സിംഹള ദേശത്തെ റാണി പദ്മിനിയുടെ സൗന്ദര്യത്തെ പറ്റി സംസാരിക്കുന്ന തത്ത പറയുന്നത് കേട്ടു ചിത്തോറിലെ രാജാവായ രത്നസിംഹ ആ സൗന്ദര്യദാമത്തെ നേരിട്ട് കാണാൻ പുറപ്പെടുന്നു. തിരിച്ചു സ്വന്തം നാട്ടിൽ എത്തുന്നത്‌ പദ്മിനി എന്ന പദ്മാവതിയുടെ മനസ്സു കീഴടക്കി തന്റെ പട്ടമഹിഷി ആക്കിയാണ്. സൗന്ദര്യവും ബുദ്ധിയും ഒരേ പോലെ ഒത്തുചേർന്ന മനോഹരകാവ്യം എന്നാണ് പദ്മാവതി വിശേഷിക്കപ്പെട്ടത്. ഖിൽജി സാമ്രാജ്യത്തിലെ സുൽത്താൻ അലാവുദ്ധീൻ പദ്മാവതിയെ സ്വന്തമാക്കണം എന്ന് ആഗ്രഹിച്ചു എങ്കിലും രത്നസിംഹ കൊല്ലപ്പെടുന്നത് കുമ്പലഘർ രാജാവായ ദേവ്പാലുമായുള്ള ഏറ്റുമുട്ടലിലാണ്. പദ്മാവതിയെ സ്വന്തമാക്കാൻ ചിത്തോറിലെത്തിയെ ഖിൽജിയെ ആ വനിതാ തോൽപ്പിച്ചത് ആത്മാഭിമാനം കൊണ്ടും ത്യാഗം കൊണ്ടുമാണ്. അതാണ്‌ മാലിക് മുഹമ്മദ്‌ ജയാസിയുടെ പ്രശസ്ത കവിതയായ പത്മാവത് പറയുന്നത്. ഇത് സിനിമയാകുമ്പോൾ എന്തൊക്കെ മാറ്റങ്ങൾ വരും??

🎬Movie – Padmaavat (2018)

🎥Genre – Periodical Drama

🔰🔰🔰Whats Good??🔰🔰🔰

കഥാപാത്രങ്ങളുടെ എക്സ്പൊസിഷൻ, കഥയോട് ചേർന്ന് നിൽക്കുന്ന പശ്ചാത്തല സംഗീതം, അഭിനേതാക്കളുടെ ഗംഭീര പ്രകടനവും ദൃശ്യ ഭംഗിയും.

🔰🔰🔰Whats Bad??🔰🔰🔰

ക്ഷമിക്കാവുന്ന കുറവുകൾ മാത്രം. ദൈർഘ്യവും അനാവശ്യ 3Dയും.

🔰🔰🔰Watch Or Not??🔰🔰🔰

എന്ത് കൊണ്ട് ഈ സിനിമയിൽ ഞാൻ അധികം കുറവുകൾ ഒന്നും കണ്ടില്ല എന്തെന്നാൽ കുറവുകൾ ഒന്നും തന്നെ കണ്ണിൽ തടഞ്ഞില്ല എന്ന് വേണം പറയാൻ. ടൈറ്റിൽ കാർഡിൽ തന്നെയുള്ള പശ്ചാത്തല സംഗീതം സിനിമയുടെ മൊത്തം മൂഡും നമ്മളോട് പറയും. ഛായാഗ്രഹണം,ലൈറ്റിംഗ് എന്നിവയൊക്കെ കാണാൻ പോകുന്നത് നല്ലൊരു സിനിമ ആയിരിക്കുമെന്ന് തോന്നിപ്പിച്ചു.അതു സത്യവുമായിരുന്നു.

ഓരോ കഥാപാത്രത്തിനും ഓരോ എക്സ്പൊസിഷനുണ്ട്.അതു കൃത്യമായി നൽകുന്നതിൽ പത്മാവതി വൻവിജയമാണ്. സുഗന്ധതൈലം പെണ്ണിന്റെ ഉടലിലേക്ക് കുടഞ്ഞു,അവളുടെ മേനി തന്നിൽ ഉരസി തന്റെ ശരീരത്തിൽ സുഗന്ധം വിതറുന്ന ഖിൽജി എന്ത് കൊണ്ട് പത്മാവതിയെ കാണണം എന്ന അതീവ ആഗ്രഹത്താൽ 6 മാസക്കാലം കൊടും വേനലിൽ കാത്തിരുന്നു എന്ന് നമുക്ക് കാണിച്ചു തരുന്നു. അവളെ സ്വന്തമാക്കിയാൽ രാജ്യങ്ങളും സാമ്രാജ്യങ്ങളും തന്റെ മുന്നിൽ അടിയറവു പറയുമെന്ന പൊയ്‌വാക്കിൽ ഖിൽജി വിശ്വസിച്ചാലും ഇല്ലെങ്കിലും സ്ത്രീയുടെ ഗന്ധം അയാൾക്കൊരു ലഹരിയാണെന്ന് സിനിമ പറയുന്നു. സ്ത്രീസൗന്ദര്യത്തോളം വില അയാൾ ഒന്നിനും നൽകിയുമില്ല. ഈ ലോകത്ത് ഏറ്റവും കൂടുതൽ അയാൾ സ്നേഹിച്ചത് തന്നെ തന്നെയാണ്. പദ്മാവതി എന്ന സൗന്ദര്യധാമത്തെ സ്വന്തമാക്കിയാൽ അവൾ “എന്റെ സ്വന്തം” എന്ന ഗർവ് അയാളുടെ സ്വാർത്ഥതയെ കാണിക്കുന്നു.

രഥൻ സിംഗ് രജപുത്ര വംശത്തിന്റെ തിലകക്കുറിയാണ്.,സത്യം,നീതി എന്നിവയ്ക്കായി തന്റെ ജീവിതം തന്നെ അർപ്പിക്കുന്നു. പദ്മിനിയോടുള്ള അയാളുടെ പ്രേമം ഒരു കവിത പോലെ മനോഹരമായി ചിത്രത്തിൽ കാണിക്കുന്നുണ്ട്. അയാളുടെ കണ്ണുകളിലേ പ്രണയം,ഭാര്യയെ അപമാനിക്കുന്ന സംസാരം ഉണ്ടാകുമ്പോൾ കണ്ണുകളിലെ അഗ്നി, എത്ര യാതന സഹിച്ചാലും ഭാര്യയെ ആരുടെ മുന്നിലും വിട്ടുകൊടുക്കാതെ മനോഭാവം എന്നിവയൊക്കെ നമുക്ക് കാണിച്ചു തരുന്നത് ഗംഭീരമായ സംഭാഷണങ്ങളിലൂടെയാണ്.

പദ്മാവതിയുടെ ആത്മാഭിമാനത്തിന്റെ കഥ പറയുമ്പോൾ അവരുടെ ത്യാഗം എടുത്തു പറയേണ്ട ഒന്നാണ്. ചരിത്രപരമായി ഇങ്ങനെയൊരു ആൾ ഉണ്ടോ ഇല്ലയോ എന്നതൊക്കെ ഇന്നും തർക്കം ആണെന്നിരിക്കെ സിനിമയിലെ പദ്മാവതി യഥാർത്ഥ പ്രണയത്തിന്റെ, ഉത്തമ ഭാര്യയുടെ നല്ലൊരു ഉദാഹരണമാണ്. സൗന്ദര്യം മാത്രമല്ല,കാതങ്ങൾക്കപ്പുറമിരുന്നു ശത്രുവിന്റെ തല കൊയ്യാനുള്ള കൗശലം ഉപയോഗിക്കുന്നതിൽ നിന്നും റാണിയുടെ ബുദ്ധികൂർമ്മതയും നമുക്ക് കാണിച്ചു തരുന്നു.

ജിം സർഭ് അവതരിപ്പിച്ച കഥാപത്രമായ അടിമ ആരെയും ആകർഷിക്കുന്നതാണ്‌. രാബ്താ എന്ന മോശം ചിത്രത്തിന് ശേഷം നല്ലൊരു റോളിൽ ജിമിനെ കാണാനായി. ഒരുപാട് ആഴങ്ങളിലേക്ക് ചിന്തിപ്പിക്കുന്ന ഒരു കഥാപാത്രം.

ഛായാഗ്രഹണം,പശ്ചാത്തല സംഗീതം, സൗണ്ട് മിക്സിങ് എന്നിവയൊക്കെ അതിഗംഭീരം. രൺവീർ സിങിന്റെ കണ്ണുകൾ ഒരിക്കലും മറക്കില്ല…അത്രയ്ക്ക് നന്നായി അയാൾ പെർഫോം ചെയ്തിട്ടുണ്ട്. കാഴ്ചയിൽ ഖാൽ ഡ്രാഗോയെ അനുസ്മരിപ്പിക്കുന്നുണ്ട്.എന്നാൽ അഭിനയത്തിൽ ഗംഭീരം! ഈ സിനിമ കൊണ്ട് ഏറ്റവും ഗുണം ഉണ്ടാകുന്നതും സിങിന് തന്നെയാണ്.

സിനിമയുടെ കഥ പറയാനെടുത്ത സമയം കൂടുതലായി അനുഭവപ്പെട്ടു. ബോറായോ ഡ്രാഗിങ് ആയോ ഒന്നും തന്നെ അനുഭവപ്പെട്ടില്ല എങ്കിലും ചെറിയൊരു കഥ പറയാൻ ഇത്ര സമയം വേണോ എന്ന് ആരും ചോദിച്ചു പോകും.സിനിമ തുടങ്ങിയപ്പോൾ 3D ആണെന്ന് മനസ്സിൽ ഉണ്ടായി എങ്കിലും ഒന്നോ രണ്ടോ സീനുകൾ ഒഴികെ നാം കാണുന്നത് ഒരു ത്രിമാന ചിത്രമാണെന്ന് ഒട്ടും ഓർമ്മിപ്പിക്കാത്ത വിധം ആയിരുന്നു. ഓരോ ഫ്രെയിമും ഭംഗിയുള്ളതിനാൽ നോർമൽ ആയാലും ഗംഭീരം തന്നെയാകും എന്നുറപ്പ്!

🔰🔰🔰Last Word🔰🔰🔰

ഗംഭീര പ്രകടനം + ടെക്ക്നിക്കൽ ബ്രില്യൻസ് + മികവുറ്റ സംഭാഷണങ്ങൾ + സംതൃപ്തി എന്നീ കാര്യങ്ങൾ ചേർത്ത് സഞ്ജയ്‌ ലീല ബൻസാലി ഒരുക്കിയ ഈ ചിത്രം തീയേറ്ററിൽ നല്ലൊരു അനുഭവം സമ്മാനിക്കും. തൃപ്തിയോടെ തീയേറ്റർ വിട്ടിറങ്ങാം..