റൊമാന്റിക് സിനിമകളോട് പൊതുവെ ഇഷ്ടക്കുറവാണ്. ഇടയ്ക്കിടെ മാത്രം കന്നഡ, തെലുങ്ക് സിനിമകൾ റിലീസാകുന്ന കൊച്ചിയിൽ അത്ര കണ്ടു പരിചയമില്ലാത്ത ഒരു നടന്റെ കന്നഡ സിനിമ കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ആയി. നിരൂപകർ വളരെ നല്ല അഭിപ്രായം പറഞ്ഞ സിനിമ ആയതിനാൽ കണ്ടേക്കാം എന്ന് കരുതി ഇന്നുള്ള ഒരേ ഒരു ഷോ കണ്ടു. ഇന്നാണ് ലാസ്റ്റ് ഷോ.. നാളെ മുതൽ ee പടം ഇല്ല. ഇംഗ്ലീഷ് സബ്ടൈറ്റിലോടു കൂടിയാണ് സിനിമ തുടങ്ങിയത്.

അമേരിക്കയിൽ ഉള്ള വൈറ്റ് കോളർ ജോബ് വേണ്ടെന്നു വെച്ച് നായകനായ തരുൺ നാട്ടിലെത്തി പാർട്ണർഷിപ്പിൽ ഒരു റിസോർട്ട് തുടങ്ങുന്നു. അതിന്റെ അല്ലറ ചില്ലറ പ്രശ്നങ്ങൾ ഒക്കെയായി നട്ടം തിരിയുന്ന നായകനു ആകെയുള്ള ആശ്വാസം അങ്കിളും ആന്റിയുമാണ്. അവരുടെ കൂടെയുള്ള നിമിഷങ്ങൾ അയാൾക്ക്‌ സ്വർഗ്ഗമാണു.

ഭർത്താവ് മരിച്ച നായിക റിസോർട്ടിൽ താമസിക്കാൻ എത്തുകയാണ്. നായകനും നായികയും പതുക്കെ അടുക്കുന്നു. മൂന്ന് പ്രണയങ്ങളാണ് സിനിമയിൽ പറയുന്നത്. അത് മൂന്നും എങ്ങനെ വികസിക്കുന്നു എന്നതാണ് ബാക്കി കഥ.

പൂജ ദേവരിയ എന്ന നടിക്ക് ഒരു മുഴുനീള വേഷം കിട്ടിയതിൽ സന്തോഷം. വളരെ നന്നായി അവർ പെർഫോമൻസ് ചെയ്തിട്ടുണ്ട്. സിനിമയിലെ കൊറിയോഗ്രാഫി ചെയ്തതും പൂജയാണ്. ക്ലൈമാക്സിലൊക്കെ നല്ല പ്രകടനം ആയിരുന്നു.

Diganth Manchale എന്ന നടന്റെ ഞാൻ ആദ്യമായി കാണുന്ന സിനിമയാണിത്. കൊള്ളാം..നന്നായി പെർഫോം ചെയ്യുന്നുണ്ട്. അശ്വിൻ റാവു-ശ്രേയ അഞ്ചൻ എന്നിവരുടെ ലവ് ട്രാക്ക് കൊള്ളാമായിരുന്നു. പ്രധാന കഥാപാത്രങ്ങളുടെ പ്രണയം ഫിൽമി ആകുമ്പോൾ ഇവരുടെ പ്രണയം(?) റിയാലിറ്റി ആയി തോന്നി.

പ്രണയകഥകളിൽ കാണുന്ന ക്ലിഷേ ആണ് വയസായ ദമ്പതികളുടെ സന്തുഷ്ട പ്രണയ ജീവിതം കാണിക്കുന്നത്.അതിവിടെയുമുണ്ട്..പക്ഷെ ഒട്ടും കൃത്രിമത്വം തോന്നിക്കില്ല. ബാബു ഹിരണ്യ- അരുണ ബാല്രാജ് എന്നിവർ തകർത്തു എന്നുവേണം പറയാൻ..

പതുക്കെ വളരെ പതുക്കെ കഥ പറയുന്ന ഈ സിനിമ കാണാൻ വേണ്ടത് നല്ല ക്ഷമയാണ്. ഒരിക്കൽ ആ മൂഡിലേക്ക് എത്തിക്കിട്ടിയാൽ രക്ഷപ്പെട്ടു.കഴിവതും ഒറ്റയ്ക്ക് കാണുക. ക്ലൈമാക്സിൽ ഒരു ചെറിയ ട്വിസ്റ്റ്‌ ഒക്കെയുണ്ട്. പിന്നെ എല്ലാ പ്രണയചിത്രങ്ങളും പോലെ റെയിൽവേ സ്റ്റേഷൻ/എയർ പോർട്ട് വെച്ചുള്ള കെട്ടിപ്പിടി ക്ലൈമാക്സ്… ഇമോഷണൽ സീനുകൾക്ക് എല്ലാം ഒരു വശ്യത ഉള്ളതിനാൽ തൃപ്തിയോടെയാണ് തീയേറ്റർ വിട്ടത്..