ഏറ്റവും കൂടുതൽ സിനിമകളുള്ളത് കമ്യൂണിസ്റ്റ് പാർട്ടിയുടെ പേരിലായിരിക്കും. മലയാളസിനിമയിൽ ചങ്കൂറ്റമുള്ള നായകനെ കമ്യൂണിസ്റ്റ് ആക്കി കാണിക്കുമ്പോൾ സ്വീകരണം ലഭിക്കും എന്നതിൽ സംശയമില്ല. ഇതിലെ നായകനും ഒരു സഖാവാണ്. സഖാവ് അലക്സ്. ജീവിതത്തിൽ ഒന്നിനു പിറകിൽ ഒന്നായി ദുരന്തങ്ങൾ മാത്രം സംഭവിച്ച അലക്സിന്റെ ജീവിതമാണ് പരോൾ.

🔰🔰🔰Whats Good??🔰🔰🔰

ലോജിക് കൃത്യമായി ഉൾക്കൊള്ളിച്ച രോമാഞ്ചം ഉണർത്തുന്ന ആക്ഷൻ രംഗങ്ങളും കരളലിയിക്കുന്ന സെന്റി സീനുകളും ഞെട്ടി മുടി വരെ പൊങ്ങി നിൽക്കുന്ന ട്വിസ്റ്റുകളും നിറഞ്ഞ ക്ലൈമാക്‌സും.

🔰🔰🔰Whats Bad??🔰🔰🔰

ഇത്രയും നല്ല സീരിയൽ വെറും രണ്ടര മണിക്കൂറിൽ ഒതുക്കിയത്.

🔰🔰🔰Watch Or Not??🔰🔰🔰

തീർച്ചയായും ഓരോ മലായളികളും കണ്ടിരിക്കേണ്ട ഒരു ചിത്രമാണ് പരോൾ. കാലാകാലങ്ങളായി നാം കണ്ടുകൊണ്ടിരുന്ന പെണ്ണിനെ ബലാത്സംഗം ചെയ്യാൻ റൗഡി പോകുമ്പോൾ രക്ഷപ്പെടുത്തുന്ന നായകൻ എന്ന ക്ളീഷേ പരോൾ പൊളിച്ചെഴുതുന്നുണ്ട്. ജയിലിൽ വെച്ച് ഒരു “ആണിനെ” ബാലാലസംഗം ചെയ്യാൻ പോകുന്ന കുണ്ടന്നൂരുകാരൻ ബുള്ളറ്റ് രാഘവനെ ഇടിച്ചു സെല്ലിലേക്ക് വലിച്ചു കയറ്റുന്നിടത്താണ് സഖാവ് അലക്സിന്റെ ആദ്യത്തെ ഹീറോയിസം കാണിക്കുന്നത്.

പിന്നീട് ഫ്‌ളാഷ്ബാക്കിൽ കാട്ടിൽ ഇറങ്ങുന്ന ആനയെ പേടി ആണെങ്കിൽ ആ പേടി എങ്ങനെ മാറ്റാം എന്ന് ഈ സീരിയൽ കാണിച്ചു തരുന്നുണ്ട്. ആന ഇറങ്ങുന്ന ഏരിയയിൽ താമസിക്കുന്നവർ ടോറന്റിനായി കാത്തിരിക്കാതെ വേഗം തീയേറ്ററിൽ പോകണം എന്നപേക്ഷ. ചുവന്ന കൊടി ആരേലും മാറ്റാൻ ശ്രമിച്ചാൽ അവിടെ പറന്നെത്തുന്ന സഖാവായി നാടിനും നാട്ടുകാർക്കും ഒരേപോലെ പ്രിയങ്കരനായ അലക്സിന്റെ ജീവിതത്തിൽ പിന്നീട് വരുന്ന ട്രാജഡികൾ കാണുമ്പോൾ മേജർ രവി പടങ്ങളെയും ജോണി ആന്റണി പടങ്ങളെയും വെല്ലുന്ന ദുരന്തങ്ങൾ ഉണ്ടെന്ന തിരിച്ചറിവ് നമുക്കുണ്ടാകും.

തിരക്കഥയിൽ കോൺഫ്ലിക്ട്സ് വരുന്നിടത്താണ് ആകാംക്ഷ ജനിക്കുന്നത്. ഇടവേള കഴിഞ്ഞയുടൻ കുറെ പേര് എന്തുകൊണ്ട് ഇറങ്ങിപ്പോയി എന്നറിയില്ല. ഒരുപക്ഷെ സീരിയൽ ഇഷ്ടപ്പെടുന്ന വീട്ടിലുള്ളവരെ കൂട്ടിക്കൊണ്ടു വരാൻ പോയതാകാം. എന്തായാലും നായകനു പരോൾ കിട്ടുമോ ഇല്ലയോ എന്നുള്ള കാര്യങ്ങൾ കാണിച്ചുള്ള ടെൻഷൻ അവർ മിസ്സ്‌ ചെയ്തു. പരോളിൽ ഇറങ്ങിയ നായകൻ ഒരു കൊലപാതകത്തിനും കവർച്ചയ്ക്കും തുമ്പുണ്ടാക്കി പ്രതിയെ കണ്ടെത്തുന്ന ഹോംസായി മാറുന്നതും മിസ്സ്‌ ചെയ്തു.

മാനുഷിക വികാരങ്ങൾ ഇത്രയേറെ ഭംഗിയായി കാണിച്ച സിനിമയില്ല എന്ന് തന്നെ പറയാം. അച്ഛനും മകനും തമ്മിലുള്ള ബന്ധവും മകന്റെ തെറ്റിധാരണയും മകന്റെ വ്യക്തിത്വവും എല്ലാം ഒരു മികച്ച തിരക്കഥ എങ്ങനെയുണ്ടാക്കാം എന്നുള്ളതിന്റെ മാതൃകയാണ്. അവസാന രംഗങ്ങളൊക്കെ കണ്ണുകളെ ഈറനണിയിക്കുന്നു. നായകൻ പരോളിൽ എത്തി എല്ലാവരെയും നന്നാക്കി തിരിച്ചു പോകുന്നിടത്ത് പടം ഫിനീഷാ… ഹോ… ദുഃഖവെള്ളി ഇന്നല്ലല്ലോ അല്ലേ…

🔰🔰🔰Last Word🔰🔰🔰

പരോളിൽ ഇറങ്ങുന്ന സുഖം എന്തെന്ന് അറിയണം എങ്കിൽ നിങ്ങൾ പരോൾ കണ്ടിറങ്ങണം. ഹോ… എന്താ സുഖം !!!