മാസ്റ്റർപീസും ടൈഗർ സിന്ദാ ഹേയും കാണുമ്പോൾ ലോജിക് നോക്കണം എന്നാൽ പാപ്പാനും കൂട്ടരും എന്ത് കാണിച്ചാലും അങ്ങ് ഏറ്റെടുത്തോണം എന്നൊക്കെ ഉണ്ടോ? അതോ ആക്ഷൻ സിനിമകളിൽ ലോജിക് വേണം കോമഡിയിൽ വേണ്ട എന്നാണോ? ചിലപ്പോൾ ആസ്വാദനത്തിന്റെ അളവ് പോലെയിരിക്കും. മാസ്റ്ററിനേക്കാൾ, ടൈഗറിനേക്കാൾ പാപ്പനെയും പാപ്പന്റെ പിള്ളാരുടെയും കാട്ടികൂട്ടലുകൾ ഇഷ്ടപ്പെട്ടാൽ കുറ്റം പറയാൻ ഒക്കില്ലല്ലോ..  

ഇന്നലെയാണ് ആട് ഒരു ഭീകരജീവിയാണ് കണ്ടത്. ആട് 2 കാണണം എങ്കിൽ ആദ്യഭാഗം കാണേണ്ടി വരുമെന്ന് അറിഞ്ഞതിനാൽ ഷോ ടൈമിന് മുന്പായി ആട് കണ്ടു തീർത്തു. നന്നായി ഇഷ്ടപ്പെട്ടു. സ്വാഭാവികമായും രണ്ടാം ഭാഗം പ്രതീക്ഷ നൽകി. ചെമ്പൻ വിനോദിന്റെ കരച്ചിൽ കണ്ടു ചിരിച്ച ഞാൻ അദ്ധേഹത്തെ രണ്ടാം ഭാഗത്തിൽ പ്രതീക്ഷിച്ചു. ആ ഒരു കുറവ് ഒഴികെ വേറൊന്നും ആട് 2 ൽ കണ്ടില്ല. 

സാധാരണ ഫോളോ ചെയ്യുന്ന ഒരു റിവ്യൂ ഫോർമാറ്റിൽ മൈക്കൾ മദന കാമരാജനോ അന്ദാസ് അപ്നാ അപ്നായോ ആടോ ഉൾക്കൊള്ളിക്കാൻ പറ്റില്ല. ആട് ലക്ഷ്യം വെക്കുന്ന വിഭാഗം പ്രേക്ഷകരുണ്ട്. അവരെ പൂർണ്ണമായും തൃപ്തിപ്പെടുത്തുന്ന വിധമാണ് രണ്ടാം ഭാഗത്തിന്റെ ട്രീറ്റ്മെന്റും. ക്രിസ്പ് ആയി കൃത്യം രണ്ട് മണിക്കൂറിൽ ഒതുക്കിയ ആദ്യഭാഗത്തെ വെച്ചു നോക്കുമ്പോൾ രണ്ടാം ഭാഗം ചിലയിടങ്ങളിൽ ബ്ളാങ്ക് ആകുന്നുണ്ട്. പിന്നേ ക്ലൈമാക്സിലെ പാപ്പന്റെ ഹീറോയിസം തീരെ പ്രതീക്ഷിച്ചതുമല്ല.  

പാപ്പാനേക്കാൾ ഡ്യൂഡ് എന്ന കഥാപാത്രത്തിനാണ്  കയ്യടി കൂടുതൽ കിട്ടിയത് എന്ന് തോന്നി. വിനായകൻ ഇത്രയേറെ ചിരിപ്പിച്ച മറ്റൊരു സിനിമയില്ല. പിന്നേ കഥാപാത്രങ്ങൾ എല്ലാവരും മത്സരിച്ചു ചിരിപ്പിക്കുന്നതിനാലും ആട് 2 എന്ന ഈ സിനിമ പ്രേക്ഷകപ്രീതി നേടി വലിയൊരു വിജയമാകും എന്നതിൽ സംശയമില്ല.