പുതുമുഖങ്ങളെ വെച്ചു ചെറിയ ബജറ്റിൽ സിനിമയെടുക്കുന്നവർക്കു ആ സിനിമയെ മാർക്കറ്റിംഗ് ചെയ്യുന്നതിൽ പരിമിതികൾ ഉണ്ടാകാം. സോഷ്യൽ മീഡിയയിൽ നിന്നുള്ള അഭിപ്രായങ്ങൾ ആ സിനിമയെ രക്ഷപ്പെടുത്തി അതൊരു വിജയമാക്കിയതൊക്കെ നമ്മൾ കണ്ടിട്ടുമുണ്ട്. ഭൂരിഭാഗം ആളുകളെ തൃപ്തിപ്പെടുത്താൻ നിങ്ങളുടെ സിനിമയ്ക്ക് കഴിയും എങ്കിൽ പബ്ലിസിറ്റി സോഷ്യൽ മീഡിയയിൽ കൂടി നൽകിയാലും മതി. എന്നാൽ സോഷ്യൽ മീഡിയയിലെ ഗീർവാണങ്ങൾ കേട്ടു ആ സിനിമ പ്രതീക്ഷിച്ച പോലെ അല്ലെങ്കിലോ? 

ചിത്രം – Y (2017) 

വിഭാഗം – ഡ്രാമ  

Whats Good?? 

ഈ സിനിമയുടെ ട്രെയ്‌ലറും രണ്ട് മണിക്കൂറിൽ താഴെയുള്ള ദൈർഘ്യവും. ചില പുതുമുഖങ്ങളുടെ പ്രകടനം, ക്ലീഷേ രംഗങ്ങൾ ഇല്ലാതെ ഇരുന്നത് 

Whats Bad?? 

തുടക്കം മുതൽ ഒടുക്കം വരെയുള്ള ലാഗിംഗ്, യാതൊരു വിധ എൻഗേജിങ്ങും നൽകാതെയുള്ള കഥ പറച്ചിൽ, മനസ്സിൽ കണ്ട ഐഡിയ തിരശീലയിൽ എത്തിക്കാൻ കഴിയാതെ ഇരുന്ന വിധം, ഒരു കഥാപാത്രം പോലും മനസ്സിൽ പതിയാതെ ഇരുന്നത്, കുറഞ്ഞ ദൈർഘ്യം ഉണ്ടായിട്ടു പോലും മടുപ്പുളവാക്കുന്ന ആഖ്യാനം. അനാവശ്യ രംഗങ്ങൾ 

Watch Or Not?? 

മലയാള സിനിമയുടെ മാറ്റത്തിനൊപ്പം എന്ന ടാഗിൽ ഒരു സിനിമ വരുമ്പോൾ അതിൽ കണ്ട മാറ്റങ്ങൾ എന്തൊക്കെയാണ്? കണ്ടു പഴകിയ ക്ലീഷേ രംഗങ്ങൾ ഒന്നും തന്നെയില്ല എന്ന് എടുത്തു പറയാം. പിന്നേ നന്നായി അഭിനയിച്ച ചില പുതുമുഖങ്ങൾ ഉണ്ട്. മോശമായും ശരാശരിയായും മറ്റുള്ളവർ അഭിനയിക്കുന്നു. ഒരു രാത്രിയിൽ നടക്കുന്ന കഥ ദൈർഘ്യം കുറച്ചു പറയാൻ കാണിച്ച മനസ്സും കൊള്ളാം. ഇവിടെ തീരുന്നു ആ മാറ്റങ്ങൾ.. 

ഒരു രാത്രിയിൽ ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ടു ഒരു കെട്ടിട സമുച്ചയത്തിലേക്ക് ചിലർ കൊണ്ടു പോകുന്നു, ആ ഫ്‌ളാറ്റിൽ സാമ്പത്തിക തിരിമറി നടക്കുന്നു, അതിൽ അകപ്പെട്ട ഒരു ഗുണ്ടയെ തിരഞ്ഞു വേറെ കൊട്ടേഷൻ ടീം എത്തുന്നു, പോലീസ് അന്വേഷണം നടത്താൻ എത്തുന്നു, പെൺകുട്ടിയുടെ കൂടെ ഉണ്ടായവനെ എല്ലാവരും സംശയത്തോടെ കാണുന്നു, ഓട്ടോക്കാരും തട്ടുകട നടത്തുന്ന തമിഴ് സ്ത്രീയും അങ്ങനെ കുറേ ആളുകളുടെ ആശങ്ക വേറെ… 

കഥ പറയുമ്പോൾ ഉണ്ടാകുന്ന രസമൊന്നും സിനിമയുടെ വിഷ്വൽ ലാംഗ്വേജിൽ ഇല്ല എന്നതാണ് ഏറ്റവും വലിയ ന്യൂനത. ഇതൊരു ത്രില്ലർ എന്ന് പറഞ്ഞാൽ ഒരിക്കലും സമ്മതിച്ചു തരാൻ പോലും കഴിയില്ല.കാരണം തുടക്കം മുതൽ ഒടുക്കം വരെ ഒരു ത്രിൽ സീൻ പോലും ഇതിൽ മഷിയിട്ടു നോക്കിയിട്ട് കണ്ടില്ല. എന്തെങ്കിലും ഒരു ട്വിസ്റ്റ്‌, സസ്പെൻസ് ഉണ്ടാകുമെന്ന് ആർക്കും മനസ്സിലാകും. പക്ഷെ ആ സസ്പെൻസ് അറിയുമ്പോൾ മുഖത്ത് വെറും നിർവികാരത മാത്രം. 

എന്ത് കൊണ്ട് മുഴുവൻ സിനിമയും ബോറായി അനുഭവപ്പെട്ടു എന്ന് ചോദിച്ചാൽ കഥാപാത്രങ്ങൾ ആരും തന്നെ എന്നിലെ പ്രേക്ഷകനോട് സിങ്ക് ആയില്ല. അവരുടെ പ്രശ്നങ്ങൾ നമ്മുടെ കൂടെ പ്രശ്നമായി തോന്നിയിടത്താണ് സേതുമാധവനും ബാലൻ മാഷുമൊക്കെ നമുക്ക് പ്രിയപ്പെട്ടവർ ആയതു. ഇതിൽ വരുന്ന കഥാപാത്രങ്ങളിൽ ഒരാൾ പോലും എന്റെ മനസ്സിലിടം പിടിക്കാൻ ആയില്ല എന്നത് ഖേദത്തോടെ അറിയിക്കുന്നു. 

ആഖ്യാനത്തെ പറ്റി പറയുക ആണെങ്കിൽ എൻഗേജിങ് ആയി കഥ പറഞ്ഞില്ലെങ്കിലും ബോറടിപ്പിക്കാതെയുള്ള ഒരു കഥ പറച്ചിൽ ആരും പ്രതീക്ഷിക്കും. അതിവിടെ ഉണ്ടായില്ല. വേഗതയുള്ള സീനുകൾ മുഴുവൻ ട്രെയിലറിൽ കാണിച്ചിരിക്കുന്നു. തീയേറ്ററിൽ നമ്മെ കാത്തിരിക്കുന്നത് റിയാലിറ്റി എന്ന പേരിൽ കുറേ കഥാപാത്രങ്ങളുടെ സംസാരം.. 

ബൈക്ക് കൊണ്ടുള്ള സ്റ്റണ്ട് ചിത്രീകരിച്ച വിധം കണ്ടിട്ട് തികച്ചും അമേച്ചർ ആയി തോന്നി. ഒരു പാട്ട് കഴിഞ്ഞയുടൻ ഇന്റർവെൽ എന്ന് എഴുതി കാണിച്ചപ്പോൾ അത്ഭുതപ്പെട്ടു. സാധാരണ എല്ലാവരും നല്ലൊരു ഹൈ പോയിന്റിൽ ഇന്റർവെൽ നൽകുമ്പോൾ ഇവിടെ ഒരു പാട്ട് നൽകി അതുവരെയുള്ള കഥ സ്ലോ ആക്കി പാട്ട് കഴിഞ്ഞയുടൻ ഇന്റർവെൽ നൽകുകയാണ്.രണ്ടാം പകുതി കാണാനായുള്ള താല്പര്യം പോലും ഇല്ലാതെയാക്കുന്ന രീതിയായി തോന്നി. 

Last Word 

മനസ്സിൽ നിൽക്കാത്ത കഥാപാത്രങ്ങൾ എന്ത് കാണിച്ചു കൂട്ടിയാലും അതു നമ്മെ ബാധിക്കുന്നില്ല. ഈ സിനിമയും അതുപോലെയാണ്. ഒരു പാവക്കൂത്ത് കാണുന്ന പോലെയാണ് ഈ ചിത്രം കണ്ടു തീർത്തത്. ചലനം മാത്രം..അതിൽ ജീവൻ ഉണ്ടായിരുന്നില്ല. ഫലം പൂർണ്ണ നിരാശ…