ഒരു സിനിമയുടെ ആദ്യഭാഗത്തിൽ ക്രൂരന്മാരായി അവതരിച്ചവർ നല്ലവരായ ആളുകളായി മാറുകയും നല്ലവരായി കണ്ടവർ ക്രൂരന്മാരായി മാറുകയും ചെയ്യുമ്പോൾ ഒരുപാട് സംശയം ഉണ്ടാകുന്നത് സ്വാഭാവികമാണ്. ആരുടെ ഭാഗത്താണ് ന്യായം എന്നുള്ളത് പറയാതെ മൂന്നാം ഭാഗത്തിനായി കാത്തിരിക്കാൻ പറഞ്ഞാണ് ദണ്ഡുപല്യ 2 അവസാനിക്കുന്നത്. ആദ്യഭാഗത്തിനും മൂന്നാം ഭാഗത്തിനും ഇടക്ക് ഒരു പാലമായി മാറുന്നു ഈ ചിത്രം. ട്രിളജിയിൽ ഏറ്റവും പ്രാധാന്യം കുറയുന്ന ചിത്രം ഇതാകും എന്ന് തോന്നുന്നു. 

ചിത്രം  – ദണ്ഡുപല്യ 2 (2017) 

വിഭാഗം – ക്രൈം ഡ്രാമ 

D ഗാങ് വധശിക്ഷയ്ക്ക് വിധിക്കപെട്ടു  ജയിലഴിക്കുള്ളിലായി എല്ലാവരും സമാധാനമായി ജീവിക്കാം എന്ന് കരുതിയിരിക്കുമ്പോൾ ഒരു ലേഡി ജേർണലിസ്റ്റ് രംഗത്തെത്തുന്നു. പോലീസ് കൃത്രിമമായി ഉണ്ടാക്കിയ തെളിവുകളാണ് D ഗാങിനെ വധശിക്ഷക്ക് വിധിക്കപ്പെടാനുള്ള കാരണം എന്ന് അവർ മനസ്സിലാക്കുന്നു. നിരപരാധികളാണ് അവർ എന്നുള്ള നിഗമനത്തിൽ എത്തിച്ചേരുന്ന അവർ ഒരുപാട് പരിശ്രമങ്ങൾക്ക് ശേഷം ജയിലിൽ വെച്ചു ഗാങിനെ കാണുന്നു. അവിടെ വെച്ചു കൃഷ്ണ തങ്ങളുടെ ഭൂതകാലം പറയുന്നു.  

ആദ്യഭാഗത്തേക്കാൾ ഒരുപാട് മെച്ചപ്പെട്ട ഒരു സിനിമാറ്റിക് അനുഭവമായി മാറും ഈ ചിത്രം. ആദ്യഭാഗം അമേച്വർ ആയി തോന്നിയിരുന്നു എങ്കിൽ രണ്ടാം ഭാഗം ഒരു പരിധി വരെ ആ പഴി കേൾക്കുന്നില്ല. ഛായാഗ്രഹണം, പശ്ചാത്തല സംഗീതം, എഡിറ്റിംഗ്,എന്നിവയൊക്കെ ഇത്തവണ നന്നായിട്ടുണ്ട്. സഞ്ജനയുടെ അഭിനയം എടുത്തു പറയേണ്ട ഒന്നാണ്. ഈ റോളിനായുള്ള ഹോം വർക്ക്‌ ചെയ്തിട്ടുണ്ട് എന്ന് വ്യക്തം. 

ആദ്യപകുതി നല്ല എൻഗേജിങ് ആയി പോവുകയും രണ്ടാം പകുതി പേസിങ് കുറഞ്ഞു വയലൻസ് രംഗങ്ങളാൽ മടുപ്പുളവാക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ക്ലൈമാക്സിനോട് അടുക്കുമ്പോൾ ഉണ്ടാകുന്ന സംശയങ്ങളും മറ്റും മൂന്നാം ഭാഗം കാണാനുള്ള ആകാംക്ഷ സൃഷ്ടിക്കുന്നുണ്ട്. അതു കാണാതെ ഈ കഥ പൂർണ്ണമാകില്ല. 

Click To Download Movie