One of the greatest Action Film എന്ന് നിരൂപകർ പ്രശംസിച്ച മിഷൻ ഇമ്പോസ്സിബിൾ സീരീസിലെ ആറാം ചിത്രമായ ഫോൾഔട്ട് ഒരുഗ്രൻ തീയേറ്റർ എക്സ്പീരിയൻസ് ആയിരുന്നു എന്ന് പറയാതെ വയ്യ. മിഷൻ ഇമ്പോസ്സിബിൾ സീരീസിന്റെ കഥയെ പറ്റി ആണെങ്കിൽ നമ്മൾ ഒരുപാട് കണ്ട, കേട്ട കഥകൾ തന്നെയാകും. മുഖംമൂടി ഒഴിച്ചുകൂടാനാവാത്ത ഘടകവും. അതെല്ലാം അതേപോലെ തന്നെ ഇതിലും ആവർത്തിക്കുന്നു എങ്കിലും ടോം ക്രൂസ് എന്ന നടന്റെ ഡെയർഡെവിൾ സ്റ്റൻഡ്‌സ്… അതാണ്‌ സിനിമയുടെ ഏറ്റവും വലിയ ആകർഷണം.

ആക്ഷൻ സീനുകൾ ചിത്രീകരിക്കുമ്പോൾ അതിന്റെ എഡിറ്റിംഗ്, ക്യാമറയുടെ പൊസിഷൻസ് തുടങ്ങി ചേസിംഗ് സീനുകളിലെ ശബ്ദമിശ്രണം MI യുടെ സിഗ്നേച്ചർ BGM എന്നിങ്ങനെ ഇവയെല്ലാം നല്ല പെർഫെക്ട് പാക്കേജിങ്ങിൽ ഒത്തുവരുമ്പോൾ ഇരുന്നു എഡ്ജ് ഓഫ് സീറ്റ് ത്രില്ലർ അനുഭവം നമുക്കുണ്ടാകും. ടെക്ക്നിക്കൽ ഡിപ്പാർട്മെന്റിനും ആക്ഷൻ രംഗങ്ങൾ ചടുലമാക്കിയ ടോമിന്റെ അദ്ധ്വാനത്തിനും നന്ദി!

ഈതന്റെ ടീം CIA അസാസിൻ ആയ വാൽക്കറുടെ മേൽനോട്ടത്തിൽ ദൗത്യങ്ങൾ പൂർത്തിയാക്കേണ്ട അവസ്ഥയിലാകുന്നു. ഈതന്റെ കയ്യിൽ നിന്നും ഒരിക്കൽ നഷ്ടപ്പെട്ട പ്ലൂട്ടോണിയം വീണ്ടെടുക്കുക എന്നതാണ് മിഷൻ. അതിനിടയിൽ ഉണ്ടാകുന്ന ട്വിസ്റ്റുകളും മറ്റുമാണ് ഫാൾഔട്ട്‌ പറയുന്നത്.

ടോം പതിവുപോലെ തന്നെ ചെറുപ്പമായി തോന്നിച്ചു. ആക്ഷൻ സീനുകളിൽ ക്യാമറ അടക്കം കൈകാര്യം ചെയ്ത അദ്ദേഹത്തിന്റെ അർപ്പണമനോഭാവം അഭിനന്ദനീയം തന്നെ! ഹെൻറി കാവിൽ ടോമിന് പറ്റിയ നല്ല ഉഗ്രൻ വില്ലനായി തന്നെ സ്‌ക്രീനിൽ എത്തി. ഇരുവരും ഒത്തൊരുമിച്ചു ഒരാളെ നേരിടുന്ന ടോയ്ലറ്റ് ഫൈറ്റ് ഒന്നൊന്നര ഐറ്റം ആയിരുന്നു. ഓരോ പഞ്ചും നമ്മുടെ ദേഹത്ത് കൊള്ളുന്ന ഫീൽ ആയിരുന്നു.

ഷോൺ ഹാരിസിന്റെ സോളമൻ ക്ലൈമാക്സിലൊക്കെ നല്ല ഒന്നൊന്നര വില്ലത്തരം ആയിരുന്നു.ആ കഥാപാത്രത്തെ വീണ്ടും നിലനിർത്തുന്നത് ഇനിയുള്ള ഭാഗങ്ങളിലേക്ക് വേണ്ടിയാകും.നല്ലൊരു കഥാപാത്രം തന്നെ. ആഞ്ചേല ബസറ്റിന്റെ മുഖത്തിട്ടു ഒന്നു കൊടുക്കാൻ തോന്നും..അതാണല്ലോ ഒരു അഭിനേതാവിന്റെ വിജയവും. Simon Pegg, Wing Rhames, Rebecca Ferguson എന്നിവർ പതിവുപോലെ തങ്ങളുടെ റോൾ കിടു ആക്കിയിട്ടുണ്ട്.

ഒരുപാട് നിരൂപണങ്ങൾ വായിച്ചും ഒരുപാട് ഹൈപ്പ് തലയിൽ കേറ്റിയുമാണ് സിനിമ കണ്ടത്. എന്നിട്ട് പോലും സിനിമയ്ക്ക് പൂർണ്ണ തൃപ്തി തരാൻ കഴിഞ്ഞു. ചുമ്മാ വലിച്ചു വാരി ആക്ഷൻ സീനുകൾ വിളമ്പാതെ, മിതമായി എന്നാൽ പടർന്നാൽ ഒരു അഗ്നിജ്വാലയാകുന്ന വിധമുള്ള ആക്ഷൻ സീനുകൾ. ഏതൊരു ആക്ഷൻ പ്രേമിയും തീയേറ്ററിൽ കണ്ടിരിക്കേണ്ട ചിത്രം!