🔺2017 ൽ ഇതുവരെ ഇറങ്ങിയ ഹിന്ദി സിനിമകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ഇതാണ്.  

🔻കാരണം?? 

🔺കാരണം ഒന്നല്ല.. ഒരുപാടുണ്ട്.. വിശദമായി പറയാം.. 

🎬Movie – Shaadi Mein Zaroor Aana (2017) 

🎥Genre – Romance, Family Drama

🔰🔰🔰Whats Good??🔰🔰🔰

എല്ലാ അഭിനേതാക്കളുടെയും ഉഗ്രൻ പ്രകടനം, സാഹചര്യത്തിനനുസരിച്ച അർത്ഥവത്തായ പാട്ടുകൾ, ഇമോഷണൽ രംഗങ്ങൾ, ബോറടിയില്ലാതെ കഥ പറയുന്ന രീതി, അനാവശ്യ രംഗങ്ങൾ ഒന്നുമില്ലാതെയുള്ള തിരക്കഥ, പശ്ചാത്തല സംഗീതവും ഛായാഗ്രഹണവും 

🔰🔰🔰Whats Bad??🔰🔰🔰

സിനിമ അത്രമേൽ ആസ്വാദ്യകരമായതിനാൽ മോശമായതൊന്നും കണ്ണിൽ പെട്ടില്ല. 

🔰🔰🔰Watch Or Not??🔰🔰🔰

സിനിമയിൽ വരുന്ന എല്ലാ അഭിനേതാക്കളും മത്സരിച്ചു അഭിനയിക്കുന്നതായി തോന്നിയ ഒരു സിനിമ. നായകനായ രാജ് കുമാർ റാവു ഈ വർഷം മാത്രം നൽകിയ മികച്ച ചിത്രങ്ങളുടെ കൂട്ടത്തിലേക്ക് ഒന്ന് കൂടി. റാസ്‌ റീബൂട്ടിലൂടെ ഹിന്ദി സിനിമയിൽ  ശ്രദ്ധിക്കാതെ പോയ കൃതി ഖർബന്ദയ്ക്ക് ഈ ചിത്രം ഒരു ബ്രേക്ക്‌ നൽകുമെന്ന് പ്രതീക്ഷിക്കാം. മനോഹരമായ പ്രകടനമായിരുന്നു കൃതി കാഴ്ച വെച്ചത്. 

ഒരു ഫീൽ ഗുഡ് റൊമാന്റിക് സിനിമയെന്ന് ട്രെയിലറിൽ തോന്നിപ്പിച്ച ഈ ചിത്രം തുടങ്ങുന്നത് തന്നെ ഒരു പെണ്ണുകാണലിൽ നിന്നുമാണ്. ആദ്യകാഴ്ചയിൽ സത്യേന്ദ്രന് (രാജ് കുമാർ റാവു) ആരതി (കൃതി ) യേ ഇഷ്ടമാകുന്നു. സത്യയുടെ സ്വഭാവവും പെരുമാറ്റവും ആരതിക്കും ഇഷ്ടപ്പെടുന്നു.കല്യാണം ഉറപ്പിക്കുന്നു. 25 ലക്ഷം സ്ത്രീധനത്തുക ചെറുക്കന്റെ വീട്ടുകാർ ആവശ്യപ്പടുന്നിടത്തു നിന്നും കഥ വികസിയ്ക്കുന്നു. 

കഥ മുന്നോട്ടു പോകുമ്പോൾ ഇതിനെ പറ്റിയായിരിക്കും കഥ എന്നൊരു മുൻവിധി നമുക്ക് ഉണ്ടാകുമ്പോൾ നമ്മെ സമർത്ഥമായി കബളിപ്പിച്ചു കഥ വേറെ തലത്തിലൂടെ സഞ്ചരിക്കും. വികാരപ്രകടനകൾക്ക് പ്രാധാന്യമുള്ള തിരക്കഥ ആയതിനാൽ അഭിനേതാക്കൾ അവരുടെ കഴിവിന്റെ പരമാവധി പുറത്തെടുത്തിട്ടുണ്ട്. ഇമോഷണൽ സീനുകൾ എല്ലാം കൃത്യമായി പ്രേക്ഷകനുമായി കൺവെ ആകുന്നതിനാൽ ഫാമിലി ഡ്രാമ എന്ന വിഭാഗത്തിലെ നല്ലൊരു പ്രോഡക്റ്റ് ആയി മാറുന്നു ഈ ചിത്രം. 

രണ്ടാം പകുതിയിൽ കഥയിൽ വരുന്ന വലിയൊരു സിനിമാറ്റിക് ലിബർട്ടിയിലൂടെയാണ് മുഴുവൻ കഥയും മുന്നോട്ടു പോകുന്നത്. ആ ഒരു കാര്യത്തിനു വേണ്ടിയുള്ള 5 വർഷം കഴിഞ്ഞുള്ള കഥ പറച്ചിൽ ആദ്യം ഒരു ആശങ്ക ഉണ്ടാക്കുന്നു എങ്കിലും സീൻ ബൈ സീൻ മുന്നോട്ടു പോകുന്തോറും സിനിമ കൂടുതൽ മനോഹരമാകുന്നുണ്ട്. 

റൊമാന്റിക് കഥകളിൽ ഊഹിക്കാൻ പറ്റാത്ത കഥാഗതി എന്നൊന്നും പറയാനാകില്ലല്ലോ…ക്ലൈമാക്സിൽ ഇരുവരും ഒരുമിക്കും എന്നുള്ള കാര്യം എല്ലാവർക്കും അറിയാം എന്നിരിക്കെ ഒരുമിക്കുന്ന കാര്യത്തിലും  എത്രത്തോളം ടെൻഷൻ നമുക്ക് നൽകാം എന്നതിൽ ഒരു പരിധി വരെ വിജയിച്ചിട്ടുണ്ട്. 

പാട്ടുകളുടെ അർത്ഥവും പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ മൂഡിനെ നമ്മളിലേക്ക് എത്തിക്കുവാൻ സഹായകമായിട്ടുണ്ട്. ഇന്റർവെലിന് തൊട്ടു മുന്പായി തുടങ്ങി ക്ലൈമാക്സിനു മുമ്പ് വരെയുള്ള സംഘർഷഭരിതമായ കഥയ്ക്ക് ക്ലൈമാക്സിനു തൊട്ടു മുമ്പ് ഒരു അയവു വരുന്നു, തുടർന്ന് ഒരു ഫീൽ ഗുഡ് ക്ലൈമാക്സും നൽകി ചിത്രം അവസാനിക്കുന്നു. 

🔰🔰🔰Last Word🔰🔰🔰

വളരെ നല്ലൊരു സിനിമയായി മാത്രമല്ല ഇക്കൊല്ലം ഹിന്ദിയിൽ കണ്ട സിനിമകളിൽ ഏറ്റവും കൂടുതൽ എന്നെ തൃപ്തിപ്പെടുത്തിയതും ഈ സിനിമയാണ്. സിമ്പിൾ ആയ ഒരു കഥയിൽ മികച്ച വൈകാരിക മുഹൂർത്തങ്ങൾ ചേർത്തു  അതിൽ അഭിനേതാക്കളുടെ ഗംഭീര പ്രകടനം കൊണ്ടു പൊതിഞ്ഞ ഈ ചിത്രം നിങ്ങളെയും തൃപ്തിപ്പെടുത്തും.