ഒരു പ്രത്യേക പോയിന്റിൽ കൊണ്ടു പോയി കഥ നിർത്തി രണ്ടാം ഭാഗത്തിന് വേണ്ടി കാത്തിരിക്കേണ്ടി വരിക എന്നത് രാം ഗോപാൽ വർമയുടെ രക്തചരിത്രയിൽ വിജയകരമായി പരീക്ഷിക്കപ്പെട്ടതാണ്. ഈയൊരു കാര്യം ആദ്യമായി വർമയാണ് ചെയ്‌തത്‌ എന്ന് പറയുന്നില്ല. എന്നാൽ ഇതേ തുടർന്ന് കന്നടയിൽ ദണ്ഡുപാല്യ, തമിഴിൽ വിശ്വരൂപം, ഹിന്ദിയിൽ Gangs Of Wasseypur, തെലുങ്കിൽ ബാഹുബലി എന്നിവയൊക്കെ ഉണ്ടായി. അതിൽ ബാക്കിയൊക്കെ രണ്ടാം ഭാഗത്തിൽ അവസാനിച്ചു എങ്കിലും ദണ്ഡുപാല്യ  മൂന്നാമത്തെ ഭാഗത്തിലാണ് കഥ അവസാനിപ്പിക്കുന്നത്. അതുവരെ സസ്‌പെൻസും സംശയങ്ങളും തുടരും.  

ചിത്രം – ദണ്ഡുപല്യ (2012) 

വിഭാഗം – ആക്ഷൻ ഡ്രാമ 

കഴുതമാംസം ചുട്ടുതിന്നുന്ന ഒരു ഗാങിനെ കാണിച്ചു കൊണ്ടു തുടങ്ങുന്ന കഥയിൽ അവരുടെ നരനായാട്ട് വയലൻസിന്റെ അതിപ്രസരത്തിൽ കാണിക്കുന്നുണ്ട്.രണ്ടായിരത്തിനും മൂവായിരത്തിനും വേണ്ടി ആളെകൊല്ലുന്ന ഈ കൂട്ടർക്കും രക്തച്ചൊരിച്ചിൽ കാണുന്നത് തന്നെ ഹരമാണ്. കഴുത്തറുക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദം എന്നെ ലഹരിയിൽ ആഴ്ത്തുന്നു എന്ന് പറഞ്ഞു ആസ്വദിച്ചാണ് കൃഷണ എന്ന അവരുടെ നേതാവ് എല്ലാ കൊലയും ചെയ്യുന്നത്. 

പാരലൽ ആയി കാണിക്കുന്നത് ചേച്ചിയും അനിയനും അടങ്ങുന്ന ഒരു കുടുംബവും അനിയന്റെ വിവാഹ ആലോചനയും പിന്നീട് അനിയൻ വിവാഹിതൻ ആകുന്നതുമാണ്. ആരും ഊഹിക്കുന്നത് പോലെ ഇവിടെയും സംഭവിക്കുന്നു. കവർച്ചയ്ക്കായി ഇവരുടെ വീട് തിരഞ്ഞെടുക്കുന്ന ദണ്ഡുപല്യ ഗാങ് സ്ത്രീകളെ ബലാത്കാരം ചെയ്തു ക്രൂരമായി കൊലപ്പെടുത്തുന്നു. അവരുടെ കൂട്ടത്തിൽ കെമ്പി എന്ന് പേരുള്ള സ്ത്രീ ഉണ്ടെന്നത് മറ്റൊരു കാര്യം. കന്നഡയുടെ സ്വന്തം റെയിൻ ഗേൾ പൂജ ഗാന്ധി ആ കഥാപാത്രത്തെ ഗംഭീരമാക്കിയിട്ടുണ്ട്. 

തുടർന്നുള്ള പോലീസ് അന്വേഷണവും അവരുടെ ക്രൂരതകളും ഒക്കെയായി പോകുന്ന കഥ വലിയൊരു താരനിര ഉണ്ടെങ്കിലും ഇടയ്ക്കിടെ അമേച്വർ ആയ ഒരു സിനിമ കാണുന്ന പ്രതീതി ഉളവാക്കുന്നുണ്ട്. അഭിനേതാക്കളുടെ പ്രകടനവും പശ്ചാത്തല സംഗീതവും തൃപ്തിപ്പെടുത്തുന്നവ ആണെങ്കിലും എഡിറ്റിംഗ് എന്ന വിഭാഗം മോശമായി തോന്നാം. 

വയലൻസ് രംഗങ്ങൾ പലതും കാണുമ്പോൾ സിനിമ തുടങ്ങുമ്പോൾ എഴുതിക്കാണിക്കുന്നത് ഓർമ വരും.ഇതൊരു സാങ്കല്പിക കഥയല്ല, നടന്ന സംഭവം കൂടി ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നൊക്കെ പറയുമ്പോൾ ഒരു ചെറിയ ഞെട്ടൽ ഉണ്ടാവുക സ്വാഭാവികം. പുതപ്പു വിൽപ്പനയും തേൻകൂടും ഒക്കെയായി ഇതേ പോലുള്ള ആളുകൾ വീടിനു മുന്നിലൂടെ മുന്നിലൂടെ പോകുമ്പോൾ ഈ സിനിമ ഓർമ വരുന്നു എങ്കിൽ അതിവരുടെ വിജയമായി കാണാം.അല്ലേ? 

Click To Download Movie