സിനിമ എങ്ങനെ കാണണം എന്നറിഞ്ഞിരിക്കേണ്ടതാണ്. ചില സിനിമകൾ കാണേണ്ട രീതിയിൽ കണ്ടാൽ ആസ്വാദനം കൂടും എന്നതിന് ഏറ്റവും നല്ല ഉദാഹരണം ആട് സീരീസ് ആണ്. കുഞ്ഞിരാമായണം എന്ന സിനിമയും ആ ഗണത്തിൽ പെടുത്താം. ഇത്തരത്തിലുള്ള സിനിമകളുടെ പോസ്റ്റർ പോലും അതു സൂചിപ്പിക്കും. മായനദി കാണുന്ന കണ്ണുകൾ കൊണ്ട് കാണേണ്ട സിനിമയും അല്ല അത്. പക്ഷെ ലോജിക് ഇല്ല, സ്ലാപ്പ്സ്റ്റിക്ക് കോമഡി മാത്രം എന്നത് കൊണ്ട് ഈ സിനിമകൾക്ക് കുറവുകൾ ഇല്ലാതെയാകുന്നില്ല.

🎬ചിത്രം – ശിക്കാരി ശംഭു (2018)

🎥വിഭാഗം – കോമഡി

🔰🔰🔰Whats Good??🔰🔰🔰

ഇടയ്ക്കിടെ മാത്രം ചിരിപ്പിക്കുന്ന കോമഡി കൗണ്ടറുകൾ.

🔰🔰🔰Whats Bad??🔰🔰🔰

അനാവശ്യ രംഗങ്ങൾ മൂലമുള്ള സിനിമയുടെ നീളക്കൂടുതൽ.

🔰🔰🔰Watch Or Not??🔰🔰🔰

ടിങ്കിൾ മാഗസിൻ സൃഷ്ടിച്ച ശിക്കാരി ശംഭു എന്ന കഥാപാത്രത്തെ അറിയാത്ത ഇന്ത്യക്കാരുടെ ബാല്യമുണ്ടാകില്ല.ഭാഗ്യം കൊണ്ടു മാത്രം ജീവിച്ചു പോകുന്ന ശംഭുവിനെ പോലെയാണ് ഇതിലെ പീലി എന്ന നായകകഥാപാത്രവും. പീലിയും എർത്തുകളായ രണ്ട് പേരും കള്ളന്മാരാണ്. ഒരു പൊന്നിൻകുരിശ് മോഷണവുമായി ബന്ധപ്പെട്ട് ഒളിവിൽ പോകുന്ന അവർ വേട്ടക്കാർ എന്ന വ്യാജേന ഒരു മലയോര ഗ്രാമത്തിൽ എത്തുന്നതും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് ശിക്കാരി ശംഭു എന്ന ഈ സിനിമ.

പുലിയെ പിടിക്കാനായി വരുന്ന പീലിയുടെ ഒരു ട്രാക്ക്, പീലിയുടെ കൂടെയുള്ള അച്ചുവിന്റെ പ്രേമത്തിന്റെ ഒരു ട്രാക്ക് എന്നിങ്ങനെ ആദ്യപകുതി നീങ്ങുമ്പോൾ ഒരുപാട് കാര്യങ്ങൾ സ്ക്രീനിൽ നടക്കുന്നു എങ്കിലും കഥ മുന്നോട്ടു പോകാതെ നീങ്ങുന്നു എന്ന് തോന്നും. കഥാഗതിയിൽ കാര്യമായ മാറ്റമൊന്നും നടക്കുന്നുമില്ല. ഇടക്ക് ഫോൺ കോൾ വന്നു പുറത്തു പോയാലും കൃഷ്ണ കുമാർ പറയുന്ന ഒരു ഫ്ലാഷ്ബാക്ക് സീൻ ഒഴികെ പ്രധാനപ്പെട്ട സീനുകൾ ഒന്നും മിസ്സ്‌ ആകാനില്ല. ഇടവേളയോട് കൂടി ചക്ക വീണു മുയൽ ചത്ത ഒരു സീനും.

രണ്ടാം പകുതിയുടെ തുടക്കം അത്ര രസകരമല്ലാതെ പോകുന്നു.പിന്നീട് ഒരു സസ്പെൻസ് ത്രില്ലർ എന്ന നിലയിൽ മുന്നോട്ടു പോകുമ്പോൾ ഒരുപാട് ലോജിക് ഒന്നും നോക്കാതെ ഇരുന്നാൽ അത്യാവശ്യം നല്ലൊരു സസ്പെൻസ് തന്നെ ഓഫർ ചെയ്യുന്നുണ്ട്. അവസാനത്തെ 20 മിനുറ്റ് ഒരുപരിധി വരെ സിനിമയെ രക്ഷിക്കുന്നുണ്ട്.

ഫീൽ ഗുഡ് കോമഡി – ചാക്കോച്ചൻ – ക്ലൈമാക്സ്‌ സസ്പെൻസ് എന്നീ ഘടകങ്ങളോട് കൂടിയ ഇതിന് മുമ്പ് ഇറങ്ങിയ ചിത്രങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ ഉള്ള അതേ ലെവൽ പെർഫോമൻസിന്റെ കൂടെ ആക്ഷനിൽ കൂടി ഹീറോയിസം ഇത്തവണ ചാക്കോച്ചൻ പരീക്ഷിക്കുന്നുണ്ട്. വലിയ കല്ലുകടിയില്ലാതെ കാണാം.

വിഷ്ണു ഉണ്ണികൃഷ്ണനും ഹരീഷും കാര്യമായി ചിരിപ്പിച്ചൊന്നുമില്ല. ശിവദ കന്മദത്തിലെ മഞ്ജു വാര്യരുടെ റെപ്ലിക്ക പോലെയുണ്ടായിരുന്നു.സലിംകുമാർ,മണിയൻ പിള്ള തുടങ്ങി വലിയൊരു താരനിര തന്നെയുണ്ട്.

എല്ലാ ഫ്രെയിമിലും കുറേ ലൈറ്റ് വെക്കുന്നത് ഇപ്പോഴത്തെ ട്രെൻഡ് ആണോ എന്തോ?? നല്ല കൃത്രിമത്വം ഉണ്ടായിരുന്നു.കാനന ഭംഗി കൊള്ളാം.പല സ്ഥലങ്ങളും കാണാൻ അതീവ ഭംഗിയായിരുന്നു. പാട്ടുകളും BGM എന്നിവയും ശരാശരി.

🔰🔰🔰Last Word🔰🔰🔰

രണ്ട് മണിക്കൂർ 20 മിനുട്ടിൽ അനാവശ്യമായ കുറേ രംഗങ്ങൾ കുത്തിതിരുകിയതിനാൽ ചിലയിടങ്ങളിൽ മുഷിപ്പിക്കുന്നു എങ്കിലും ഒരുതവണ തീയേറ്ററിൽ കണ്ടു മറക്കാം ഈ ശംഭുവിനെ.അവസാനത്തെ 20 മിനിറ്റ് + സസ്പെൻസ് എന്നിവ ഒരു മുതൽക്കൂട്ടായി കാണാം.