പ്രിത്വിരാജിന്റെ നൂറാമത്തെ ചിത്രമായ കൂടെ നസ്രിയയുടെ വിവാഹശേഷമുള്ള തിരിച്ചുവരവും ബാംഗ്ലൂർ ഡെയ്‌സിന് ശേഷമുള്ള അഞ്ജലി മേനോന്റെ സംവിധാനസംരംഭവുമാണ്. പ്രിത്വിയെ സിനിമയിലേക്ക് കൊണ്ടുവന്ന സംവിധായകൻ രഞ്ജിത്ത് ഈ ചിത്രത്തിൽ പ്രിത്വിയുടെ അച്ഛനായി അഭിനയിക്കുന്നു. എന്തുകൊണ്ടും പ്രേത്യേകത നിറഞ്ഞ സിനിമ തന്നെയാണ് കൂടെ.

ജോഷ്വയുടെയും ജെന്നിയുടെയും കഥയാണ് കൂടെ. ജെന്നിക്ക് അഞ്ചു വയസ്സുള്ളപ്പോൾ വിദേശത്തേക്ക് ജോലിക്ക് പോയതാണ് ജോഷ്വാ. തനിക്കൊരു ഇച്ചായൻ ഉണ്ടെന്നും അയാളെ താൻ ഒരുപാട് മിസ്സ്‌ ചെയ്യുന്നുണ്ടെന്നും ജെന്നി പറയുമ്പോൾ പോലും അതേപ്പറ്റി ജോഷ്വാ ചിന്തിച്ചിരുന്നില്ല. കുടുംബത്തോടുള്ള കടമയാണ് തന്റെ ജീവിതം എന്നുള്ള ചിന്തയിൽ അയാളുടെ സന്തോഷങ്ങൾ പോലും ത്യജിച്ചുകൊണ്ടുള്ള ജീവിതം അർത്ഥശൂന്യമാണെന്നു ജെന്നി തന്നെ പറയുന്നുണ്ട്.

ജോഷ്വായുടെ ജീവിതത്തിലെ പ്രണയം, സന്തോഷം തുടങ്ങി തനിക്കു ധൈര്യത്തോടെ മറ്റുള്ളവരുടെ മുന്നിൽ സംസാരിക്കാൻ കഴിയും എന്നത് പോലും ജെന്നിയുടെ സാന്നിധ്യത്തിലാണ് ജോഷ്വാ അനുഭവിക്കുന്നത്. മിന്നാമിന്നി എന്ന് തുടങ്ങുന്ന ഹൃദ്യമായ പാട്ടിൽ തുടങ്ങി മറ്റൊരു ഹൃദ്യമായ പാട്ടിൽ തന്നെ( മിന്നാമിന്നി ) സിനിമ അവസാനിക്കുന്നു.

മാനുഷിക ബന്ധങ്ങൾ വളരെ ഭംഗിയായി കൈകാര്യം ചെയ്യുന്നതിൽ ഇത്തവണയും അഞ്ജലി മേനോന്റെ വിജയിച്ചിരിക്കുന്നു. ജെന്നി തന്റെ കൂടെയുണ്ടെന്നത് ജോഷ്വായുടെ തോന്നൽ ആയും ഇല്ലേൽ മരണശേഷം ജെന്നി തിരിച്ചെത്തി എന്ന രീതിയിലും സിനിമ കാണാം. ജോഷ്വായ്ക്കു മാത്രം കാണാവുന്ന ജെന്നിയോട് അയാൾ സംസാരിക്കുമ്പോൾ മറ്റുള്ളവർ അത് കണ്ടെത്തിയുള്ള കോമഡിയോ മറ്റോ കാണിച്ചു ആ ഭാഗം വികൃതമാക്കിയിട്ടില്ല. ജെന്നിയുടെ വിശപ്പ് പോലും യാതൊരു വിധ കൃത്രമത്വം തോന്നിക്കാത്ത വിധം മനോഹരമാക്കിയിട്ടുണ്ട്. മേഘസന്ദേശത്തിലെ ഇഡ്ഡലി തീറ്റയും ഇതും തമ്മിലുള്ള വ്യത്യാസം പെട്ടെന്ന് ഫീൽ ചെയ്യും. അതാണല്ലോ സംവിധാനത്തിലെ മിടുക്കും.

പ്രകടനപരമായി എല്ലാവരും തന്നെ മികച്ച നിന്ന മികച്ച സിനിമയിൽ എടുത്തു പറയേണ്ട മറ്റൊരു സംഗതി പശ്ചാത്തല സംഗീതം ആണ്. ജെന്നിയെ ആദ്യമായി കാണിക്കുമ്പോൾ ഉള്ള സംഗീതം, തന്റെ ഫോട്ടോ പിടിച്ചു കൊണ്ടുള്ള ജെന്നിയുടെ ചിത്രങ്ങൾ കാണുമ്പോളുള്ള സംഗീതം തുടങ്ങി ക്ലൈമാക്സിലെ അടക്കം പലയിടത്തും പ്രേക്ഷകന്റെ മനസ്സിലേക്ക് ആ രംഗങ്ങൾ എന്നും പതിയുന്ന വിധം ഒരുക്കിയിട്ടുണ്ട്. ഇടയ്ക്ക് ഒന്നും കണ്ണ് നിറച്ചു മനസ്സ് മുഴുവനായും നിറയ്ക്കുന്ന കൂടെ ഈ വർഷം ഇറങ്ങിയ മികച്ച സിനിമകളുടെ കൂട്ടത്തിൽ തന്നെ പെടുത്താം.

NB – വളരെ സ്ലോ ആണെന്നൊക്കെ പലരും പറയുന്നത് കേട്ടു. ഒട്ടും തോന്നിയില്ല അപ്രകാരം. തിരക്കഥ ആവശ്യപ്പെടുന്ന വേഗതയുള്ള കൃത്യമായ പേസിങ്ങിൽ നീങ്ങുന്ന ഒരു മനോഹര ചിത്രം.