Brad Bird ചിത്രങ്ങളുടെ ഫാൻസിനു ആഘോഷിക്കുവാനുള്ള എല്ലാവകയും നൽകുന്ന ഒരു സമ്പൂർണ്ണ എന്റർടൈനർ തന്നെയാണ് Incredibles 2. ആദ്യഭാഗം എത്രത്തോളം ആസ്വദിച്ചുവോ അതേ അളവിൽ തന്നെ രണ്ടാം ഭാഗവും ആസ്വദിക്കാൻ കഴിയും. ഒന്നാം ഭാഗത്തിന്റെ അതേയളവിൽ തന്നെ രണ്ടാം ഭാഗം എത്തുക എന്നത് എല്ലാ സീരീസുകൾക്കും ലഭിക്കുന്ന ഭാഗ്യമല്ല.

സൂപ്പർ ഹീറോസുകളെ ഇല്ലീഗൽ ആയി ഗവണ്മെന്റ് പ്രഖ്യാപിച്ചതിനെ തുടർന്ന് ഒളിഞ്ഞുകൊണ്ട് തങ്ങളുടെ ദൗത്യം നിർവ്വഹിക്കുന്ന ബോബും കുടുംബവും എന്നെങ്കിലും തങ്ങൾക്കു സമൂഹത്തിന്റെ സ്വീകാര്യത കിട്ടുമെന്ന ശുഭാപ്തിവിശ്വാസത്തിൽ ജീവിക്കുകയാണ്. അവരുടെ ആഗ്രഹം നിറവേറ്റാനായി വിൻസ്റ്റൺ എന്നയാളും അയാളുടെ സഹോദരിയും എത്തുകയാണ്. സമൂഹത്തിനു സൂപ്പർഹീറോസിന്റെ നന്മകൾ കാണിച്ചുകൊണ്ട് അവരെ ലീഗൽ ആക്കണം എന്നതാണ് അവരുടെയും ആഗ്രഹം. അതിനായി വ്യക്തമായ പ്ലാനും അവരുടെ പക്കലുണ്ട്.

ബോബിനെക്കാൾ ഹെലൻ ആണ് തങ്ങളുടെ പദ്ധതിക്ക് കൂടുതൽ യോഗ്യതയുള്ള ആൾ എന്ന് പറയുന്നിടത്ത് സ്ത്രീയും പുരുഷനും തമ്മിലുള്ള ചെറിയ ഈഗോ രസകരമായി അവതരിപ്പിച്ചിരിക്കുന്നത് കാണാം. അതിലൂടെ ചെറിയൊരു വുമൺ എൻപവര്മെന്റ്റ് കൂടി നടത്തിയതും കൊള്ളാമായിരുന്നു. വയലറ്റിന്റെ ഒരു സബ്പ്ലോട്ടും അതിലൂടെ സിനിമയ്ക്ക് നൽകിയ ഏൻഡ് ഷോട്ടും കിടു ആയിരുന്നു.

സാമുവൽ L ജാക്‌സൺ ഫ്രോസോണ് ശബ്ദം നൽകിയപ്പോൾ അയാളുടെ സ്ഥിരം തെറിവിളി ഇപ്പൊ വരും എന്നൊക്കെ പ്രതീക്ഷിച്ചാലും അതുണ്ടായില്ല. ഇത്തവണ കൂടുതൽ നേരം സ്‌ക്രീനിൽ ഫ്രോസൺ ഉണ്ടായിരുന്നു. പിന്നെ മനസ്സിൽ നിൽക്കുന്നത് ജാക്ക് ജാക്കാണ്. ഏതാണ്ട് പത്തിൽ കൂടുതൽ സൂപ്പർ പവറുകൾ ഈ ക്യൂട്ട് ജാക്ക് ജാക്കിനുണ്ട്. ബോബ് അത് തിരിച്ചറിയുന്ന സീനൊക്കെ ബഹുരസം ആയിരുന്നു.

നമ്മൾ പ്രതീക്ഷിക്കുന്ന ആൾ ആയിരിക്കും വില്ലൻ എന്ന് വിചാരിച്ചിരുന്നതിനാൽ വന്ന ചെറിയൊരു ട്വിസ്റ്റ്‌ ഇഷ്ടമായി. പിന്നീടുള്ള ക്ലൈമാക്‌സും മറ്റുമായി രണ്ടുമണിക്കൂർ നന്നായി ചിരിച്ചു ആസ്വദിച്ച ഒരു ഗംഭീര സിനിമയാണ് ഇത്. പിക്‌സാർ ഇടയ്ക്കിടെ ഒന്നു മങ്ങി എങ്കിലും പൂർവാധികം ശക്തിയോടെ തിരിച്ചെത്തിയിരിക്കുകയാണ്. കോകോ പോലെ ഈ സിനിമയും പിക്‌സാറിന്റെ പ്രേക്ഷകർക്കുള്ള സമ്മാനമാണ്.