വീണ്ടുമൊരു പോപ്‌കോൺ മൂവി എത്തിയിരിക്കുകയാണ്. ഡിസ്നി പകർപ്പവകാശമൊക്കെ വാങ്ങി വെച്ച തൊണ്ണൂറുകളിലെ ഒരു ബുക്ക്‌, അത് സിനിമയാക്കാൻ വൈകി വൈകി അവസാനം അത് വാർണർ ബ്രോതേഴ്സിന്റെ അടുത്തെത്തി. ഇത്തവണ ജനങ്ങൾ പേടിക്കേണ്ടത് 75 അടി നീളമുള്ള മെഗലോടോനെയാണ്. സിംപിൾ ആയി പറഞ്ഞാൽ ഒറ്റയടിക്ക് തിമിംഗലത്തെ വരെ കൊല്ലാൻ ശക്തിയുള്ള ഒരു ഭീമൻ സ്രാവിനെ.. മെഗലോടോൺ കാലങ്ങൾക്കു മുൻപ് മണ്മറഞ്ഞു എന്നാണ് ഗവേഷകർ പറയുന്നത്.. പക്ഷെ…

ജോനാസ് എന്ന നമ്മുടെ നായകൻ ഒരു റെസ്ക്യൂ ഡൈവർ ആണ്. അയാളുടെ എക്സ് വൈഫ്‌ അടക്കമുള്ള ഒരു ക്രൂ കടലിനു നടുക്ക് മേല്പറഞ്ഞ മെഗലോടോൺന്റെ അടുത്ത് അകപ്പെടുന്നു. അവരെ രക്ഷിക്കാനുള്ള ദൗത്യമായി പോകുന്ന നായകൻ.. മെഗലോടോൺ ഒന്നിൽ കൂടുതൽ ഉണ്ടെന്നറിയുന്നിടത്ത് കഥ കൂടുതൽ എൻഗേജിങ് ആകുന്നു.

കഥയൊക്കെ ഊഹിക്കാൻ പറ്റുന്ന, അടുത്തത് എന്ത് സംഭവിക്കും എന്ന് ഉറപ്പായും പറയാൻ പറ്റുന്നത് തന്നെയാണ്. പക്ഷെ VFX, CGI എന്നിവയൊക്കെ വളരെ നന്നായി കൈകാര്യം ചെയ്തിട്ടുണ്ട്. എൻഗേജിങ് ഫാക്ടർ എന്നത് കൃത്യമായി മുന്നോട്ടു കൊണ്ടുപോയിട്ടുണ്ട് സംവിധായകൻ. അതിനാൽ തന്നെ തീരെ ബോറടിയില്ല.

എല്ലാ ഡിസാസ്റ്റർ സിനിമയിലെ ക്ലിഷേ ആയ ദാമ്പത്യം തകർന്ന നായകൻ ഇവിടെയും എത്തുന്നുണ്ട്. എന്നിട്ട് കൃത്യമായി ക്ലൈമാക്സിൽ ഒത്തുചേരും. ഇതിപ്പോൾ ഈ ക്ലിഷേ ഇനി മുതൽ മോൺസ്റ്റർ പടങ്ങളിലും കാണാം എന്ന് തോന്നുന്നു.

കൊല്ലങ്ങൾക്കു മുൻപ് The Forbidden Kingdom എന്ന സിനിമയിൽ കണ്ട നായിക അതേപോലെ, അല്ലല്ല.. ഒന്നും കൂടി ചെറുപ്പമായി നായികയായി എത്തിയിരിക്കുന്നു. വല്ല വാമ്പയറും ആണോ ആവോ.. സ്റ്റാത്തതിന്റെ പ്രകടനം എല്ലാ സിനിമയിലേയും പോലെ തന്നെ.. ആവശ്യത്തിനുള്ളത് മാത്രം നൽകിയിട്ടുണ്ട്.

Page Kennedy എന്ന നടന്റെ അഭിനയം അസഹനീയമായി തോന്നി. ഒരു പക്ഷെ aa കഥാപാത്രം അങ്ങനെ ആക്കണം എന്ന് നിർബന്ധം ഉള്ളതിനാൽ ആകാം. എന്തോ.. അയാളുടെ മാനറിസങ്ങൾ ഒക്കെ അറുബോറായി തോന്നി.

ഒന്നേമുക്കാൽ മണിക്കൂർ ഒട്ടും ബോറടിയില്ലാതെ പോപ്‌കോൺ ഒക്കെ കഴിച്ചു ഭീമൻ സ്രാവ് വന്നു കൊല്ലുന്നതും ആക്രമണങ്ങളും അവസാനം നായകൻ സ്രാവിനെ കൊല്ലുന്നതും ഒക്കെയായി ഒരു ടൈം പാസ് മൂവി കാണണം എന്നുള്ളവർക്ക് ടിക്കറ്റ് എടുക്കാം. നല്ലതും അല്ല മോശവും അല്ല…