ഇദയം എന്ന സിനിമ തമിഴിൽ വളരെ പോപ്പുലർ ആയ സിനിമയാണ്. അതിലെ ഗാനങ്ങളും മികച്ച ഡയലോഗുകൾക്കും പുറമേ അതിലെ നായക കഥാപാത്രത്തിന്റെ സ്വഭാവവും വളരെ ഹിറ്റാണ്. നായകനായി മുരളി അഭിനയിച്ച ചിത്രമാണ്. പ്രണയം തുറന്ന് പറയാനുള്ള ഭയമാണ് നായകന്റെ പ്രശ്നം. സിനിമ പുറത്തിറങ്ങിയ ശേഷം ഈ പ്രശ്നമുള്ള ആളുകളെ ഇദയം മുരളി എന്ന് വിളിക്കാറുണ്ട്.  

ചിത്രം – മേയാത മാൻ (2017) 

വിഭാഗം – റൊമാൻസ്, കോമഡി 

ഒരു കഥാപാത്രത്തിന്റെ സ്വഭാവം, അയാൾ ചിന്തിക്കുന്ന രീതി, അവന്റെ നന്മയും തിന്മയും സംഭാഷണങ്ങളിലൂടെ മാത്രം പ്രേക്ഷകനിലേക്ക് എത്തിക്കുക എന്നത് കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമായി ഞാൻ കരുതുന്നു. മേയാത മാൻ തുടങ്ങുന്നത് തന്നെ നീളമുള്ള ഒരു സീനിൽ നിന്നാണ്. 4 കഥാപാത്രങ്ങളെ അവരുടെ സംഭാഷണങ്ങളിലൂടെ നമുക്ക് പരിചയപ്പെടുത്തുകയാണ്. ഏകദേശം 20-25 മിനിറ്റ് നീളുന്ന ആ സീൻ കഴിയുമ്പോൾ തന്നെ എല്ലാ പ്രധാന കഥാപാത്രങ്ങളെ പറ്റിയും ഏകദേശം ധാരണ കിട്ടും. 

ഇദയം മുരളി എന്ന് വിളിക്കപ്പെടുന്ന നായകന്റെ വൺ സൈഡ് ലവ് ആണ് സിനിമയുടെ ഇതിവൃത്തം. ആ കഥ പറഞ്ഞു പോകുന്നതിന്റെ കൂട്ടത്തിൽ മറ്റൊരു ലവ് ട്രാക്ക് കൂടി പറയുന്നുണ്ട്.ഒരു ഫീൽ ഗുഡ് മ്യൂസിക്കൽ റൊമാന്റിക് കോമഡി എന്ന് പറയാം. 

ഈ സിനിമയിലെ നായകൻ വൈഭവ് റെഡ്ഢി എന്ന് പറയുന്നതിനേക്കാൾ സന്തോഷ് നാരായൺ എന്ന് പറയാം. തങ്കച്ചി സോങ് എന്ന ഹിറ്റ്‌ സോങ് മാത്രമല്ല, കഥയോട് ചേർന്ന് നിൽക്കുന്ന സാഹചര്യത്തോട് ചേർന്ന മികച്ച ഗാനങ്ങൾ സന്തോഷ് ചിട്ടപ്പെടുത്തിയിട്ടുണ്ട്. ആ ഗാനങ്ങൾ മാത്രം മതി തൃപ്തിയടയാൻ.  

നേരത്തെ പറഞ്ഞ പോലെ സംഭാഷണങ്ങൾ മികച്ചു നില്ക്കുന്നു. നായകൻ നായിക റൊമാന്റിക് ട്രാക്കിനെക്കാൾ കൂടുതൽ ഇഷ്ടപ്പെട്ടത് വിവേക് പ്രസന്ന – ഇന്ദുജ എന്നിവരുടെ കഥയാണ്‌. ഗംഭീര പ്രകടനമായിരുന്നു രണ്ടുപേരും. നായിക പ്രിയാ ഭവാനി ശങ്കറെക്കാൾ ശ്രദ്ധിക്കപ്പെടുന്നതും ഇന്ദുജ തന്നെയാണ്.  

വടക്കേ ചെന്നൈ രായപ്പേട്ടൈ സ്ലാങ് വൈഭവ് പറയുന്നത് കുറച്ചൊക്കെ കൈവിട്ടു പോയാലും പരമാവധി നന്നാക്കിയിട്ടുണ്ട്. പ്രകടനത്തിന്റെ കാര്യത്തിൽ വൈഭവിന്റെ ഇതുവരെ ഇറങ്ങിയതിൽ വെച്ചു ഏറ്റവും നല്ലത് എന്ന അഭിപ്രായമാണ്.  

രണ്ടര മണിക്കൂർ നീളമുള്ള സിനിമയിൽ ഒരു മിനിറ്റ് പോലും ബോറടിപ്പിക്കാതെ റൊമാൻസിനും കോമഡിക്കും മാനുഷിക വികാരങ്ങൾക്കും വികാരങ്ങൾക്കും ഒരേ പോലെ പ്രാധാന്യം നൽകിയ ഈ സിനിമയിൽ മികച്ച ഒരുപിടി ഗാനങ്ങൾ കൂടി ചേരുന്നതോടെ നല്ലൊരു സിനിമാ അനുഭവമായി മാറുന്നു. 

Click To Get Film