ആലിയ എന്ന നടിയുടെ ഗംഭീര പ്രകടനവുമായി എത്തുന്ന ഈ ചിത്രം ഒരു ത്രില്ലർ ഡ്രാമയാണ്. ഡ്രാമ എലെമെന്റ്സ് സിനിമയിൽ ഉണ്ടെങ്കിലും ഭൂരിഭാഗം സമയവും ഒരു എഡ്ജ് ഓഫ് സീറ്റർ ത്രില്ലർ എന്ന രീതിയിൽ തന്നെയാണ് മുന്നോട്ടു പോകുന്നത്. രാജ്യസ്നേഹം എന്ന ലേബലിൽ വരുന്ന ഈ സിനിമ കണ്ടു കഴിഞ്ഞു പല ചിതറിയ ചിന്തകളും മനസ്സിലെത്തി. റാസി എന്ന ചിത്രം രണ്ടു രീതിയിൽ കാണാം. ഒന്നു സ്വന്തം രാജ്യത്തിനു വേണ്ടി ശത്രുരാജ്യത്തെ സമർത്ഥമായി കബളിപ്പിച്ച ഒരു പെൺകുട്ടിയുടെ കഥ. രണ്ട്‌.. രാജ്യം എന്ന കൺസെപ്റ്റ് മാറ്റി വെച്ച് മനുഷ്യത്വപരമായി ചിന്തിച്ചാൽ ആലിയയുടെ കഥാപാത്രം ഏറ്റവും നീചമായ ഒന്നായും തോന്നാം.

സാധാരണ ഞാൻ എഴുതുന്ന ഒരു ഫോർമാറ്റിൽ ഈ സിനിമയെ പറ്റി എഴുതുന്നില്ല. സിനിമ എന്ന നിലയിൽ അതിഗംഭീരം തന്നെയാണ് റാസി. ഒരിക്കലും ബോറടിപ്പിക്കാത്ത ഒരു സിനിമ. നല്ല അഭിനയം, പശ്ചാത്തല സംഗീതം തുടങ്ങിയവ.. തീർച്ചയായും ഇക്കൊല്ലത്തെ മികച്ച സിനിമകളിൽ ഒന്നു. തുടർന്ന് കണ്ടവർ മാത്രം വായിക്കുക.

ഇന്ത്യൻ ഇന്റെലിജെൻസിൽ ജോലി ചെയ്യുന്ന ഒരാൾ പാകിസ്താനിലെ ഒരു ജനറലിന്റെ വിശ്വാസം പിടിച്ചു പറ്റുന്നുണ്ട്. ട്യൂമർ വന്നു മരണം അടുത്തെത്തുന്ന വേളയിൽ അയാൾ അറിയുന്നു പാകിസ്ഥാൻ രഹസ്യമായി എന്തോ പ്ലാൻ ചെയ്യുന്നു എന്ന്. മരണം അടുത്തെത്തിയ മാത്രയിൽ അയാൾക്ക് ഒന്നും ചെയ്യാനില്ല. അയാൾ കണ്ടെത്തിയ മാർഗം സ്വന്തം മകളെ പാക് ജനറലിന്റെ മകന് നിക്കാഹ് ചെയ്തു കൊടുക്കുക എന്നതാണ്. മകൾ വഴി രഹസ്യങ്ങൾ ചോർത്തുക. മകൾക്കു പരിശീലനം നൽകി അവിടേക്ക് അയക്കുന്നു. മരിക്കാൻ പോകുന്ന ഒരു വ്യക്തിയുടെ അവസാന ആഗ്രഹം എന്ന നിലയിൽ ജനറൽ ആലിയയെ സ്വന്തം മകൾ എന്ന നിലയിൽ കാണുന്നു. ഒരുപാട് സ്നേഹിക്കുന്നു. ആലിയയുടെ ഭർത്താവ് നല്ലൊരു മനുഷ്യനും പട്ടാളക്കാരനും ആയിരുന്നു. അവർക്കിടയിൽ ആദ്യമൊക്കെ അകൽച്ച ഉണ്ടെങ്കിലും പിന്നീട് സ്നേഹം എന്ന വികാരത്തിൽ അവർ കൂടുകൂട്ടുന്നു.

രഹസ്യങ്ങൾ ചോർത്തുന്ന വഴിയിൽ ആലിയയ്ക്ക് കൊലപ്പെടുത്തേണ്ടി വരുന്നത് ഭർത്താവിന്റെ സഹോദരനെയും ആ വീട്ടിലെ ഒരു വിശ്വസ്തനായ ജോലിക്കാരനെയുമാണ്. സ്വന്തം രാജ്യമായ പാകിസ്ഥാന് വേണ്ടി ഒരു പട്ടാളക്കാരനായി ജീവിച്ചു എന്നൊരു തെറ്റു മാത്രമേ അയാളിൽ കണ്ടുള്ളൂ. സിനിമയുടെ അവസാനം നിരപരാധികൾ വരെ കൊല്ലപ്പെടുന്നുണ്ട്. അവർ പാകിസ്ഥാനികൾ ആയതിനാൽ ഒരുപക്ഷെ അർഹിക്കുന്ന ഇമോഷൻ ലഭിക്കുന്നില്ലായിരിക്കാം. ഇന്ത്യയ്ക്ക് വേണ്ടി ആലിയ റിസ്ക് എടുക്കുന്നു. അവരുടെ രാജ്യത്തിന് വേണ്ടി അവരും. സിനിമ കഴിയുമ്പോൾ രണ്ടു ആണ്മക്കളെയും നഷ്ടപ്പെട്ട പാക് ജനറലിനോട് തോന്നുന്ന അനുകമ്പ വളരെ വലുതാണ്.

രാജ്യങ്ങൾ തമ്മിലുള്ള അതിർവരമ്പുകളിൽ മനുഷ്യത്വം മരിക്കാതെ ഇരിക്കട്ടെ. മതത്തിനു വേണ്ടി പൊരുതുന്നവരും രാജ്യത്തിന് വേണ്ടി പൊരുതുന്നവരും പ്രസ്ഥാനത്തിന് വേണ്ടി പൊരുതുന്നവരും രക്തം കൊണ്ടാണ് തങ്ങളുടെ പാത മുന്നോട്ടു നയിക്കുന്നത് എങ്കിൽ ഒന്നിലും വിശ്വസിക്കാതെ ഒരു മനുഷ്യൻ.. സ്നേഹം ആണെന്റെ മതം, ജാതി, രാജ്യം എന്ന് പറഞ്ഞു അതിൽ ജീവിക്കൽ ആണ് ഉത്തമം.