ ഒരു വിഭാഗം ആളുകളാൽ ബഹുമാനിക്കപ്പെടുന്ന പ്രധാന പ്രമാണി,അയാളുടെ മകൻ, പക, ചതി തുടങ്ങി എന്നും വിജയിക്കുന്ന ഒരു ഫോർമുല രസകരമായി മാസ്സ് ആക്ഷൻ രംഗങ്ങളിലൂടെ എന്നാൽ അഭിനയം എന്ന വിഭാഗത്തിലും യാതൊരു വിട്ടുവീഴ്ചയും ചെയ്യാതെ കൈകാര്യം ചെയ്ത തിരക്കഥയാണ് സിനിമയുടേത്. 

തന്റെ മകൻ സ്വന്തം അച്ഛനെപ്പോലെ സംഘട്ടനത്തിൽ കേമനാണ് എന്ന് ദുരൈയോട് പറയുമ്പോൾ രാജ്‌കിരണിന്റെ മുഖത്ത് തെളിയുന്ന അഭിമാനവും അതേ സമയം വിദ്യാഭ്യാസമില്ലാത്ത വാളും തൂക്കി സണ്ടിയർ ആയി തന്റെ മകന്റെ ഭാവിയും മാറുമോ എന്നുള്ള ആശങ്കയും മിനുട്ടുകൾ കൊണ്ട് ആ മുഖത്ത് മിന്നിമറയുന്നുണ്ട്. 

തലൈവാസൽ വിജയ്‌ ചെയ്ത കഥാപാത്രം ഒരിക്കലും മറക്കാൻ പറ്റാത്ത ഒന്നാണ്. നന്നായി അഭിനയിക്കുന്ന ഒരുപാട് അഭിനേതാക്കളുടെ കൂടെ തന്റെ ആക്ഷൻ രംഗങ്ങൾ ചെയ്യാനുള്ള കഴിവും മികച്ചൊരു തിരക്കഥയും ആയതോട് കൂടി സണ്ടക്കോഴി എന്ന ബ്ലോക്ക്ബസ്റ്ററിൽ കൂടി വിശാൽ എന്ന നായകന്റെ ഉദയം കാണുകയായിരുന്നു തമിഴ് സിനിമ. 

സണ്ടക്കോഴിയുടെ വിജയത്തിന്റെ പിറകെ വന്ന തിമിര് കൂടി വൻവിജയം ആയതോടു കൂടി വിശാൽ എന്ന നടന്റെ ഇരിപ്പിടം സ്ഥിരം ആകുകയായി. ശിവപ്പതികാരം എന്ന സിനിമ ഒരു ആവറേജിൽ ഒതുങ്ങി എങ്കിലും പിന്നീട് വന്ന താമരഭരണിയും മലൈക്കോട്ടയും ഇൻഡസ്ട്രിയിൽ മോശമല്ലാത്ത ഒരു സ്റ്റാർഡം അയാൾക്ക്‌ നല്കിയിട്ടുണ്ട്.