പ്രേതസിനിമകൾ എന്ന് കേൾക്കുമ്പോൾ പലപ്പോഴും ഭയപ്പെടുത്തുന്ന സിനിമകളായിരിക്കും ഓർമയിൽ വരുന്നത്. ചില കോമഡി സിനിമാ പ്രേതങ്ങളും ഉണ്ട്. അതും വിസ്മരിക്കുന്നില്ല. പക്ഷെ നീലി എന്ന് കേൾക്കുമ്പോൾ കള്ളിയങ്കാട്ട് നീലിയെ പറ്റി കോമഡി ഒന്നും തോന്നില്ലല്ലോ.. നീലിയെ ഭയമായും സമീപിക്കാം.. പ്രതീക്ഷയായും സമീപിക്കാം.. സംവിധായകൻ നീലിയെ പ്രതീക്ഷയുടെ അടയാളമാക്കിയിരിക്കുകയാണ്.

ലക്ഷ്മി എന്ന നായികാകഥാപാത്രത്തിന്റെ മകളെ കാണാതാകുന്നിടത്താണ് കഥ പുരോഗമിക്കുന്നത്. ഒരു തിരോധാനം എങ്ങനെ നീലിയിൽ എത്തുന്നു എന്നതും അതിനിടയിൽ ഒളിഞ്ഞിരിക്കുന്ന പല നിഗൂഢതകളും പുറത്തെത്തിക്കുന്നതുമാണ് ബാക്കി കഥ.

നാടക ലെവൽ സംഭാഷണങ്ങൾ ഒരു സിനിമയിൽ അധികമായി വന്നാൽ എങ്ങനെയിരിക്കും? ഈ സിനിമയിൽ അനൂപ്മേനോൻ, ബാബുരാജ്, ശ്രീകുമാർ എന്നിവരുടെ ഒഴികെ ബാക്കിയുള്ള എല്ലാവരുടെയും സംഭാഷണങ്ങൾ ഒരു ബാലെ കാണുന്ന പ്രതീതി ഉളവാക്കി. ബേബിച്ചായൻ എന്ന് പേരുള്ള കഥാപാത്രം എത്രത്തോളം ബോറായി അഭിനയിക്കാമോ അത്രയും ചെയ്തിട്ടുണ്ട്.

ക്യാരക്ടർ ഡെവലപ്മെന്റ് കഴിഞ്ഞാൽ സാധാരണ ഗതിയിൽ നേരെ കഥയിലേക്ക് പോകും. ഇവിടെ കഥാപാത്രവികസനത്തിനു തന്നെ ധാരാളം സമയമെടുക്കുന്നുണ്ട്. ആദ്യപകുതിയിൽ അനാവശ്യമായ രംഗങ്ങളുണ്ട്. കുറച്ചുകൂടി ട്രിം ചെയ്തിരുന്നു എങ്കിൽ ഒരു വേഗത വന്നേനെ.. അങ്ങനെ ഒരു വേഗത വന്നിരുന്നെങ്കിൽ സിനിമയിലെ പകുതി അമേച്ചർ സീനുകൾ കുറഞ്ഞു കിട്ടിയേനെ…

രണ്ടാം പകുതിയിലാണ് കാര്യത്തിലേക്ക് കടക്കുന്നത്. അപ്പോഴും പ്രേതത്തെ ഓടിക്കുന്ന മന്ത്രവാദിനി അടക്കമുള്ള കഥാപാത്രങ്ങൾ സീരിയസ് ആണെന്ന വ്യാജേന വൻ കോമഡി കാട്ടുകയായിരുന്നു. എന്തായാലും മന്ത്രവാദിയോ, പള്ളീലച്ചനോ വരാതിരുന്നത് നന്നായി.. കടമറ്റത്തെ പുതിയ വല്ല കത്തനാരും വരും എന്ന് കരുതി എങ്കിലും അതുണ്ടായില്ല.

പ്ലോട്ട് ട്വിസ്റ്റ്‌ എന്നത് വളരെ മുഖ്യമായ സംഗതിയാണ്. എത്രയൊക്കെ ബോറടിപ്പിച്ചാലും അവസാനം ഒരു ഉഗ്രൻ ട്വിസ്റ്റ് ഉണ്ടെങ്കിൽ ബാക്കിയൊക്കെ അതിൽ വിസ്മരിച്ചു പോയെനെ.. പക്ഷെ ഇതിൽ പ്ലോട്ട് ട്വിസ്റ്റ്‌ എന്നത് കാണിക്കുന്നത് പോലും സാധാരണ ഗതിയിൽ തന്നെയാണ്. സംവിധായന്റെ പരിചയക്കുറവ് അവിടിവിടെയായി കാണാം എന്നുള്ളതിനാലും നീലി ഒരു ആവറേജ് അല്ലെങ്കിൽ ബിലോ ആവറേജ് അനുഭവമായി ഒതുങ്ങുന്നു.