ചില സിനിമകൾ ചിത്രീകരിക്കുമ്പോൾ സംവിധായകനും അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കും ഇതൊരു മൊക്ക കഥ ആണെന്നും ഇതൊക്കെ കണ്ടാൽ പ്രേക്ഷകർ സിനിമയെ കൈവിടും എന്നും തോന്നാറില്ലേ എന്ന് ഞാൻ ചിന്തിക്കാറുണ്ട്. അന്ധവിശ്വാസത്തിനു നല്ലൊരു പബ്ലിസിറ്റി നൽകുന്ന ഇത്തരത്തിലുള്ള സിനിമകൾ ഈ 2018 ലും ഇറങ്ങുന്നുണ്ട് എന്നത് സങ്കടകരം തന്നെ… ഈ വർഷത്തെ ഏറ്റവും മോശം ചിത്രങ്ങളിൽ ഒന്നാം സ്ഥാനത്തിന് വേണ്ടി മത്സരിക്കുന്ന ചിത്രമാണ് മോഹിനി.

മോഹിനി, വൈഷ്ണവി എന്നീ രണ്ടു കഥാപാത്രങ്ങളെയാണ് തൃഷ അവതരിപ്പിക്കുന്നത്. മോഹിനിയെ വില്ലന്മാർ കൊലപ്പെടുത്തുന്നു. രണ്ടു വർഷങ്ങൾക്കു ശേഷം വൈഷ്ണവി ലണ്ടനിൽ എത്തുമ്പോൾ മോഹിനി അവളുടെ ശരീരത്തിൽ കയറിപറ്റി പ്രതികാരം ചെയ്യുന്നു. കണ്ടുമടുത്ത അതെ കഥ തന്നെ വീണ്ടും നല്ല ബോറായി പറഞ്ഞ ചിത്രം.

മോഹിനിയെ കൊന്ന വില്ലന്മാർക്ക് അതേ മുഖഛായ ഉള്ള വൈഷ്ണവിയെ കണ്ടിട്ട് മനസ്സിലായില്ലത്രേ! ലണ്ടൻ ആയതിനാൽ മേപ്പാടനെ കിട്ടില്ലല്ലോ… ഫാദർ, ബിഷപ്പ്മാർക്ക് നിലവിൽ മാർക്കറ്റ് ഇല്ലാത്തതിനാൽ ഒരു ബുദ്ധഭിക്ഷുവിനെയാണ് ഇത്തവണ പ്രേതത്തെ തളയ്ക്കാൻ കൊണ്ടുവരുന്നത്. അയാൾ ആണെങ്കിൽ സ്വയം മോങ്ക് എന്നാണ് പറയുന്നത്. പുള്ളിക്കാരൻ പറയുന്നത് പ്രശ്നപരിഹാരങ്ങൾ കേട്ടാൽ ചിരിച്ചു ചാകും.

യോഗിബാബുവും പിന്നെയുള്ള മൂന്നുപേരും കാട്ടികൂട്ടുന്ന കോപ്രായങ്ങൾ കണ്ടാൽ തന്നെ സിനിമയുടെ നിലവാരം ഏകദേശം പിടികിട്ടും. പിന്നെ ഇതൊരു മലങ്കൾട്ട് സിനിമയാണ് എന്ന് കരുതി അവർ സീരിയസ് ആയി എടുക്കുന്ന സീനുകൾ എല്ലാം വൻ കോമഡി സീനുകൾ ആയി കണക്കാക്കി കണ്ടാൽ ഈ വർഷത്തെ മികച്ച കോമഡി സിനിമ തയ്യാർ..