കളത്തൂർ ഗ്രാമം അഥവാ ഒരു തിരുട്ടു ഗ്രാമം. പൊലീസുകാർ ഗ്രാമത്തിൽ പ്രവേശിച്ചാൽ അവരുടെ വൃഷണം മുറിച്ചു പോലീസ് സ്റ്റേഷനിൽ ഇടുക, തലയറുത്ത ശരീരം കെട്ടിത്തൂക്കുക,  ജീവനോടെ കത്തിക്കുക എന്നിവയൊക്കെയാണ്  ആ ഗ്രാമവാസികൾ ശിക്ഷയായി  നൽകുന്നതെന്ന് പറയപ്പെടുന്നു. ഇപ്പോൾ ഈ ഗ്രാമം വാർത്തകളിൽ നിറയാൻ കാരണം അവിടെയുള്ള ഗ്രാമമുഖ്യൻ കൊല്ലപ്പെട്ടിരുന്നു. ഗ്രാമവാസികളിൽ അഞ്ചു പേരെ പോലീസുകാർ കൊലപ്പെടുത്തി എന്നും പറയുന്നു. സത്യം എന്താണ്?? 

ചിത്രം – കളത്തൂർ ഗ്രാമം (2017) 

വിഭാഗം – ക്രൈം ഡ്രാമ 

കിഷോർ നായകനായി അഭിനയിച്ച ഈ ചിത്രം ശക്തമായ തിരക്കഥയും അഭിനേതാക്കളുടെ പ്രകടനത്താലും റിയാലിറ്റി എന്നത് രണ്ട് മണിക്കൂറിൽ നമുക്ക് അനുഭവിക്കാൻ കഴിഞ്ഞതിനാലും ഒരു മികച്ച സിനിമാ അനുഭവമാണ് സമ്മാനിക്കുന്നത്.  പ്രതികാരം, കുടിപ്പക എന്നിവയൊക്കെ ആധാരമാക്കി എത്രയോ സിനിമകൾ വരുന്നു. അതിൽ നിന്നെല്ലാം ഈ ചിത്രത്തെ വേറിട്ടു നിർത്തുന്നത് ഇതിന്റെ തിരക്കഥയാണ്.  

കിടാതിറുക്കെൻ എന്ന നായക കഥാപാത്രത്തെ കിഷോർ അവതരിപ്പിക്കുന്നു.  അയാളുടെ യൗവ്വനം മുതൽ വാർദ്ധക്യം വരെയുള്ള കാലയളവാണ് സിനിമ പറയുന്നത്. ഒരു കളവു മൂലം എത്രയൊക്കെ അനിഷ്ടസംഭവങ്ങളും കൊലപാതങ്ങളും നടക്കുന്നു എന്ന് പറയുന്ന കഥയിൽ കഥാപാത്രങ്ങൾ എല്ലാം മനസ്സിൽ നിറഞ്ഞു  നില്ക്കുന്നു. 

സ്വന്തം അച്ഛനെ കൊന്നയാളുടെ കൂടെ അമ്മ ഇറങ്ങിപ്പോയി എന്ന അപമാനത്താൽ ചെറുപ്പത്തിലേ തന്നെ അയാളെ കൊലപ്പെടുത്താൻ പ്രതിജ്ഞ എടുക്കുന്ന കിഡ്ണൻ എന്ന കഥാപാത്രം, അച്ഛനെ കൊന്നവരോടുള്ള പ്രതികാരവുമായി നരസയ്യ, തലക്കയ്യൻ എന്നിവരും,  തന്റെ മകനെ കൊന്നവരോടുള്ള പ്രതികാരവുമായി ഒരു അച്ഛനും അമ്മയും എന്നിങ്ങനെ കുടിപ്പക മനസ്സിൽ സൂക്ഷിക്കുന്ന ധാരാളം കഥാപാത്രങ്ങളെ സിനിമയിൽ കാണാം.  

ഇവരെയെല്ലാം തമ്മിൽ ബന്ധിപ്പിക്കുന്ന വിധവും ഇതിനെല്ലാം മൂലകാരണമാകുന്ന നുണയും ചതിയും ആ ഗ്രാമത്തിന്റെ നിറം ചുവപ്പാക്കുന്നു. തെറ്റിദ്ധാരണയുടെ പുറത്ത് ആളെ കൊല്ലാനുള്ള പോക്കും,  ആ തെറ്റു മനസ്സിലാക്കും മുൻപ് തന്നെ മരണം അയാളെ പിടികൂടുന്നതും തുടങ്ങി സ്ഥിരം സിനിമകളിൽ കാണാൻ കഴിയാത്ത രംഗങ്ങളും സിനിമ സമ്മാനിക്കുന്നു.  

ഫ്ലാഷ്ബാക്കുകൾ പല പല സമയത്തായി പറയുന്നതിനാൽ സിനിമ പൂർണ്ണമായി മനസ്സിലാകാതെ കുറച്ചു നീങ്ങേണ്ടി വന്നാലും ഇടവേള കഴിഞ്ഞുള്ള രംഗങ്ങൾ എല്ലാ സംശയങ്ങളും അകറ്റുന്നു. ആദ്യപകുതിയുടെ വേഗത രണ്ടാം പകുതിക്ക് ഇല്ല എങ്കിലും ഇമോഷണലി രണ്ടാം പകുതി വളരെ സ്ട്രോങ്ങ്‌ ആണ്.  

മൊത്തത്തിൽ തമിഴിൽ ഇക്കൊല്ലം ഇറങ്ങിയ മികച്ച സിനിമകളുടെ പട്ടികയിൽ ഇടം പിടിക്കുന്ന ഒരു ചിത്രം. നന്നായി തമിഴ് മനസ്സിലാകുന്ന ഒരാളാണ് നിങ്ങളെങ്കിൽ പാട്ടുകളുടെ അർത്ഥമടക്കം സിനിമ  കൂടുതൽ ആസ്വാദ്യകരമാകും. 

Click To Get Movie