തീരൻ സിനിമയേക്കാൾ ബാവരിയ ക്രിമിനൽ ട്രൈബിനെ കുറിച്ച് കൂടുതൽ പറയുന്നതിനാൽ താല്പര്യം ഉള്ളവർ മാത്രം വായിക്കുക. 

ബാവരിയ എന്ന വാക്കിനർത്ഥം സഞ്ചരിച്ചു കൊണ്ടിരിക്കുന്നവർ എന്നർത്ഥം. ഇവർ നോർത്ത് ഇന്ത്യയിലാണ് കൂടുതലും അക്രമങ്ങൾ ചെയ്ത് കൂട്ടുന്നത്. കൊലപാതകം,ബലാത്സംഗം,മൃഗക്കടത്ത്, കവർച്ച തുടങ്ങി ഇവർ ചെയ്യുന്ന അക്രമങ്ങൾക്ക് പരിധി തന്നെയില്ല എന്ന് വേണം പറയാൻ. ഛഡ്ഡ്‌ഢി ബനിയൻ ഗാങ്, ഹബൂഡാ ഗാങ് എന്നും ഇവർ അറിയപ്പെടുന്നു. 5-10 പേരടങ്ങുന്ന കൂട്ടമായി ഇവർ റോഡരികുകളിൽ തമ്പടിച്ചു കുറ്റകൃത്യ സമയത്ത് മുഖം മറച്ചു ശരീരത്തിൽ എണ്ണയോ മണ്ണോ പുരട്ടി വേട്ടയ്ക്കിറങ്ങുന്നു.  

മഴയുള്ള സമയം നല്ല സമയമായി അവർ  കണക്കാക്കുന്നു. കൂടുതൽ കൃത്യങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത് മഴക്കാലങ്ങളിലാണ്.  ഇരുമ്പ് ദണ്ഡ്, കോടാലി, നാടൻ തോക്ക് എന്നിവയൊക്കെ ഉപയോഗിച്ചു കൊണ്ടുള്ള പല ആക്രമങ്ങളും പലപ്പോഴും മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്ന വിധത്തിൽ ആയിരുന്നു. കൃത്യം ചെയ്തു കഴിഞ്ഞയുടൻ അവിടം മലവിസർജനം ചെയ്യുന്നത് ഒരു ആചാരമായി ഇവർ ചെയ്യുന്നു. ബാവരിയ സ്ത്രീകളാണ് കൃത്യം നടത്താനുള്ള വീടുകൾ കണ്ടെത്തുന്നത്. കച്ചവടക്കാരായോ ഭിക്ഷക്കാരായോ ഇവർ പകൽ സമയം വീടുകൾ നോട്ടമിടും. 2013 ൽ പിടിയിലായ 5 ബാവരിയ അംഗങ്ങൾ 23 കൊലപതാകങ്ങളും നൂറോളം കവർച്ചയും ഡൽഹി ഏരിയയിൽ ചെയ്തതായി സമ്മതിച്ചിട്ടുണ്ട്. കൃത്യം കഴിഞ്ഞയുടൻ വേറെ സ്ഥലങ്ങളിലേക്ക് മാറി പാർക്കുന്നതിനാൽ ഇവരെ കണ്ടെത്തുക പ്രയാസമാണ്. 

ആക്രമിക്കുമ്പോൾ ആളുകളുടെ തല ലക്ഷ്യമാക്കിയാണ് അവർ അടിക്കുക. മരണമോ കോമയോ അംഗവൈകല്യമോ ഉറപ്പായും സംഭവിക്കുന്ന രീതിയാണ് പിന്തുടരുന്നത്. ആയുധങ്ങളും മൊബൈൽ ഫോണുകളും സംഭവസ്ഥലത്തു തന്നെ ഉപേക്ഷിക്കും. പിടിക്കപ്പെട്ട ആളുകൾ ആരും തന്നെ ഇതുവരെ മടുള്ളവരുടെ വിവരങ്ങൾ നല്കിയിട്ടില്ല. എത്ര വേദനിപ്പിച്ചാലും അതൊക്കെ തരണം ചെയ്യാനുള്ള കഴിവുണ്ടെന്ന് പറയപ്പെടുന്നു.  

ഇവർ പല സ്ഥലങ്ങളിൽ പല പേരുകളിലാണ് അറിയപ്പെടുന്നത്. ഭാട്ടു,ഘുമണ്ടു, ക്രിമിനൽ ട്രാപ്, മെവൈട്ടി, സാസി, കാങ്‌ഡ ഇവയൊക്കെ ബാവരിയ ഗാങ്ങിന്റെ അപരനാമങ്ങളാണ്. 2015 ലേ ജാഗ്രൻ റിപ്പോർട്ട് അനുസരിച്ച് “ക്രിമിനൽ ട്രൈബ്” കളിലെ ഏറ്റവും നീചന്മാരായ ആളുകളാണ് ബാവരിയൻസ്. സ്വന്തന്ത്രത്തിന് മുൻപ് മുതലേ ഇവർ പ്രവർത്തിക്കാൻ തുടങ്ങിയവർ ആണ്. കുറ്റകൃത്യങ്ങൾ ഒഴിവാക്കാൻ സ്വാതന്ത്ര്യം ലഭിച്ച ശേഷം തുടക്കകാലത്ത് പോലീസുകാർ ഇവരുടെ  ഗ്രാമങ്ങളിൽ ചെന്നു തലയെണ്ണൽ നടത്തുമായിരുന്നു. പിന്നീടത് ഇല്ലാതെയായി. നോർത്ത് ഇന്ത്യയിൽ  ഇതുവരെ റെക്കോർഡ് ചെയ്യപ്പെട്ട കുറ്റകൃത്യങ്ങൾ ഇവയൊക്കെയാണ്:- 

1. 2015 ഏപ്രിലിൽ മഥുരയിലെ ഒരു ബസ്സിൽ നിന്നും 5 പേരെ നാടൻ തോക്കുകൾ, മൊബൈൽ ഫോണുകൾ, സ്വർണ്ണം, ഒന്നര ലക്ഷം രൂപ എന്നിവയോടെ പിടി കൂടി.  

2. 2015 ജൂലൈ മാസം ഒരു സ്‌കോർപിയോ തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെ 3 പേർ പിടിയിലായി.  

3. 2015 സെപ്റ്റംബറിൽ കാൺപൂരിലെ മഹാരാജ്പൂർ ഏരിയയിൽ രണ്ട് പേരെ ആക്രമിച്ച സംഭവവും, കവർച്ചയ്ക്കിടെ ദമ്പതികളെ ആക്രമിച്ച സംഭവവും അരങ്ങേറി. സംശയിക്കപ്പെട്ട ഒരു ബാവരിയനെ നാട്ടുകാർ തല്ലിക്കൊന്നു. 

4. 2015 നവംബറിൽ ബാംഗ്ലൂരിലെ മാല മോഷണകേസുമായി ബന്ധപ്പെട്ട ഒരാൾ ഗുർഗാവോണിൽ അറസ്റ്റിലായി. 

5. 2014 ഡിസംബറിൽ ബരേലിയിലെ ഒരു സ്വർണ്ണക്കട കവർച്ച റിപ്പോർട്ട് ചെയ്യപ്പെട്ടു. കടയിൽ മലവിസർജനം കണ്ടതിനാൽ ഇത് ബാവരിയൻസ് ആണെന്ന് പോലീസ് സ്ഥിരപ്പെടുത്തി.  

6. 2015 ൽ ജയ്‌പൂരിലെ സ്വകാര്യ ആശുപത്രിയിലേ നേഴ്സിനെ 6 പേർ ചേർന്ന് കൂട്ടമാനഭംഗപ്പെടുത്തി. 

7. 2013 ൽ പിടിയിലായ 5 ബാവരിയൻസ് പറഞ്ഞത് ലിഫ്റ്റ് ചോദിക്കുന്നവരെ ലക്ഷ്യം വെച്ചു അവർക്ക് ലിഫ്റ്റ് നൽകി ആളൊഴിഞ്ഞ സ്ഥലത്തു എത്തിയ ശേഷം അപഹരിച്ച ശേഷം കൊലപ്പെടുത്തി എന്നായിരുന്നു. 

8. 2012 ൽ ഫർമാൻ എന്ന് പേരുള്ള ഒരു ബാവരിയനെ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് പിടികൂടി. ഒരു പോലീസ് കോൺസ്റ്റബിളിനെ അടക്കം ആക്രമിച്ച കേസിൽ പ്രതിയായ ഇയാളെ പിടികൂടിയാൽ 50000 രൂപ റിവാർഡ് ഉണ്ടായിരുന്നു.  

9. 2010 ൽ രാജസ്ഥാനിലെ ദോൽപുരിൽ 75 വയസ്സുള്ള ജയദേവ് എന്ന് പേരുള്ള ഒരു ബാവരിയനിനെ പോലീസ് ടോർച്ചർ ചെയ്ത് കൊന്നു കെട്ടിത്തൂക്കി എന്നാരോപിച്ച അയാളുടെ ഭാര്യ മാധ്യമശ്രദ്ധ നേടുകയുണ്ടായി.പക്ഷെ വൈകാതെ പോലീസുകാരുടെ ഭീഷണിയിൽ അവർ പ്രതിഷേധം നിർത്തുകയുണ്ടായി. 

10. 2009 ലേ ടൈംസ് ഓഫ്‌ ഇന്ത്യ റിപ്പോർട്ട് അനുസരിച്ച് കാൺപൂരിലെ പ്രാന്തപ്രദേശങ്ങളിൽ വസിക്കുന്നവർ ബാവരിയൻസിനെ പേടിച്ചു കൂട്ടമായി പലായനം ചെയ്യുകയുണ്ടായി. പോലീസിന് ഒരൊറ്റ കേസ് പോലും കണ്ടെത്താൻ ആയിട്ടില്ല. 

മുകളിൽ പറഞ്ഞതൊക്കെ ബാവരിയൻസ് എന്ന വിഭാഗം ചെയ്തു കൂട്ടിയ കുറ്റകൃത്യങ്ങളാണ്. ഈ വിഭാഗത്തിലുള്ള എല്ലാവരും ഇത്തരക്കാരാണ് എന്ന് ഒരിക്കലും പറയാൻ സാധിക്കില്ല. ബാവരിയ വിഭാഗത്തിൽ പെട്ടു എന്ന കാരണത്താൽ അവഗണനയും, അദ്ധ്വാനിച്ചു തുച്ഛ ശമ്പളത്തിൽ  ജീവിക്കുന്നതിനാൽ ദാരിദ്രവും നേരിടേണ്ടി വരുന്നവർ രാജസ്ഥാനിൽ ഇപ്പോഴുമുണ്ട്. ഇത് വരെ ഭരിച്ചവരും ഇപ്പോൾ ഭരിക്കുന്നവരും അവരെ സംരക്ഷിക്കുന്നില്ല. അവരുടെ യാതനകൾ ലോകത്തെ അറിയിച്ച പിയൂഷ് ഗോസ്വാമിയുടെ Tale Of Untouchable Bawariyas Of Rajasthan എന്ന ലേഖനം വളരെയധികം ശ്രദ്ധ ആകർഷിച്ചതാണ്. നെറ്റിൽ തിരക്കിയാൽ ലഭിക്കുന്ന ആ ലേഖനം നിർബന്ധമായും വായിച്ചിരിക്കേണ്ട ഒന്നാണ്.  

തീരൻ സിനിമയും ബാവരിയ ട്രൈബും.  

ഗുമ്മിടിപൂണ്ടി MLA സുദർശൻ, കോൺഗ്രസ്‌ ലീഡർ തലമുത്തു നടരാജൻ, DMK ലീഡർ ഗജേന്ദ്രൻ എന്നീ രാഷ്ട്രീയക്കാർ ബാവരിയൻ ഗാങിനാൽ കൊല്ലപ്പെട്ടതിനാൽ സെൽവി ജയലളിത രൂപീകരിച്ച ഒന്നാണ് “ഓപ്പറേഷൻ ബാവരിയ”. നേതൃത്വം നല്കിയത് നോർത്ത് സോൺ IG ആയിരുന്ന S.R. ജംഗീത് ആയിരുന്നു.ആഴ്ചകളോളം നോർത്ത് ഇന്ത്യയിൽ കഴിഞ്ഞു ഓരോ ക്ലൂവും ശേഖരിച്ചു പ്രതികളായ സുര ബാവരിയ, വിജയ്‌ ബാവരിയ എന്നിവരെ കൊലപ്പെടുത്തുകയും  ഒമ ബാവാരിയ, അശോക് ബാവരിയ എന്നിവരെ നിയമത്തിനു മുന്നിൽ എത്തിച്ചു വധശിക്ഷ വാങ്ങി നല്കുകയും ചെയ്തു. രാഷ്ട്രപതിയുടെ  കയ്യിൽ നിന്നും ഗാലന്ററി അവാർഡ്‌ ജംഗീത് നേടുകയുണ്ടായി. 

ഈയൊരു സംഭവം സിനിമയാക്കുമ്പോൾ ഡീറ്റൈലിംഗ് അത്യാവശ്യമാണ്. ആദ്യ സീനിൽ കത്തി എങ്ങനെ എടുക്കും എന്ന് ചോദിക്കുമ്പോൾ കാലങ്ങളായി കാണിച്ച കർചീഫ് ക്ലീഷേ ഉടച്ചു തുടങ്ങിയ സിനിമ ചില റൊമാന്റിക് സീനുകളാൽ പിന്നോട്ട് വലിക്കപ്പടുന്നു എങ്കിലും ശക്തമായ തിരക്കഥയും എൻഗേജിങ് ആയ രംഗങ്ങളും മികവുറ്റ ആക്ഷൻ രംഗങ്ങളാലും തീരൻ എന്ന സിനിമ ഇക്കൊല്ലം ഇറങ്ങിയ മികച്ച സിനിമകളിൽ ഒന്ന് തന്നെയാണ്. 

രണ്ടാം പകുതിയിലെ ഐറ്റം ഡാൻസ്, രസം കൊല്ലിയായി വരുന്ന നായികയുടെ രംഗങ്ങൾ എന്നിവ മാത്രമേ നെഗറ്റീവ് ആയി തോന്നിയുള്ളൂ. അഭിമന്യു സിംഗ് രക്ത ചരിത്രക്കു ശേഷം തൃപ്തിപ്പെടുത്തിയ ഒരു സിനിമ ഇതാണ്. കാർത്തിയുടെ രൗദ്രവും കോപവും കണ്ണുകളിൽ നിന്നും ഫീൽ ചെയ്യാം. കൂടാതെ ഓരോ കഥാപാത്രവും പെർഫെക്ട് ആയി തിരശീലയിൽ എത്തിച്ച കാസ്റ്റിംഗും സിനിമയെ മികച്ച ഒന്നാകുന്നു. 

ഇക്കൊല്ലം ഇറങ്ങിയ മികച്ച ആക്ഷൻ/ ത്രില്ലർ സിനിമകളിൽ ഒന്ന്. തീയേറ്ററിൽ തന്നെ കാണുക. 

References – Piyoosh Goswami Blog, India Today, Youtube And Google.