കാർത്തിക്കും മകൻ ഗൗതമും ആദ്യമായി ഒന്നിച്ച സിനിമയാണ് മിസ്റ്റർ ചന്ദ്രമൗലി. ഒരു സസ്പെൻസ് ത്രില്ലർ ആണ് ചിത്രം. ചെന്നൈയിലെ ഓൺലൈൻ കാൾ ടാക്സികളുടെ മത്സരബുദ്ധിയിൽ ബോക്‌സർ ആയ നായകനും നായകൻറെ അച്ഛനും അകപ്പെടുന്നതും തുടർന്നുള്ള പ്രതികാരവുമാണ് കഥ. നായകന് ഒരു വൈകല്യം നൽകി ക്ലൈമാക്സ് കുറച്ചു വലിച്ചു നീട്ടിയിട്ടുണ്ട്.

ഗൗതം കാർത്തിക് നല്ല പ്രകടനം കാഴ്ച വെച്ച ഒരു സിനിമയായി തോന്നി. റെജീന കസാന്ദ്ര പതിവുപോലെ ഗ്ലാമർ ഡോൾ ആയി വന്നാലും രണ്ടാം പകുതിയിൽ അത്യാവശ്യം നന്നായി അഭിനയിച്ചിട്ടുണ്ട്. കാർത്തിക്കിന് പറ്റിയ റോൾ ആയി തോന്നിയെ ഇല്ല. യാതൊരു വിധ ചലഞ്ചും ഇല്ലാത്ത ഇത്തരം റോളുകൾ അദ്ദേഹത്തെ പോലൊരു നടൻ ചെയ്യേണ്ടി ഇരുന്നില്ല. വരലക്ഷ്മി വളരെ സുന്ദരിയായി കാണപ്പെട്ടു. പതിവുപോലെ അവരുടെ ശബ്ദം അടിപൊളി!

തിരുവിന്റെ സംവിധാനത്തിൽ സിനിമ ഒട്ടും ബോറടിക്കുന്നില്ല. ഒരു ഘട്ടം എത്തുമ്പോൾ ട്വിസ്റ്റ്‌ ഊഹിക്കാൻ കഴിയും എന്നാലും ആസ്വാദനത്തിനു തടസം ആകുന്നില്ല. ഒരു വട്ടം സമയം കളയാൻ കണ്ടിരിക്കാം…