Yeh Jawaani Yeh Diwaani കണ്ടപ്പോൾ ക്ലൈമാക്സ് എത്തിയപ്പോൾ നായകന്റെ തീരുമാനം എന്തോ അത്രയ്ക്ക് ഇഷ്ടപ്പെട്ടില്ല. അയാളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും ഒരു നിമിഷത്തേക്ക് വേണ്ടി ആണെങ്കിൽ പോലും ഒരു മാറ്റം വരുന്ന രീതി ഹാപ്പി എൻഡിങിന് വേണ്ടി നൽകി എങ്കിലും എനിക്ക് നായകന്റെ ആദ്യത്തെ ആറ്റിട്യൂട് തന്നെ ആയിരുന്നു ഇഷ്ടം.  

ഫിദ കണ്ടപ്പോൾ ക്ലൈമാക്സ് തീരെ ഇഷ്ടപ്പെട്ടില്ല. തനിക്ക് മാത്രം എല്ലാം ആഗ്രഹിച്ച പോലെ നടക്കണം എന്നുള്ള സ്വാർത്ഥ മനോഭാവമുള്ള നായിക വിജയിക്കുന്നതായാണ് തോന്നിയത്. ഒരു ചേഞ്ച്‌നു വേണ്ടി ഇത്തവണ നായകൻ തന്റെ അമേരിക്കൻ ജീവിതം ത്യാഗം ചെയ്തു നായികയുടെ കൂടെ കൂടട്ടെ എന്നുള്ളതാകാം ഭൂരിഭാഗം ആളുകൾക്കും ഇഷ്ടപ്പെട്ടത്. സായ് പല്ലവിയുടെ കഥാപാത്രം എനിക്ക് ഉണ്ടാക്കിയ അരോചകം കുറച്ചൊന്നുമല്ല.  

തെലുങ്കിൽ പവൻ കല്യാൺ ഫാനായ പല്ലവി മലയാളം ഡബ്ബിൽ എത്തുമ്പോൾ അല്ലു അർജുൻ ഫാനായി മാറുന്നുണ്ട്. മുറിയിലെ ചിത്രവും കരോക്കെ പാടുന്നതും എല്ലാം അല്ലു അർജുന്റെ.. അതേതായാലും കലക്കി..മലയാളം ഡബ്ബിൽ സായ് പല്ലവിയ്ക്ക് ശബ്ദം കൊടുത്ത ആൾ നന്നായി ചെയ്തിട്ടുണ്ട്. 

കാഞ്ചെ കണ്ടു വരുണിനെ ഇഷ്ടപ്പെട്ടവർ ഫിദ കണ്ടാൽ ഇഷ്ടപ്പെടുമോ എന്നൊരു ചോദ്യം വന്നാൽ പ്രായം ഒരു മാനദണ്ഡമാണ്. ഇതുപോലുള്ള റൊമാന്റിക് കോമഡികൾ കോളേജ് കാലത്ത് നന്നായി ആസ്വദിച്ചിരുന്ന എനിക്ക് ഫിദ കണ്ടപ്പോൾ എങ്ങനെയെങ്കിലും തീർന്നു കിട്ടിയാൽ മതിയായിരുന്നു എന്നായിരുന്നു. കഥാപാത്രം അരോചകം ആയിരുന്നു എങ്കിലും സായ് പല്ലവിയുടെ പ്രകടനം നന്നായിരുന്നു. വരുൺ….. ഇത്ര പാവമായ നായകനായി അഭിനയിക്കാമോ?