🔺ഇന്നലെ എറണാകുളം സരിത കോംപ്ലെക്സിൽ ഉണ്ടായ വൻ തിരക്ക് ക്വീൻ എന്ന ചിത്രത്തിന്റേത് ആയിരുന്നു.  

🔻അതേ. സ്കെച്ച് കാണാൻ പോയപ്പോൾ ആഘോഷവും ആർപ്പുവിളികളുമായി കുറെയേറെ ചെറുപ്പക്കാരെ കണ്ടു. ആദ്യ ഷോ കണ്ടിറങ്ങിയ അവരുടെ മുഖത്ത് എല്ലാം സന്തോഷം ആയിരുന്നു.  

🔺സിനിമയിൽ അഭിനയിച്ചവർ അവിടെ ഉണ്ടായിരുന്നു. അവരെ തോളിലേറ്റിയാണ് ചിലർ തങ്ങളുടെ സന്തോഷം പ്രകടിപ്പിച്ചത്. അതൊക്കെ കണ്ടപ്പോൾ പിന്നീട് കാണാം എന്ന് കരുതി മാറ്റി വെച്ച ക്വീൻ രാത്രി തന്നെ നിറഞ്ഞ സദസ്സിൽ കണ്ടു.  

🎬ചിത്രം – ക്വീൻ (2018) 

🎥വിഭാഗം – മ്യൂസിക്കൽ, ത്രില്ലർ, കോമഡി 

🔰🔰🔰Whats Good??🔰🔰🔰

നർമ രംഗങ്ങൾ എല്ലാം തന്നെ നന്നായിരുന്നു. പാട്ടുകളും പശ്ചാത്തല സംഗീതവും, സലീം കുമാറിന്റെ പ്രെസൻസ്. 

🔰🔰🔰Whats Bad??🔰🔰🔰

രണ്ടാം പകുതിയുടെ സ്വഭാവം ത്രില്ലർ ആയിരുന്നെങ്കിലും ക്ലൈമാക്സ്‌ വെറും നനഞ്ഞ പടക്കം ആക്കിയ രീതി.  

🔰🔰🔰Watch Or Not??🔰🔰🔰

ഈ സിനിമയുടെ ട്രെയിലറോ പാട്ടുകളോ ഒന്നും തന്നെ ഞാൻ കണ്ടിരുന്നില്ല. അതിനാൽ തന്നെ ജോണർ ഏതാണെന്നു അറിയാതെ തന്നെ കാണാൻ പറ്റി. ഇതൊരു ക്യാമ്പസ്‌ ചിത്രം മാത്രമായി ഒതുങ്ങും എന്ന് തോന്നിയെങ്കിലും രണ്ടാം പകുതി അപ്പാടെ വേറൊരു ഗതിയിൽ സഞ്ചരിച്ചു. 

മെക്കാനിക്കൽ ബ്രാഞ്ചിൽ ഒരു പെണ്ണ് വരുമ്പോൾ, അവളുടെ ആറ്റിട്യൂട് കണ്ടു അവളെ  നല്ലൊരു കൂട്ടുകാരിയാക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാർ.. അവരുടെ സന്തോഷകരമായ ജീവിതം..അവർ നേരിടുന്ന ദുരന്തം, വെല്ലുവിളി എന്നിങ്ങനെയാണ് ക്വീൻ മുന്നോട്ടു നീങ്ങുന്നത്. ഒരുപാട് പുതുമുഖങ്ങൾ അണിനിരന്ന ചിത്രത്തിൽ ചിലർ മനോഹരമായി അഭിനയിച്ചു, ചിലർ ശരാശരിയും ചിലർ അതിൽ താഴെയും. അഭിനയത്തിന്റെ കാര്യത്തിലും എല്ലായ്പോഴും അങ്കമാലി ഡയറീസ് പ്രതീക്ഷിക്കാൻ പറ്റില്ലല്ലൊ.. സോ, ഇതൊരു കുറവായി തോന്നിയില്ല.  

ഇതൊരു ക്യാമ്പസ്‌ മൂവീ മാത്രമായി ഒതുക്കി എങ്കിൽ പല കാര്യങ്ങളും സീരിയസായി കാണേണ്ടി വരില്ലായിരുന്നു. എന്നാൽ രണ്ടാം പകുതി വളരെയേറെ സങ്കീർണ്ണമായ, ചിന്തിപ്പിക്കുന്ന സംഭാഷണങ്ങളാൽ സമ്പന്നമാണ്. സലീം കുമാറിന് നന്ദി! അദ്ദേഹം അവതരിപ്പിച്ച കഥാപാത്രം വളരെ നന്നായി തോന്നി. ഉന്നയിക്കുന്ന ചോദ്യങ്ങൾ എല്ലാം ലോജിക്കലി കറക്റ്റ് ആയി തോന്നും. സിനിമ കാണുന്ന പ്രേക്ഷകർ കയ്യടിക്കും. എന്നാൽ റിയാലിറ്റി എന്നത് അടുത്തു കൂടി പോലും പോയിട്ടില്ല.  

കോർട്ട് റൂം ഡ്രാമകൾ എന്നൊരു വിഭാഗം തന്നെയുണ്ട് സിനിമയിൽ. ലോകസിനിമയിലെ പല മികച്ച ചിത്രങ്ങളും ഈ വിഭാഗത്തിൽ പെട്ടിട്ടുമുണ്ട്. ഈ സിനിമയിലെ കോടതി രംഗങ്ങൾ വലിയ രീതിയിൽ സിനിമയെ നിരീക്ഷിക്കുന്നവർക്കുള്ളതല്ല എന്ന് മനസ്സിലാക്കിയാൽ അധികം ചോദ്യങ്ങൾ മനസ്സിലേക്ക് വരാതെ ഇരിക്കും. ശരിയാണ്.. ഇതിന് മുന്പും കോടതിയെ ചോദ്യം ചെയ്തു കയ്യടി വാങ്ങിയ സിനിമകൾ ഉണ്ടായിട്ടുണ്ട്. ഇനിയും ഉണ്ടായേക്കാം. കാര്യം എന്തൊക്കെ ആയാലും ആരു കണ്ടാലും കയ്യടിക്കാൻ തോന്നിക്കുന്ന കോടതി രംഗങ്ങൾ ഒരുക്കിയ ഇവർക്ക് അതൊരു വലിയ പോസിറ്റീവ് ആയി തന്നെ ഭവിച്ചിട്ടുണ്ട്. തീയേറ്ററിൽ പ്രതികരണം അതു ശരി വെക്കുന്നു.  

കോടതി മുറിയിലെ ചൂടുള്ള വാദഭാഗങ്ങൾക്കു ശേഷം ആ മഴയത്തും തന്നെ നനയുന്ന പടക്കമായി മാറുന്ന ക്ലൈമാക്സ്‌ ആണ് നാം കാണുന്നത്. അവസാനം വിദ്യാർത്ഥി ഐഖ്യം സിന്ദാബാദ് എന്ന് വിളിക്കുന്നത് കണ്ടപ്പോൾ സത്യത്തിൽ ആ കുട്ടികൾ അല്ലല്ലോ, ആ വക്കീൽ അല്ലേ വിജയിച്ചത് എന്ന് തോന്നും. കോടതി വരാന്തയിൽ നിന്നും ഹീറോയിസത്തോടെ ഇറങ്ങുന്ന നായകന്മാരെ കണ്ടു സിനിമ കഴിഞ്ഞിറങ്ങുമ്പോൾ തോന്നിയ കാര്യം എന്തെന്നാൽ ഒരു കോമഡി മ്യൂസിക്കൽ ട്രാക്കിലൂടെ മാത്രം കഥ പറഞ്ഞിരുന്നു എങ്കിൽ ഇത്രയും സീരിയസ് ആയി ഈ കഥയെ ഞാൻ നോക്കികാണില്ല എന്നായിരുന്നു. അതിനാലുള്ള അതൃപ്തി മനസ്സിലും ഉണ്ടായിരുന്നു.  

🔰🔰🔰Last Word🔰🔰🔰

ഇനി ജനറലായുള്ള പ്രേക്ഷകർക്ക് ക്വീൻ ഒരു ആഘോഷമാണ്. നല്ല പാട്ടുകൾ, നർമരംഗങ്ങൾ, രോമാഞ്ചം ഉണർത്തുന്ന രംഗങ്ങൾ, കയ്യടി അർഹിക്കുന്ന സംഭാഷണങ്ങൾ എന്നിവയുടെ ഒരു ഹോൾസെയിൽ പോയിന്റ്. ഇടയ്ക്കിടെ വരുന്ന ലാഗിംഗ്, നായികയുടെ പ്ലാസ്റ്റിക് അഭിനയം, ക്ലിഷേ കഥാപാത്രം എന്നിവയൊക്കെ സിനിമ മൊത്തത്തിൽ തരുന്ന തൃപ്തിയിൽ മറക്കും. എന്തുകൊണ്ടും രണ്ടര മണിക്കൂർ നിങ്ങൾക്ക് നഷ്ടമായി തോന്നില്ല.