ജോകോ അൻവറിന്റെ Pengabdi Setan എന്ന ഇൻഡോനേഷ്യൻ ഹൊറർ ചിത്രം വളരെ പെട്ടെന്നാണ് മലയാളികൾക്കിടയിൽ പോപ്പുലർ ആയതു. എൺപതുകളിൽ ഇതേ പേരിൽ ഇറങ്ങിയ ഒരു ഹൊറർ ചിത്രത്തിന്റെ റീബൂട്ട് കം പ്രീക്വൽ ആയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അതിനാൽ തന്നെ സിനിമയുടെ അവസാനം എത്തുമ്പോൾ ചില സംശയങ്ങൾ നമ്മളിൽ ഉണ്ടാകും. അതിനുള്ള ഉത്തരം ആ പഴയ സിനിമ കണ്ടാലേ ഒരുപക്ഷെ കിട്ടുകയുള്ളൂ.

ഉമ്മയും വാപ്പയും നാല് മക്കളും അടങ്ങുന്ന ഒരു കുടുംബം. അതിൽ ഉമ്മ രോഗബാധിതയായി കിടപ്പിലാണ്. പരസഹായമില്ലാതെ ഒന്നും തന്നെ ചെയ്യാൻ കഴിയാത്ത അവസ്ഥയിൽ നിന്നും ഒരുനാൾ ഉമ്മ മരണപ്പെടുന്നു. കബറടക്കിനു ശേഷമുള്ള രാത്രികളിൽ ഉമ്മ തിരിച്ചെത്തി തങ്ങളെ അപായപ്പെടുത്താൻ ശ്രമിക്കുന്നതായി കുട്ടികൾക്ക് തോന്നുന്നു. ഉമ്മയുടെ ഭൂതകാലത്തെ കുറിച്ചുള്ള പല അറിവുകളും ഞെട്ടിപ്പിക്കുന്നവ ആയിരുന്നു.

ആദ്യത്തെ കുറച്ചു നേരത്തെ പതിഞ്ഞ താളത്തിനു ശേഷം സിനിമ വേഗത കൈവരിക്കുന്നുണ്ട്. മുസ്ലിം പശ്ചാത്തലത്തിൽ ഉള്ള ഒരു ഹൊറർ സിനിമ എന്നത് തന്നെയാണ് മുഖ്യ ആകർഷണം. അധികമായി ഹൊറർ സിനിമകളിൽ ഉപയോഗിക്കാത്ത പശ്ചാത്തലം ആയതിനാൽ തന്നെ സിനിമയിൽ കാണുന്ന പല രംഗങ്ങളും പുതുമ സമ്മാനിക്കുന്നുണ്ട്. അപകട രംഗങ്ങളും ക്ലൈമാക്‌സും ഇടയ്ക്കിടെ നമ്മെ ഞെട്ടിക്കുന്നുണ്ട് എന്നും ഓർമിപ്പിക്കുന്നു. മൊത്തത്തിൽ നല്ലൊരു അനുഭവം.