🔺️He once kill seven men with an umbrella. With a fuckin’ umbrella….

🔻Is that a black umbrella??

🔺️Yeah!! How You Know That??

🔻അതൊക്കെ അറിയാം. പാ. രഞ്ജിത്തിന് വ്യക്തമായ രാഷ്ട്രീയമുണ്ട്.

🔰🔰🔰കാലയും രാഷ്ട്രീയവും. 🔰🔰🔰

എരിവും പുളിയും ഉപ്പും മുളകും ദാസനും വിജയനും ജമ്പനും തുമ്പനും എന്നത് പോലെയാണ് രാഷ്ട്രീയവും രഞ്ജിത്തും. ഇദ്ദേഹത്തെ കുറിച്ച് പറയുമ്പോൾ സിനിമയിലെ അദ്ദേഹത്തിന്റെ രാഷ്ട്രീയവും വിഷയമാകാറുണ്ട്. കബാലിയിൽ പറഞ്ഞ അതേ കാര്യം തന്നെ വീണ്ടും പറയാനായി കാല എത്തിയിരിക്കുകയാണ്. പശ്ചാത്തലം മലേഷ്യയിൽ നിന്നും മാറി ധാരാവി ആകുമ്പോൾ നായകൻ ഒരു ഡോൺ തന്നെ. ഇത്തവണ കോട്ടും സ്യൂട്ടും ഇല്ല എന്ന വ്യത്യാസമുണ്ട്. പകരം അദ്ധ്വാനത്തിന്റെ നിറമായ കറുപ്പ് ആവോളം വാരിവിതറുന്നുണ്ട്.

ധാരാവിയിലെ ചേരികളിൽ നിറയുന്ന മാലിന്യത്തിൽ നിന്നും കൊണ്ട് സ്വച്ഛ് ഭാരത് എന്ന പോസ്റ്റർ കാണിക്കുന്നതിൽ നിന്നും തുടങ്ങുന്നു രാഷ്ട്രീയ രഞ്ജിത്തിന്റെ കഥ പറച്ചിൽ.. ധോബി ഘട്ടിലെ ഭൂമിതർക്കത്തിൽ നിന്നും നായകനെ എക്‌സ്‌പ്ലോർ ചെയ്തു കൊണ്ടാണ് തുടക്കം. വ്യത്യസ്ത രാഷ്ട്രീയ ചിന്താഗതിയുള്ള അച്ഛനെയും മകനെയും കാണിച്ചു കൊണ്ട് നീങ്ങുന്ന കഥയിൽ കറുത്ത നായകനെ സ്നേഹിക്കുന്ന/സ്നേഹിച്ചിരുന്ന വെളുത്ത നായികയുടെ ഇൻട്രോ മറ്റൊരു രാഷ്ട്രീയമായും കാണാം. ഹുമ ഖുറേഷിയുടെ റോളിൽ കുറച്ചുകൂടി പ്രായമുള്ള ആരെയെങ്കിലെയും കാസ്റ്റ് ചെയ്തിരുന്നെങ്കിൽ നന്നായേനെ എന്ന് തോന്നി. എത്രയൊക്കെ നര വരുത്തിയാലും ആ കഥാപാത്രം മുഴച്ചു നിൽക്കുന്നുണ്ട്.

റൊമാൻസും ചെറിയ കോമഡി രംഗങ്ങളുമായി നീങ്ങുന്ന കഥയിൽ രജിനിയുടെ ഭാര്യയായി അഭിനയിച്ച അഭിനേത്രിയുടെ പ്രകടനം അതിഗംഭീരം ആയിരുന്നു. Chawl ൽ വസിക്കുന്നവരുടെ പ്രശ്നങ്ങളും നഗരനവീകരണം സർക്കാർ കൊണ്ടുവരുമ്പോൾ അവർ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും ഭൂമി തങ്ങൾക്കു എത്രത്തോളം പ്രാധാന്യപ്പെട്ടതാണ് എന്നുള്ളതുമായി നീങ്ങുന്ന ആദ്യപകുതിയിൽ ഇടവേളയ്‌ക്കു തൊട്ടുമുമ്പുള്ള ആക്ഷൻ സീനും നാനാ-രജിനി കണ്ടുമുട്ടലും അവരുടെ കോമ്പിനേഷൻ സീനുകളും ഇന്റർവെൽ പഞ്ചും നന്നായിരുന്നു. സിനിമയെപ്പറ്റിയുള്ള പ്രതീക്ഷ കൂട്ടുകയാണ് ഇവ ചെയ്തത്.

രണ്ടാം പകുതിയിൽ ഇതുവരെ സ്‌ക്രീനിൽ വന്ന എല്ലാ വിപ്ലവനായകന്മാരുടെ കഥയും പോലെ തന്നെ കാല മുന്നോട്ടു പോകുന്നു. മെലോഡ്രാമ പലയിടങ്ങളിലും പേസിങ്ങിനെ ബാധിക്കുന്നുണ്ട്. പാവങ്ങൾക്കായി പോരാടുന്ന നായകന്റെ നഷ്ടങ്ങളും തിരിച്ചടികളുമായി കഥ മുന്നേറുമ്പോൾ നാനയുടെ കഥാപാത്രം നിറഞ്ഞ കയ്യടി നേടുമ്പോൾ രജനിയുടെ സൂപ്പർ സ്റ്റാർ ടൈറ്റിൽ പോലെ ഡയലോഗും ഡെലിവെറിയും വർഷങ്ങൾ പഴക്കം ഉള്ളവയായിരുന്നു.

പോരാട്ടമാണ് നമ്മൾ നടത്തേണ്ടത് എന്ന് പറഞ്ഞു നായകൻ മിനുട്ടുകൾ കൊണ്ട് ധാരാവിയിൽ ഒരു മിന്നൽ പണിമുടക്ക് നടത്തുന്നത് കണ്ടപ്പോൾ ഒരൊറ്റ രാത്രി കൊണ്ട് ചേരി ഒഴിപ്പിച്ച ജഗന്നാഥനെ ആ ആൾകൂട്ടത്തിൽ കണ്ടതായി തോന്നി. ചേരിയിൽ കൂടിയുള്ള ആക്ഷനും പൊട്ടിത്തെറിയും അവസാനം ആൾക്കൂട്ടത്തിന്റെ നീതി നിർവഹണവും നായകനും വില്ലനും കൂടിയുള്ള ഹോളി ആഘോഷവും ആയി കാല അവസാനിക്കുമ്പോൾ തൃപ്തി ശരാശരി മാത്രം. സാങ്കേതിക വശങ്ങളിൽ ഇത്തിരി പിന്നിൽ ആണെങ്കിലും ശക്തമായ രാഷ്ട്രീയം കൊണ്ട് നിങ്ങളുടെ വയറു നിറച്ചു തരാം എന്നാണ് പറയുന്നത് എന്ന് തോന്നി. അതു മതി എന്നുള്ളവർക്ക് കാല പൂർണ്ണ തൃപ്തി നൽകും.

വാൽകഷ്ണം – സമൂഹനന്മയ്‌ക്കെതിരായി പ്രവർത്തിക്കുന്ന ഒരു കോർപ്പറേറ്റു ഭീമൻ മന്ത്രിയെ നോക്കി നായകൻ യാർ നീങ്കെ എന്ന് ചോദിക്കുമ്പോൾ നല്ല കയ്യടി ലഭിക്കുന്നുണ്ട്. സിനിമയിലെ നായകനായ രജനിക്ക് ഇതേ ചോദ്യം ഒരു പോരാളിയിൽ നിന്നും അഭിമുഖീകരിക്കേണ്ടി വന്നത് കാലത്തിന്റെ വിളയാട്ടം എന്നല്ലാതെ എന്ത് പറയാൻ.. #IamRajinikanth എന്ന ഹാഷ്ടാഗിന് കാലത്തിനു മുന്പേ സഞ്ചരിക്കാനുള്ള കഴിവുണ്ടോ ആവോ…