ത്രിവിക്രം – പവൻ കൂട്ടുകെട്ടിലെ മൂന്നാമത്തെ ചിത്രമാണ് അജ്ഞാതവാസി. ഇതിന് മുൻപ് ഇവർ ഒന്നിച്ച ജൽസയും അത്തറിന്തിക്കി ദാരേദിയും വൻവിജയങ്ങൾ ആയിരുന്നു. അതിനാൽ തന്നെ ഈ സിനിമയുടെ ഹൈപ്പ് വാനോളം ആയിരുന്നു. വലിയൊരു കാൻവാസിൽ നിർമ്മാണം പൂർത്തിയാക്കി നല്ലൊരു റിലീസ് ഒരുക്കി ചിത്രം ഇന്നു പുറത്തിറങ്ങി. കൊച്ചിയിൽ രാവിലെ 10.20 നു വരെ ഷോ ഉണ്ട്. സാധാരണ തെലുങ്ക് റിലീസുകൾ മോർണിംഗ് ഷോ ഉണ്ടാകാറില്ല. ഇംഗ്ലീഷ് സബ്ടൈറ്റിൽ ഉണ്ടെന്ന കാര്യവും അറിയിക്കുന്നു. അജ്ഞാതവാസി പ്രതീക്ഷകളെ പൂർത്തീകരിക്കുന്ന ഒന്നാണോ? 

🎬Movie – Agnyaathavaasi (2018) 

🎥Genre – Family Drama

🔰🔰🔰Whats Good??🔰🔰🔰 

അനിരുദ്ധിന്റെ പശ്ചാത്തല സംഗീതം 

🔰🔰🔰Whats Bad??🔰🔰🔰 

ദുർബലമായ തിരക്കഥയും അതിനെക്കാൾ മോശമായ അവതരണവും.

🔰🔰🔰Watch Or Not??🔰🔰🔰

ഫ്രഞ്ച് ചിത്രമായ Largo Winch ന്റെ ഇൻസ്പിരേഷൻ ആണ് അജ്ഞാതവാസി. നല്ലൊരു തീം കയ്യിൽ കിട്ടിയിട്ടും, പവനെ പോലൊരു വലിയ താരത്തെ കിട്ടിയിട്ടും ഇത്തവണ ത്രിവിക്രം എഴുതിയ കഥ പവൻ ഫാൻസിനെയോ എന്തിനു സാധാരണ പ്രേക്ഷകരെ പോലും തൃപ്തിപ്പെടുത്തും വിധമല്ല. 

വലിയൊരു മാസ് ഹീറോ അഭിനയിക്കുന്ന ചിത്രം ആയതിനാൽ ലോജിക് പോലും ഇല്ലാത്ത ആക്ഷൻ രംഗങ്ങൾ ഉണ്ടാകുമെന്നത് ഉറപ്പാണ്.ഈ സിനിമയിലും അത്തരം രംഗങ്ങൾ ധാരാളമുണ്ട്. എന്നാൽ ഫാൻസിനെ രസിപ്പിക്കുന്ന തരത്തിലായിരുന്നില്ല ആക്ഷൻ രംഗങ്ങൾ. ഫാൻസ്‌ അല്ലാത്തവർക്ക് അരോചകം ഉണ്ടാക്കുന്ന വിധത്തിലും. ഈ സിനിമയിലെ  ക്ലൈമാക്സ്‌ രംഗങ്ങളൊക്കെ കണ്ടാൽ ഇക്കയുടെ മാസ്റ്റർ പീസിലെ ക്ലൈമാക്സ്‌ ഫൈറ്റ് ശരിക്കും ഒരു മാസ്റ്റർ പീസാണെന്നു സമ്മതിക്കേണ്ടി വരും.

അത്തരിന്തിക്കി ദാറേദി പോലെ തന്നെയാണ് സിനിമയുടെ തുടക്കവും.ബൊമൻ ഇറാനിയിലൂടെ കഥ പറയുന്നു..ഇത്തവണ അദ്ധേഹത്തിന്റെ മരണമാണ് ആദ്യം കാണിക്കുന്നത്..വലിയൊരു ബിസിനെസ്സ് സാമ്രാജ്യത്തിന്റെ അവകാശിയായ നായകൻ അജ്ഞാതവാസം അവസാനിച്ചു തിരിച്ചെത്തുന്നു. അച്ഛന്റെ കൊലപാതകികളെ കണ്ടെത്തുക എന്നതാണ് ലക്ഷ്യം. അതിനായി സ്വന്തം ഓഫീസിൽ തന്നെ വേറെ പേരിൽ ജോലി നോക്കുന്നു. ദാരേദിയിൽ നദിയയുടെ വീട്ടിൽ ഡ്രൈവർ ആയി വരുന്നത് പോലെ.. 

സീരിയസ് ആയുള്ള കഥ പറച്ചിൽ അല്ല ചിത്രത്തിന്റേത്.കോമഡി എന്ന പേരിൽ കാട്ടിക്കൂട്ടിയ തട്ടിക്കൂട്ട് രംഗങ്ങൾ ഒരുപാടുണ്ട്.അതിൽ 200 രൂപ ഇൻക്രിമെൻറ്റ് എന്ന കോമഡി രംഗമല്ലാതെ ഒന്ന് പോലും ചിരിപ്പിക്കുവ ആയിരുന്നില്ല. രണ്ടാം പകുതിയൊക്കെ അനാവശ്യ പാട്ടുകളാലും രംഗങ്ങളാലും മടുപ്പിക്കുന്ന തരത്തിൽ ആയിരുന്നു. 

നായകന്റെ ട്രാൻസ്ഫോർമേഷൻ രംഗം എന്നും മാസ്സ് ആയിരിക്കുമല്ലോ..എന്നാൽ ഇതിൽ വെറും നനഞ്ഞ പടക്കം മാത്രമാണ്. കുറേ ബോറൻ കോമഡി രംഗങ്ങൾ ആണ് നായകന്റെ ട്രാൻസ്ഫോർമേഷൻ എന്ന നിലയിൽ കാണിക്കുന്നത്.അതാണെങ്കിൽ സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു.

പവനിസം പ്രതീക്ഷിച്ചു ചെല്ലുന്ന പ്രേക്ഷകർക്ക് യാതൊന്നും തന്നെ ഇതിലില്ല എന്ന് വേണം പറയാൻ.നല്ലൊരു ഡാൻസ് നമ്പറോ, ആക്ഷനോ പവന്റെ ഭാഗത്ത്‌ നിന്നില്ല. ആറടുഗുല ബുള്ളറ്റ് പോലെയുള്ള സാഹചര്യത്തിൽ തന്നെയാണ് ഈ സിനിമയിലെ ആദ്യഗാനവും. എന്നാൽ ഒരു എനർജി ഫീൽ ചെയ്യുന്ന തുടക്കമൊന്നും ഇത്തവണ ഇല്ല. സെന്റിമെന്റ്സ് സീനുകളിൽ പവൻ കൊമേഡിയൻ ആയി മാറുകയായിരുന്നു. 

അനു ഇമ്മാനുവൽ, കീർത്തി സുരേഷ് എന്നിവർ എത്രയൊക്കെ മോശമായി അഭിനയിക്കാം എന്ന് രണ്ടാം പകുതിയിൽ തെളിയിച്ചു. കുറച്ചൊക്കെ ഗ്ലാമർ കാണിച്ചു തൃപ്തിപ്പെടുത്തിയതിനാൽ  അനുവിനോട് മാത്രം ഞാൻ ക്ഷമിച്ചിരിക്കുന്നു. 

മരഗത നാണയം എന്ന സൂപ്പർഹിറ്റ് തമിഴ് പടത്തിനു ശേഷം ആദി തെലുങ്കിൽ പോയി ഈ പടം കമ്മിറ്റ് ചെയ്തത് കൊണ്ട് ഈ സിനിമയിൽ നല്ല അഭിനയം ഒരാളിലൂടെ എങ്കിലും കാണാൻ പറ്റി.എന്നാൽ ആ കഥാപാത്രത്തിനെ ക്ലൈമാക്സിൽ വ്യക്തിത്വം ഇല്ലാത്തവനാക്കി മാറ്റുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

അനിരുദ്ധിന്റെ പാട്ടുകൾ ശരാശരി ആയിരുന്നെങ്കിലും BGM ഗംഭീരം ആയിരുന്നു. ഛായാഗ്രഹണവും നന്നായിരുന്നു. എന്നാൽ ഈയൊരു പോസിറ്റീവുകൾ സിനിമ മൊത്തം നല്കുന്ന നിരാശയിൽ വിസ്മരിക്കപ്പെടും എന്നതാണ് സത്യം. 

🔰🔰🔰Last Word🔰🔰🔰

സർദാർ ഗബ്ബർ സിംഗ് ആണോ കാട്ടമറായുഡു ആണോ അജ്ഞാതവാസി ആണോ നല്ലത് എന്ന് ചോദിച്ചാൽ ഉത്തരം പറയാൻ ബുദ്ധിമുട്ടും.ചില ഉത്തരങ്ങൾ അങ്ങനെയാണ്..ശബ്ദം പുറത്തേക്ക് വരില്ല..ഒരു ദുസ്വപ്നം പോലെ മറക്കാൻ ആഗ്രഹിക്കുന്നു. ഈ മൂന്ന് പടങ്ങളും കൃത്യമായി കൊച്ചിയിൽ റിലീസ് ചെയ്തവരെയും ഈ വേളയിൽ സ്മരിക്കുന്നു.സത്യമായിട്ടും തമിഴിലെ പവർ സ്റ്റാർ ആണ് ശരിക്കും സ്റ്റാർ…