ഫാന്റം ഫിലിംസിന്റെ ഭാവേഷ് ജോഷി സൂപ്പർ ഹീറോ എന്ന സിനിമയ്ക്ക് പ്രതീക്ഷകൾ ഏറെയായിരുന്നു. ഒന്നാമത്തെ കാര്യം Trapped ന് ശേഷമുള്ള വിക്രമാദിത്യ മോത്വാനിയുടെ ചിത്രം, അനുരാഗ് കശ്യപിന്റെ തൂലിക, സംവിധായകനായ നിഷികാന്ത് കമ്മത്തിന്റെ വില്ലൻ വേഷം, സൂപ്പർ ഹീറോ ഴോണറിലെ ഒരു സിനിമ സിനിമയിൽ റിയാലിറ്റി വളരെയധികം കൈകാര്യം ചെയ്യുന്ന അണിയറപ്രവർത്തകർ എപ്രകാരമാണ് ചെയ്തിരിക്കുന്നത് എന്നത് അറിയാനുള്ള ആകാംക്ഷ ആദ്യദിനം ആദ്യത്തെ ഷോയിൽ തന്നെ എത്തിച്ചു.

🔰🔰🔰Whats Good??🔰🔰🔰

ഒരു വിജിലാൻഡെ ചിത്രം ഒരുക്കുമ്പോൾ സിനിമ പറയുന്ന രാഷ്ട്രീയം ശക്തമായിരിക്കണം. മുംബൈയിലെ കുടിവെള്ള പ്രശ്നവും അതിന്റെ അഴിമതിയും അതിലൂടെ ഒരു സൂപ്പർ ഹീറോയെ വാർത്തെടുത്ത രീതിയും സിനിമയുടെ മൊത്തം അന്തരീക്ഷവും ഈ ഴോണറിലെ ചിത്രങ്ങളുടെ പട്ടികയിൽ മുന്നിലെത്തിക്കുന്നു.

🔰🔰🔰Whats Bad??🔰🔰🔰

സിനിമാറ്റിക് ലിബർട്ടി എടുത്ത പല രംഗങ്ങളും ഒരു കുറവായി പറയാം. പക്ഷെ അതൊന്നും ആസ്വാദനത്തെ ബാധിക്കുന്നില്ല.

🔰🔰🔰Watch Or Not??🔰🔰🔰

സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത ബാഷ എന്ന ചിത്രം സൗത്ത് ഇന്ത്യയെ സ്വാധീനിച്ചതിനു കയ്യും കണക്കുമില്ല. അനീതിക്കെതിരെ പോരാടുന്ന രണ്ടു പേർ. അതിൽ ഒരുവന് കൊടുക്കേണ്ടി വരുന്നത് സ്വന്തം ജീവൻ തന്നെയാണ്. കൂട്ടുകാരനായ മാണിക്യം അവന്റെ പേര് കൂടെ ചേർത്ത് മാണിക്ക് ബാഷ ആയി ഒറ്റയ്ക്ക് പോരാടുന്നു. ഒരു വൻ മാൻ ആർമി. വർഷങ്ങൾ പഴക്കമുള്ള ഇതേ കഥ തന്നെ ശക്തമായ രാഷ്ട്രീയവും റിയാലിറ്റിയും കൂട്ടിക്കലർത്തി ഇന്നത്തെ നമ്മുടെ രാജ്യത്തിന്റെ സാമൂഹിക അവസ്ഥയിൽ പറഞ്ഞാൽ… അതാണ്‌ ഭാവേഷ് ജോഷി എന്ന സൂപ്പർ ഹീറോ.

ഭാവേഷ് ജോഷിയും സിക്കന്ദർ ഖന്നയും സമൂഹത്തിൽ നടക്കുന്ന അക്രമങ്ങൾക്കും അഴിമതിക്കുമെതിരെ പോരാടാനായി ഇറങ്ങിത്തിരിക്കുന്നത് സോഷ്യൽ മീഡിയയിലൂടെ ജനങ്ങളിൽ എത്തിക്കുന്നു. ഇൻസാഫ് എന്ന പേരിലുള്ള അവരുടെ പ്രവർത്തനങ്ങൾ അഴിമതി രാഷ്ട്രീയം കൊണ്ട് ജീവിക്കുന്ന പല ഉന്നതർക്കും തലവേദനയാകുന്നു. അവരുടെ തിരിച്ചടികളും ഉയിർത്തെഴുന്നേൽപ്പും കൂടി സൃഷ്ടിക്കുന്നത് ഒരു സൂപ്പർ ഹീറോയെ ആണ്.. ഭാവേഷ് ജോഷി…

ഭാവിയിൽ ഇതിനൊരു സീക്വൽ ഉണ്ടാകുമോ എന്നറിയില്ല. ഒരു സൂപ്പർ ഹീറോ ഒറിജിനൽ മൂവി പോലെയാണ് കഥ നീങ്ങുന്നതും അവസാനിക്കുന്നതും. ഇന്നത്തെ സാഹചര്യത്തിൽ നമ്മുടെ രാജ്യത്ത് വരേണ്ടത് മറ്റു ഗ്രഹത്തിൽ നിന്നും വരുന്ന ഏലിയനെ പിടിച്ചു കെട്ടുന്ന അത്ഭുത ശക്തിയുള്ള ഒരു സൂപ്പർ ഹീറോയല്ല. ഒരു വിജിലാൻഡെയാണ്. ഒരു ഫാന്റസി സ്റ്റോറി തിരഞ്ഞെടുക്കാതെ ഇപ്രകാരം ചിന്തിച്ചത് തന്നെ ആശ്വാസകരമാണ്. അതിനാൽ തന്നെ കൃഷ് ഒക്കെ ഭാവേഷിനു മുന്നിൽ കോമഡിയായി തോന്നാം. G-One, Flying Jatt, Drona എന്നിവരൊക്കെ റിലീസ് സമയത്തു തന്നെ കോമഡി ആയതാണല്ലോ.

ഞങ്ങൾ മാർവൽ അല്ല DC ആണെന്ന് തുടക്കത്തിൽ തന്നെ പറഞ്ഞതിനാൽ ആകണം ഒരു ഡാർക് ഗ്രാഫിക്സ് നോവൽ വായിക്കുന്ന ഫീലാണ് സിനിമ നൽകിയത്. സിനിമയുടെ പശ്ചാത്തല സംഗീതം, ഛായാഗ്രഹണം എന്നിവയൊക്കെ സിനിമയുടെ ആസ്വാദനം പൂർണ്ണമാക്കുന്നതിൽ വലിയൊരു പങ്കു വഹിച്ചെന്നു പറയാതെ വയ്യ.

ആദ്യചിത്രം ഒരു ഡിസാസ്റ്റർ ആയെങ്കിലും ഈ ചിത്രത്തിലൂടെ നല്ലൊരു ബ്രേക്ക്‌ ഹർഷവർധൻ കപൂറിന് ലഭിക്കുമെന്നു വിശ്വസിക്കുന്നു. ഇന്നത്തെ ദിവസം തന്റെ സഹോദരിമാരുടെ, സ്വന്തം കുടുംബത്തിന്റെ പ്രൊഡക്ഷൻ കമ്പനിയുടെ സിനിമയും കൂടെ റിലീസ് ആയിട്ടുണ്ട് എന്നത് മറ്റൊരു പ്രേത്യേകത. പ്രിയൻഷു പൈന്യുലി ആയുള്ള ഹർഷ്വർധന്റെ കോമ്പിനേഷൻ സീനുകൾ എല്ലാം നന്നായിരുന്നു. രണ്ടര മണിക്കൂർ എന്ന ദൈർഘ്യം കുറച്ചു കൂടുതലായി എന്നൊരു തോന്നൽ ഉണ്ടെങ്കിലും അനാവശ്യ രംഗങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്നത് ആ കുറവിനെ കണക്കിലെടുക്കുന്നില്ല.

🔰🔰🔰Last Word🔰🔰🔰

മൊത്തത്തിൽ നല്ലൊരു തീയേറ്റർ എക്സ്പീരിയൻസ് ആണ് ഭാവേഷ് ജോഷി സമ്മാനിച്ചത്. ഇക്കൊല്ലം ബോളിവുഡ് സിനിമകളാണ് കൂടുതലും തൃപ്തിപ്പെടുത്തിയത്.. ആ കൂട്ടത്തിലേക്ക് ഒരെണ്ണം കൂടി..