ഗ്രാമീണ പശ്ചാത്തലത്തിലുള്ള നല്ല ആക്ഷൻ ത്രില്ലറുകൾ ശശികുമാർ എന്ന സംവിധായകനും അഭിനേതാവും കൂടിയായ ആളിൽ നിന്നും തമിഴ് സിനിമയ്ക്ക് ലഭിച്ചിട്ടുണ്ട്. ആദ്യമൊക്കെ അതെല്ലാം ജനങ്ങൾ ഏറ്റെടുത്തു എങ്കിലും പിന്നീട് സ്ഥിരം ഫോർമാറ്റിൽ വരുന്ന അതേ കഥകൾ ബോക്സ് ഓഫീസിൽ പരാജയമടഞ്ഞിരുന്നു. ശശികുമാർ ചിത്രങ്ങളുടെ ഡിമാൻസ് കുറയുകയും ചെയ്തു. വീണ്ടുമൊരു സുബ്രഹ്മണ്യപുരം- നാടോടികൾ മാജിക് എന്നെങ്കിലും അദ്ദേഹത്തിൽ നിന്നുണ്ടാകും എന്നൊരു പ്രതീക്ഷയുണ്ട്.

അസുരവധം എന്ന പേര് കേൾക്കുമ്പോൾ തന്നെ ഒരു ആകർഷണീയത തോന്നിയിരുന്നു. ഇറങ്ങിയ ട്രെയ്‌ലറും വളരെ നന്നായിരുന്നു. കേരളത്തിൽ റിലീസ് ഉണ്ടാകില്ല എന്ന് കരുതി എങ്കിലും ഒരേ ദിവസം തന്നെ ഇവിടെയും തമിഴ്‌നാട്ടിലും പ്രദർശനത്തിനെത്തി. ആദ്യദിനം ആദ്യത്തെ ഷോ തന്നെ കണ്ടിറങ്ങി.

നായകനെ കാണിക്കുമ്പോൾ ഉള്ള പാട്ടില്ലാതെ, ഓവർ ഹീറോയിസം ഒന്നുമില്ലാതെയാണ് നായകൻറെ ഇൻട്രോ. ആദ്യപകുതിയിൽ വളരെക്കുറച്ചു സംഭാഷങ്ങൾ മാത്രമേ നായകനുള്ളൂ.. ഒരാളെ സ്കെച്ച് ചെയ്തു ഒരാഴ്ച അയാളെ മാനസികമായി പീഡിപ്പിച്ചു കൊലപ്പെടുത്തും എന്നൊരു മുന്നറിയിപ്പോടെ നായകൻറെ ശബ്ദം. തുടർന്ന് ഇരയും വേട്ടക്കാരനും തമ്മിലുള്ള ആടുപുലിയാട്ടം.. ആരാണ് അയാൾ? എന്തിനിങ്ങനെ പെരുമാറുന്നു? അയാളുടെ ലക്ഷ്യം എന്ത് എന്നിങ്ങനെ ഒരുപാട് ചോദ്യങ്ങൾ ആദ്യപകുതി അവസാനിക്കുമ്പോൾ ഉയരുന്നുണ്ട്.

രണ്ടാം പകുതിയിലും വേട്ട തന്നെയാണ്. ഇരയെ മനഃപൂർവ്വം രക്ഷപെടാൻ അനുവദിക്കുകയും വീണ്ടും വേട്ടയാടുകയും ചെയ്യുന്ന രീതിയിൽ വീണ്ടും വീണ്ടും കാണുമ്പോൾ ഒരു മടുപ്പ് തീർച്ചയായും പ്രേക്ഷകന് അനുഭവപ്പെടും. സിനിമയുടെ അവസാനത്തെ അരമണിക്കൂറിലാണ് എല്ലാത്തിനുമുള്ള ഉത്തരം നൽകുന്നത്. ഇത്രയും നേരം അയാളെ വേട്ടയാടി ഇമോഷണലി ടോർച്ചർ ചെയ്തത് എന്തിനു എന്ന് നമ്മളോട് പറയുമ്പോൾ കഥയുടെ സിംഹഭാഗവും പ്രതികാരത്തിനായി ഉപയോഗിച്ച രീതിയോടുള്ള മടുപ്പിന്റെ അളവ് കുറയും.

അനാവശ്യ പാട്ടുകളോ, ഹീറോയിസമോ ഒന്നും ഇല്ലാത്ത തിരക്കഥയിൽ മാത്രം ശ്രദ്ധ ചെലുത്തിയ തരക്കേടില്ലാത്ത ഒരു സിനിമയാണ് അസുരവധം. പറയത്തക്ക പുതുമയൊന്നും അവകാശപ്പെടാനില്ല. ശശികുമാറിന്റെ പ്രകടനം കുറച്ചൂടെ നന്നാക്കാമായിരുന്നു. സിനിമയുടെ ഒരു പ്രധാനരംഗത്തിന്റ തീവ്രത നായകന്റെ എക്സ്പ്രെഷനിലൂടെയാണ് പ്രേക്ഷകനിലേക്ക് എത്തുന്നത്. ആ പ്രധാനപ്പെട്ട ഭാഗത്തു ശശികുമാറിന്റെ അഭിനയം ശരാശരി ആയിരുന്നു. നന്ദിത ശ്വേതയുടെ കഥാപാത്രം ആവശ്യപ്പെടുന്ന പെർഫോമൻസ് ആ നടിയിൽ നിന്നും ഉണ്ടായതുമില്ല. ഈ കാരണങ്ങളാൽ എന്തിനു ചെയ്യുന്നു എന്നതിൽ പോയിന്റ് ചെയ്തു നീങ്ങുന്ന ഒരു സസ്പെൻസ് ത്രില്ലർ ഫ്‌ളാഷ്ബാക്ക് സീനുകളിൽ പിറകോട്ടു സഞ്ചരിക്കുന്നു എന്നത് ഒരു നെഗറ്റീവായി പറയാം.

മൊത്തത്തിൽ കഴിഞ്ഞ ശശികുമാർ ചിത്രങ്ങളെ അപേക്ഷിച്ചു നോക്കിയാൽ ഒരുപാട് ഭേദമാണ് ഈ ചിത്രം. അദ്ദേഹത്തിന്റെ താരമൂല്യം ഉയർന്നു നിന്നിരുന്ന സമയത്തു റിലീസ് ആയിരുന്നെങ്കിൽ നന്നായി ശ്രദ്ധിക്കപ്പെടുമായിരുന്ന ഒരു ചിത്രം.