ഇന്ത്യയിലേ ആദ്യത്തെ സ്പേസ് ട്രാവൽ മൂവി എന്ന വിശേഷണവുമായാണ് ടിക് ടിക് ടിക് എത്തിയിരിക്കുന്നത്. പഴയൊരു കമലഹാസൻ ചിത്രത്തിനും ഇതേ ടൈറ്റിൽ ഉണ്ടായിരുന്നു. ഒരു ഇന്ത്യൻ സ്പേസ് ചിത്രം എത്തുമ്പോൾ എന്തൊക്കെ പോരായ്മകൾ ഉണ്ടാകും എന്ന് മനസ്സിൽ തോന്നുന്നുവോ അതെല്ലാം അങ്ങനെ തന്നെ അവതരിപ്പിച്ചിട്ടുണ്ട് ഈ സിനിമയിലും.

തന്റെ സിനിമയുടെ കാണികൾ ഇവരൊക്കെയാണ് എന്നുള്ള വ്യക്തമായ ധാരണ സംവിധായകന് ഉണ്ടായിരിക്കണം. കാരണം അധികം ലോജിക്കുകളെ പറ്റിയോ സയന്റിഫിക് അക്ക്യൂറസിയെ പറ്റിയോ ചിന്തിച്ചിട്ടില്ല. മറിച്ചു ആർക്കും മനസ്സിലാകുന്ന രീതിയിൽ സിംപിൾ ആയ ഒരു കഥ ഒരുക്കി രണ്ടു മണിക്കൂറിൽ എത്രത്തോളം എന്റർടൈൻമെന്റ് നൽകാൻ കഴിയുമോ എന്ന് മാത്രമാണ് ചിന്തിച്ചിരുന്നത്.

ഭൂമിയിൽ വന്നു പതിക്കാൻ പോകുന asteroid നിന്നും രക്ഷിക്കാൻ ഒരു ദൗത്യവും അതിനു വേണ്ടിയുള്ള ഒരു മിസൈൽ മോഷ്ടിക്കാൻ സ്‌പേസിലേക്ക് ഒരു കള്ളനെ അയക്കാൻ തിരഞ്ഞെടുക്കുകയും അയാളുടെ കൂട്ടാളികളുടെ കോമാളിത്തരങ്ങളും ഒക്കെയായി ഒന്നാം പകുതി നീങ്ങുന്നു. നായകനെ ബ്ലാക്‌മെയ്ൽ ചെയ്യുന്ന അജ്ഞാതനായ വില്ലനും കൂടി ചേരുമ്പോൾ ഇന്റർവെൽ ആയി. മൈക്കിൾ ബേയുടെ സിനിമയെ ഓർമപ്പെടുത്തുന്നു എന്ന് മാത്രമല്ല കൺകെട്ടുവിദ്യ അറിയുന്ന നായകൻ എന്ന് പറയുമ്പോൾ മറ്റുള്ള ഹോളിവുഡ് സിനിമകളും അവയിലെ പ്രശസ്ത രംഗങ്ങളും ഓർമ വരുന്നുണ്ട്.

രണ്ടാം പകുതി ആകുമ്പോൾ അബദ്ധത്തിൽ ചന്ദ്രനിൽ കാലുകുത്തിയ ആദ്യത്തെ ഇൻഡ്യൻ ആകുന്നുണ്ട് നായകൻ. കൊറിയയാണോ ചൈന ആണോ എന്ന് കൃത്യമായി പറയാത്ത ഒരു ശത്രുരാജ്യത്തിന്റെ സ്‌പേസ് സ്റ്റേഷനിൽ ഫ്യുവൽ നിറയ്ക്കാൻ ചെല്ലുന്നതും അവിടുന്ന് മിസൈൽ അടിച്ചു മാറ്റുന്നതുമൊക്കെ കോമഡി ആയോ സീരിയസ് ആയോ എടുക്കാം. അത് കാണുന്നവന്റെ മാനസികാവസ്ഥ പോലെയിരിക്കും.വില്ലൻ ആരാണെന്നുള്ള ആർക്കും ഊഹിക്കാവുന്ന സസ്‌പെൻസു അധികം നീട്ടിവെയ്ക്കാതെ കാണിക്കുന്നുണ്ട്. എല്ലാവരും ഞെട്ടട്ടെ! അവസാനം പാറയും പൊട്ടിച്ചു ലോകവും രക്ഷിച്ചു അവർ വരുന്നിടത്തു പടം ഫിനീഷാ… ആദ്യത്തെ ശ്രമം എന്ന പരിഗണന കൊടുത്തു കൊണ്ട് കണ്ടാൽ പോലും പല രംഗങ്ങളും ലോജിക്കും നമ്മെ നോക്കി പല്ലിളിച്ചു കാണിക്കുന്നുണ്ട്.മൊത്തത്തിൽ വേണമെങ്കിൽ ഒരുതവണ തീയേറ്ററിൽ കാണാവുന്ന ഒരു ചിത്രം. ആഖ്യാനം ബോറടി ഇല്ലാതെയാണ്. തൃപ്തിയുടെ കാര്യം ഉറപ്പ് പറയുന്നില്ല.