അർജുൻ റെഡ്ഢി ഇന്നാണ് കാണാൻ സാധിച്ചത്. സോഷ്യൽ മീഡിയയിൽ ഒരുപാട് കണ്ട പോസ്റ്റുകൾ.. അവ പറഞ്ഞിരുന്ന പോസിറ്റീവ് വ്യൂ, വിജയ്‌ ദേവരകൊണ്ട എന്ന നടന്റെ അഭിനയം ഇവയൊക്കെ ഒരു പരിധി കഴിഞ്ഞപ്പോൾ സത്യമായും വെറുപ്പിക്കൽ ആയി തോന്നി. അതിനു മാത്രം എന്താണ് ഈ സിനിമയിൽ എന്ന് അറിയാൻ ഡൗൺലോഡ് ചെയ്തു പ്ലേ ചെയ്തു ദൈർഘ്യം നോക്കിയപ്പോൾ 3 മണിക്കൂർ. സാധാരണ വലിയ നീളമുള്ള സിനിമകൾ ഇഷ്ടപ്പെടുന്ന ആളല്ല ഞാൻ. മടുക്കുമ്പോൾ നിറുത്താം എന്ന് കരുതി കണ്ടു തുടങ്ങിയ സിനിമ ഒറ്റയിരുപ്പിൽ കണ്ടു തീർത്തു. സിനിമ കഴിഞ്ഞപ്പോൾ പൂർണ്ണ സംതൃപ്തി! 

ചിത്രം – അർജുൻ റെഡ്ഢി (2017) 

വിഭാഗം – റൊമാൻസ് / ഡ്രാമ 

തിരക്കഥയിൽ Exposition എന്നൊരു കാര്യമുണ്ട്.ഒരു കഥാപാത്രം എങ്ങനെ പെരുമാറും എന്നുള്ളതൊക്കെ പ്രേക്ഷകനുമായി കോൺവെ ചെയ്യുന്ന കാര്യം..അയാളുടെ സ്വഭാവം ഇങ്ങനെ..ഇങ്ങനെയൊരു സാഹചര്യം വന്നാൽ ഇങ്ങനെയേ പെരുമാറൂ എന്ന് പ്രേക്ഷകന് മനസ്സിലായാലും ആ രംഗങ്ങൾ കൈകാര്യം ചെയ്യുന്ന വിധം ആസ്വദിക്കുന്ന വിധത്തിൽ ആണെങ്കിൽ ആ കഥാപാത്രം മനസ്സിൽ എന്നും തങ്ങി നിൽക്കും. 

അർജുൻ റെഡ്ഢി എന്ന കഥാപാത്രത്തിന്റെ Exposition, അതു കോൺവെ ചെയ്ത വിധം, വിജയ് യുടെ അഭിനയം, അതിന്റെ ലൈവ് ഫീൽ..എന്നിവയൊക്കെ അതിഗംഭീരം തന്നെയാണ്. അർജുൻ റെഡ്ഢിയുടെ ലോകത്തിൽ വരുന്ന കഥാപാത്രങ്ങൾ എന്നിങ്ങനെയേ മറ്റുള്ള സപ്പോർട്ടിങ് ക്യാരക്ടേഴ്സിനെ പറ്റി തോന്നുന്നത്. കാരണം അർജുൻ എന്ന കഥാപാത്രം ഇടവേളയ്ക്ക് മുൻപ് തന്നെ മനസ്സിൽ പതിയുന്നു. 

നരേഷൻ ചെയ്ത വിധം അഭിനന്ദനം അർഹിക്കുന്ന മറ്റൊരു വിഭാഗം. ഒരു സംഭവം നടന്നതിന് ശേഷമുള്ള കാര്യം ആദ്യം കാണിച്ചു അതിന്റെ കാരണം നടക്കുന്നതിനു മുമ്പുള്ള സീൻ കാണിക്കുന്ന വിധം, ആ സ്റ്റൈൽ എഡിറ്റിംഗ് കുറച്ചു പുതുമയായി തോന്നി. പശ്ചാത്തല സംഗീതവും ഗാനങ്ങളും ടോപ്‌ നോച് എന്ന് തന്നെ പറയാം.പടം കാണുന്നതിന്റെ ഇടയിൽ തന്നെ മധുരമേ എന്ന ഗാനം എന്റെ റിങ് ടോൺ ആക്കി. 

ചില ഷോട്ടുകൾ സിംഗിൾ ടേക്ക് ആയിരുന്നു.അതിൽ ഏറ്റവും പ്രധാനപ്പെട്ടത് അർജുനും പ്രീതിയും ഇടവേളയ്ക്ക് മുന്പായി സംസാരിച്ചു നടന്നു വരുന്ന രംഗം. ആ സമയത്തെ അഭിനേതാക്കളുടെ പ്രകടനം, സംഭാഷണങ്ങൾ എന്നിവയൊക്കെ പടത്തിന്റെ തന്നെ ഹൈലൈറ്റ് ആയി തോന്നി. 

കാട്രു വെളിയിടയ്, Dev D എന്നിവയെ ഓർമിപ്പിക്കുന്ന ഇന്റർവെൽ,ക്ലൈമാക്സ്‌ എന്നൊക്കെ ഇടയ്ക്ക് ഓർമിപ്പിച്ചു. പക്ഷെ കഥയുടെ ഫ്ലോയിൽ അതൊരു കുറവായി തോന്നിയില്ല. നായികയായ ശാലിനി പാണ്ഡെ നല്ല പ്രകടനം ആയിരുന്നു കാഴ്ച വെച്ചത്.പ്രീതി എന്തുകൊണ്ട് അർജുനെ ഇഷ്ടപ്പെട്ടു എന്ന് പടത്തിന്റെ തുടക്കത്തിൽ ആർക്കും തോന്നാം.അവർ കണ്ടുമുട്ടുന്ന അന്ന് തന്നെ അർജുൻ അവളുടെ കവിളിൽ ചുംബിക്കുന്നുണ്ട്.ഒരുതരം നിസ്സാഹായവസ്ഥ മുഖത്ത് ഉണ്ടെങ്കിലും അതൊരു പ്രണയമായി മാറാനുള്ള കാരണവും ആ സീനും സംഘർഷവും അഭിനേതാക്കളുടെ പ്രകടനവും അതെല്ലാം സിംഗിൾ ഷോട്ടിൽ പകർത്തിയ വിധവും  എല്ലാം കൂടി സിനിമയിൽ എന്നും ഓർമിക്കാനുള്ള രംഗങ്ങൾ ഒരുപാടുണ്ട്. 

സിനിമാറ്റിക് ലിബർട്ടി പ്രേക്ഷകർ തന്നെ സിനിമാ പ്രവർത്തകർക്ക് നൽകിയ ഒന്നാണ്.കാലാകാലങ്ങളായി നമ്മൾ നല്കുന്ന ആ സ്വതന്ത്രം എത്ര റിയാലിറ്റി നിറഞ്ഞ സിനിമ എന്ന് പറഞ്ഞാലും അതിൽ ചേർക്കപ്പെടാം. ക്ലൈമാക്സ്‌ അത്തരത്തിൽ ഒന്നായി മാറിയതിൽ വലിയ അത്ഭുതം തോന്നിയില്ല. എന്നാൽ നായിക പതിവ്രതയാണ് എന്നു സംഭാഷണങ്ങളിൽ എടുത്തു പറയുന്നത് മുഴച്ചു നിന്നു എന്നത് വ്യക്തം. 

സിനിമകൾ ക്ലാസിക് ആകുന്നതിനു പല കാരണങ്ങൾ ഉണ്ട്. എന്നാൽ ടെക്ക്നിക്കൽ ആയും പ്രകടനപരമായും നല്ല ഗാനങ്ങളാലും സിനിമ തീരുമ്പോൾ നമുക്ക് ലഭിക്കുന്ന സംതൃപ്തിയ്ക്കും പുറമേ ഇത്രയും നേരം ഞാൻ കണ്ടത് സിനിമയെ പറ്റി പഠിക്കാനുള്ള വകുപ്പുള്ള ഒന്നാണല്ലോ എന്നോർക്കുന്നിടത്താണ് ക്ലാസ്സിക് എന്ന വാക്കിനു ഞാൻ വില കൊടുക്കുന്നത്. അങ്ങനെ നോക്കുമ്പോൾ ഇത് എനിക്കൊരു ക്ലാസ്സിക് ആണെന്ന് തന്നെ പറയാം. 

Click To Get Film