🔺മാസ്റ്റർപീസ് എങ്ങനെയുണ്ട്?? 

🔻രണ്ട് കൊലപാതകങ്ങളുടെ അന്വേഷണം, കോളേജ് പ്രൊഫസ്സർ ആയ എഡിയുടെ മാസ്സ്.. വലിയ താരനിര, വലിയ നിരാശയൊന്നുമില്ല

🔺മാസ്റ്റർ ഓഫ്‌ ദി മാസസ് എന്നൊക്കെയുള്ളത് ശരിയാണോ?? 

🔻വിശദമായി പറയാം… 

🎬ചിത്രം – മാസ്റ്റർപീസ് (2017) 

🎥വിഭാഗം – ആക്ഷൻ ത്രില്ലർ 

🔰🔰🔰Whats Good??🔰🔰🔰 

മമ്മൂട്ടിയുടെ സ്ക്രീൻ പ്രസൻസ് 

🔰🔰🔰Whats Bad??🔰🔰🔰 

ഊഹിക്കാവുന്ന സസ്‌പെൻസും മറ്റുഭാഷകളിൽ വിജയിച്ച ട്വിസ്റ്റും ഈ സിനിമയിൽ ബോധപൂർവ്വം കുത്തിനിറച്ച വിധം.  

🔰🔰🔰Watch Or Not??🔰🔰🔰 

ജോണർ നോക്കി കാണുകയെന്നത്‌ മാസ്റ്റർപീസിന്റെ കാര്യത്തിൽ എടുത്തു പറയേണ്ടി വരും. കാരണം ഒരു കുറ്റാന്വേഷണ കഥ ആയിട്ട് കൂടി സാമാന്യ ലോജിക് കൂടി സംവിധായകൻ കണക്കിലെടുക്കുന്നില്ല. പ്രധാന ഭാഗമായ ഒരു കൊലപാതകത്തിന്റെ മോഡ്യൂസ് ഓപ്പറാണ്ടി കണ്ടാൽ ചിരിച്ചു മരിക്കും. അയ്യേ ഈ കൊലപാതകമൊക്കെ സ്ഥിരമായി ഡിറ്റക്ടീവ് നോവൽ വായിക്കുന്നവന് വരെ തെളിയിക്കാൻ പറ്റുമല്ലോ എന്നും തോന്നും. എന്നാൽ ഈ സിനിമയിൽ സിവിൽ സർവീസ് പരീക്ഷ എഴുതിയവർ വരെ അതു കണ്ടെത്താൻ പാട് പെടുന്നു.  

സിനിമയുടെ തുടക്കത്തിൽ ഒരുപാട് കഥാപാത്രങ്ങളെ കാണിക്കുന്നുണ്ട്. അവരുടെയെല്ലാം കാരക്ടർ എസ്റ്റാബ്ലിഷ്‌മെന്റിനു തന്നെ ഒരുമണിക്കൂർ എടുക്കുന്നു. അതുവരെ നായകന്റെ എൻട്രി ഇല്ല. മമ്മൂക്ക ഇല്ലാത്തതിന്റെ ക്ഷീണം ഉണ്ണി മുകുന്ദന്റെ പ്രകടനത്താൽ പരിഹരിക്കാൻ ശ്രമിക്കുന്നത് കാണാം. കാലത്തെ തന്നെ രണ്ടെണ്ണം വിട്ടത് പോലെയാണ് ഉണ്ണിയേട്ടന്റെ ബോഡി ലാംഗ്വേജ്. പക്ഷെ യഥാർത്ഥ മാസ്റ്റർ ഓഫ്‌ മാസ്സ് ഉണ്ണി തന്നെയെന്നു പറയേണ്ടി വരും. അത്ര ഗംഭീരമായാണ് ഉണ്ണിയുടെ ഇൻട്രോയും ഫൈറ്റും മറ്റും എടുത്തിരിക്കുന്നത്.  

ഈയിടെ നടന്ന നടൻ മമ്മൂട്ടിയുടെ സ്ത്രീവിരുദ്ധ സിനിമ വിവാദത്തെ പറ്റി ഞാൻ സ്ത്രീകളെ ബഹുമാനിക്കുന്നു എന്ന് മൂന്ന് വട്ടം മെഗാസ്റ്റാർ പറഞ്ഞു കയ്യടി വാങ്ങുന്നുണ്ട്. സിനിമയുമായോ സീനുമായോ പുലബന്ധം പോലുമില്ലാത്ത ഈ സീൻ എന്തിനു ചേർത്തു എന്ന് ചോദിക്കരുത്. 

കഥ തുടങ്ങി മമ്മൂട്ടിയെ കാണിക്കുന്നതിന് മുൻപ് തന്നെ കൊലപാതകി ആരെന്നു ആർക്കും ഊഹിക്കാവുന്ന വിധമാണ് സിനിമ ഒരുക്കിയത്. അതിനാൽ തന്നെ Whodunnit എന്നതിനെക്കാൾ ഉപരി Whydunnit എന്നതിനായി സിനിമയുടെ ക്ലൈമാക്സിനായി കാത്തിരിക്കാം. എന്നാൽ മിനിമം ലോജിക് എന്ന സംഗതി പരിഗണിച്ചാൽ ഈ പറഞ്ഞ കാര്യങ്ങളൊക്കെ വെറും നിസാരമായി തോന്നും. സിനിമ അവസാനിക്കുന്നത് ഫാൻസിനു കയ്യടിച്ചു അർമാദിക്കാനുള്ള ഒരു മാസ്സ് സീനിലാണ്. അന്യഭാഷകളിൽ പലപ്പോഴായി കണ്ട ആ രംഗം മമ്മൂക്ക ഫാൻസ്‌ അല്ലാത്തവർ എങ്ങനെ സ്വീകരിക്കുമെന്ന് വരും ദിനങ്ങളിൽ അറിയാം. 

സോഷ്യൽ മീഡിയ വഴി സസ്‌പെൻസും ക്ലൈമാക്സ്‌ ട്വിസ്റ്റും പരസ്യപ്പെടുത്തിയാൽ മാസ്റ്റർ പീസിൽ നമ്മെ രസിപ്പിക്കനായി കാര്യമായി ഒന്നുമില്ലാതെയാകും. ഞാൻ എന്ന പ്രേക്ഷകന് ഇവ രണ്ടും പടം കണ്ടുകൊണ്ടിരിക്കുമ്പോൾ തന്നെ ഊഹിക്കാൻ കഴിഞ്ഞതിനാൽ മമ്മൂക്കയുടെ ലുക്സ്, ഡ്രസിങ്, ആ മാനറിസം എന്നിവയാണ് ചിത്രം കഴിഞ്ഞപ്പോൾ പോസിറ്റീവ് ആയി തോന്നിയത്.  

സിനിമയുടെ ആദ്യത്തെ 20 മിനുറ്റ് എടുത്താൽ സ്ത്രീവിരുദ്ധത കണ്ടെത്തുന്നവർക്ക് ചാകര തന്നെയാണ്. പൂനം ബാജ്‌വയേ കാണിക്കുമ്പോൾ ആർ യൂ റെഡി എന്നുള്ള BGM ഒക്കെ പരമ ബോർ ആയിരുന്നു. കൂടാതെ പാഷാണം ഷാജി എന്നറിയപ്പെടുന്ന കലാകാരൻ അവതരിപ്പിച്ച ആ റോൾ സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു. സന്തോഷ് പണ്ഡിറ്റ് ചളിയടിക്കാനുള്ള ഒരുപകരണം മാത്രം. വരലക്ഷ്മി ചുമ്മാ മമ്മൂക്കയുടെ ഹീറോയിസത്തിനു മുന്നിൽ പകച്ചു പണ്ടാരമടങ്ങാനുള്ള ഒരു ടിപ്പിക്കൽ പോലീസ്.അതായത് പണ്ടത്തെ വാണി വിശ്വനാഥ്.
  
സൂപ്പർ മെഗായേക്കാൾ ഞാനിഷ്ടപ്പെടുന്ന നടനാണ് മുകേഷ്.അദ്ദേഹത്തിന് നല്ലൊരു റോൾ ചിത്രത്തിലുണ്ട്.എന്നാൽ ആ കഥാപാത്രത്തിന് പ്രാധാന്യം അധികമൊന്നും ഇല്ലായിരുന്നു. അതേപോലെ ഷാജോൺ രാമലീലയ്ക്കു ശേഷം വീണ്ടും ശക്തമായ ഒരു കഥാപാത്രവുമായി എത്തുന്നു. പോലീസ് വേഷങ്ങൾക്ക് ഷാജോൺ സൂപ്പറാ…പക്ഷെ സ്ഥിരം ക്ലീഷേ പോലീസ് ഡയലോഗ് ആയ “ഇങ്ങോട്ട് നീങ്ങി നിൽക്കെടാ” എന്നുള്ളതൊക്കെയാണ് സംഭാഷങ്ങൾ.ചിത്രത്തിലെ സംഭാഷണങ്ങൾ അറുബോറാണ്. മാസ് സിനിമകൾ ഓർമ്മിക്കുന്നത് നല്ല പഞ്ച് ഡയലോഗുകളിലൂടെയാണ്.ഇവിടെ അതില്ല. 

പശ്ചാത്തല സംഗീതം ആവറേജായി തോന്നി. സിനിമയുടെ തുടക്കം ഓരോരോ കോളേജുകളും അവിടെ പഠിച്ച പ്രമുഖരെയും കാണിക്കുന്നത് നന്നായി ഇഷ്ടപ്പെട്ടു. പാട്ടുകൾ സിനിമയുടെ ഫ്ലോ നന്നായി ബാധിച്ചു.രണ്ടാം പകുതിയിൽ രണ്ട് ഗാനങ്ങൾ അടുപ്പിച്ചു വരുന്നുണ്ട്. 

ഗോകുൽ സുരേഷ്, മഹിമ നമ്പ്യാർ എന്നിവരുടെ വേഷം പ്രധാനപ്പെട്ടതാണ്. മഖ്‌ബൂൽ സൽമാൻ അടങ്ങുന്ന കുറേ യുവതാരങ്ങൾക്ക് അഭിനയത്തേക്കാൾ ഉപരി ഓടാനും ചാടാനും കൂടുതലായി പറ്റി. അവസാനം ഗസ്റ്റ് റോളിൽ വന്ന പുള്ളിക്കാരനും അങ്ങേരുടെ ഇംഗ്ലീഷും നല്ല കയ്യടി വാങ്ങി. 

🔰🔰🔰Last Word🔰🔰🔰

മാസ്റ്റർപീസ് തീയേറ്ററിൽ കാണാനുള്ള ഒരു ആഘോഷ ചിത്രമാണ്. ബ്രില്ലിയൻസും ലോജിക്കും ഒന്നും ഓഫർ ചെയ്യാത്ത ഒരു മാസ്സ് മസാല ചിത്രം. ആ നിലയിൽ ആഘോഷിക്കാനുള്ള വകുപ്പൊക്കെ ചിത്രത്തിലുണ്ട്. സസ്‌പെൻസും ക്ലൈമാക്സ്‌ ട്വിസ്റ്റുമൊക്കെ പുറത്താകും മുൻപ് തീയേറ്ററിൽ കാണാൻ സാധിച്ചാൽ അതൊരു ഭാഗ്യമായി കണക്കാക്കുക.