മുഖമറിയാത്ത എന്റെ ശത്രുവിനെ കണ്ടെത്താനായി ഞാൻ ഒരു കോമാളിയെ പോലെ വേഷം മാറി നടന്നു. ആർഭാടം കാണിക്കാനായി പണമുള്ളവർ എത്തുന്ന ക്ലബ്ബ്കളിൽ ഡ്രൈവറായി ജോലി ചെയ്തു. ജാപ്പനീസും കൊറിയനും ജെർമനും വായിക്കാൻ അറിയാവുന്ന, കയ്യിൽ കൊറിയൻ വ്യാജ നോട്ടുമായി ചുറ്റുന്ന അയാളെ കണ്ടെത്തുക എന്നത് എളുപ്പമല്ല.. പക്ഷെ എനിക്ക് കണ്ടെത്തിയേ പറ്റൂ… പെട്ടെന്നുള്ളൊരു മരണമല്ല അവനു ഞാൻ ശിക്ഷയായി വിധിക്കുന്നത്..

Movie – The Tooth And The Nail (2017)

Language – Korean

Genre – Thriller

അബ്ദുള്ള ലീ എന്നൊരു വ്യത്യസ്തമായ പേരിൽ കൺകെട്ടുവിദ്യ നടത്തി ജീവിതം മുന്നോട്ടു നയിക്കുന്ന നായകന് കൂട്ടായി നായിക എത്തുന്നതാണ് സിനിമയുടെ തുടക്കം. ഇതൊക്കെ ഫ്‌ളാഷ്ബാക്കിൽ കാണിച്ചു കൊണ്ട് പാരലൽ ആയി ഒരു കോടതിമുറിയും കൊലപതാകവിചാരണയും കൂടി കാണിക്കുന്നുണ്ട്. പാസ്റ്റും പ്രെസെന്റും ഇടകലർത്തിയാണ് ആഖ്യാനം.

വളരെ സിംപിൾ ആയി നല്ലൊരു പ്രതികാരകഥ പറഞ്ഞിരിക്കുന്നു. സിനിമയുടെ കാലഘട്ടം കൊറിയയ്ക്ക് സ്വാതന്ത്ര്യം കിട്ടിയ കാലമാണ്. ആ സമയത്തെ വേഷവിധാനങ്ങളും മറ്റുമായി ടെക്ക്നിക്കലി സിനിമ മുന്നിൽ തന്നെ. ക്ലൈമാക്സിനോട് അടുക്കുമ്പോൾ ട്വിസ്റ്റ്‌, സസ്പെൻസ് എന്നിവയൊന്നും സംവിധായകൻ നമുക്കായി കരുതുന്നില്ല. എന്നിരുന്നാലും നല്ലൊരു സിനിമ ഒട്ടും ബോറടിക്കാതെ ത്രില്ലടിച്ചു കണ്ട ഒരു അനുഭവം നമുക്ക് ലഭിക്കും.