ഒരു സാങ്കല്പിക ഗ്രാമത്തിൽ നടക്കുന്ന കഥയാണ് ഇബ്‌ലീസ്. ആ ഗ്രാമം മറ്റുള്ള സ്ഥലങ്ങളിൽ നിന്നും വളരെ വ്യത്യസ്തമാണ്.സിനിമയുടെ തുടക്കം വരുന്ന പാട്ടു തന്നെ ശ്രദ്ധിക്കുക. ആർക്കു വേണമെങ്കിലും എപ്പോൾ വേണമെങ്കിലും മരണം സംഭവിക്കാവുന്ന ഒരിടം. മുത്തച്ഛന്റെ ഭാഷയിൽ പറഞ്ഞാൽ ശാപം കിട്ടിയതാണത്രേ! അവിടെ ജീവിക്കുന്ന വൈശാഖന്റെ ഫിദയോടുള്ള പ്രണയമാണ് ഇബ്‌ലീസ് എന്ന ഈ ഫാന്റസി ചിത്രം നമ്മളോട് പറയുന്നത്.

തന്റെ കഴിഞ്ഞ ചിത്രത്തിന് നീളക്കൂടുതൽ ഉണ്ടെന്ന പരാതി ഇത്തവണ സംവിധായകൻ പരിഹരിച്ചിട്ടുണ്ട്. രണ്ടു മണിക്കൂറിൽ ഒതുക്കിയ ഇബ്‌ലീസ് ഒരിക്കലും നമ്മെ ബോറടിപ്പിക്കുന്നില്ല. വളരെ രസകരമായി തുടക്കം മുതൽ കഥ പറയുന്ന ഈ സിനിമയിൽ അടുത്തത് എന്ത് സംഭവിക്കും എന്നത് പലപ്പോഴും ഊഹിക്കാൻ പറ്റുന്നില്ല. അതിനാൽ തന്നെ 50 മിനുട്ട് കഴിഞ്ഞു വരുന്ന ഇടവേളയിൽ ഒരു ചെറിയ വഴിത്തിരിവ് നമുക്ക് കാണാം.

രണ്ടാം പകുതിയിൽ നായകനും മുത്തച്ഛനും കൂട്ടുകാരൻ മുസ്തഫയും കൂടി ബീവിയെ കൂട്ടുപിടിചു ഒരു കൊലപാതകത്തിന് ശ്രമിക്കുന്നുണ്ട് . രസകരമായ ഒരുപാട് നിമിഷങ്ങൾ സമ്മാനിക്കുന്ന പോർഷൻ ആയിരുന്നു അത്. രണ്ടു ലോകവും തമ്മിലുള്ള വ്യത്യാസവും അവരുടെ എന്തും പോസിറ്റീവ് ആയി കാണുന്ന മനോഭാവവും നമ്മളെ അവരുടെ ലോകത്തിലേക്ക് കൂടുതൽ ആകർഷിക്കുന്നു.

ആസിഫ് അലി കൂടുതൽ ചെറുപ്പമായി തോന്നി സിനിമയിൽ. വൈശാഖൻ എന്ന കഥാപാത്രം വലിയ വെല്ലുവിളികൾ ഒന്നും ഇല്ലായെങ്കിലും ആസിഫ് നന്നായി അവതരിപ്പിച്ചു . മെഡോണയ്ക്കു അധികം സംഭാഷണങ്ങൾ തന്നെ ഇല്ലായിരുന്നു. കിട്ടിയ വേഷം നന്നായി ചെയ്തിട്ടുണ്ട്. സിദ്ധിക്ക് അവതരിപ്പിച്ച കഥാപാത്രം കിടു ആയിരുന്നു. ആ കഥാപാത്ര സൃഷ്ടി തന്നെ വെറൈറ്റി ആയിരുന്നു. ലാലിന്റെ മുത്തച്ഛൻ കഥാപാത്രം രണ്ടാം പകുതിയിൽ നന്നായി സ്‌കോർ ചെയ്യുന്നുണ്ട്.

സിനിമയുടെ ആഖ്യാനശൈലി നമ്മൾ അധികം കണ്ടു ശീലിക്കാത്ത ഒന്നാണ്. ക്ലിഷേ ആയി യാതൊന്നും തന്നെ അതിനാൽ ഇവിടേക്ക് വരുന്നില്ല. പശ്ചാത്തല സംഗീതവും ഛായാഗ്രഹണവും ആ മൂഡിനോട് ചേർന്ന് നിൽക്കുന്നു. മൊത്തത്തിൽ വ്യത്യസ്തരായ ഈ ഗ്രാമീണരും അവരുടെ രീതികളും നമ്മെ രസിപ്പിക്കും. ഒരുപാട് തൃപ്തി തരും. ഒരുപാട് സന്തോഷം തരും. അപ്പോൾ നമ്മൾ പറയും…

“ഒരു ടിക്കറ്റു കൂടി…എനിക്കല്ല..ജിന്നിനാ”