എല്ലാവരുടെയും മനസ്സിൽ ഭാവിവധുവിനെ പറ്റി ചില സങ്കല്പങ്ങൾ ഉണ്ടാകും. വിജയ് ഗോവിന്ദ് തന്റെ മനസ്സിലുള്ള സുന്ദരിയായ പെൺകുട്ടിയെ സ്വപ്നത്തിൽ കാണുമായിരുന്നു. ജീവിതത്തിൽ അതുപോലെയൊരു പെണ്ണിനെ വധുവായി ലഭിക്കണം എന്നാഗ്രഹിക്കുന്ന ഗോവിന്ദ് ഗീത പെൺകുട്ടിയെ ഒരിക്കൽ ക്ഷേത്രനടയിൽ വച്ചു കാണുന്നു. ഇരട്ടിമധുരം എന്ന പോലെ ആ പെൺകുട്ടിയുമൊത്ത് ഒരു ബസ്‌യാത്ര നടത്താനും കഴിയുന്നു. ഒരു നിമിഷത്തിന്റെ ചാപല്യത്തിൽ ഗോവിന്ദ് ചെയ്യുന്ന ഒരു കാര്യം അയാളുടെ വ്യക്തിത്വത്തെ തന്നെ മങ്ങൽ ഏൽപ്പിക്കുന്ന ഒന്നായിരുന്നു. ഗീതയുടെ മനസ്സിൽ ഗോവിന്ദിനെ പറ്റിയുള്ള ചിത്രം വളരെ മോശമാവുകയും ഗോവിന്ദിന്റെ അനുജത്തിയെ കല്യാണം കഴിക്കാനായി എത്തുന്നത് ഗീതയുടെ സഹോദരനും ആകുമ്പോൾ ഒരു Misunderstanding ലൂടെയുള്ള റോം കോം ആരംഭിക്കുകയാണ്.

ലീഡ് പെയർ ആയ വിജയ് യും രശ്മികയും തമ്മിലെ കെമിസ്ട്രി തന്നെയാണ് സിനിമയുടെ പ്രധാന ആകർഷണം. നല്ല ക്യൂട്ട് ജോഡി ആയിരുന്നു രണ്ടുപേരും. വിജയ് തനിക്കു കിട്ടിയ വേഷം നന്നായി തന്നെ ഇത്തവണയും ചെയ്തിട്ടുണ്ട്. ആ കഥാപാത്രം ആവശ്യപ്പെടുന്ന എല്ലാം തന്നെ വിജയ് എന്ന അഭിനേതാവിൽ നിന്നും ലഭിക്കുന്നുണ്ട്. ഡാൻസ് ചെയ്യാൻ കഷ്ടപ്പെടുന്നത് പോലെ തോന്നി എന്നൊരു കുറവ് മാത്രമേ കണ്ടുള്ളൂ.

രശ്‌മിക സിനിമ മുഴുവൻ വളരെ സീരിയസ് മുഖഭാവം ആയിരുന്നു. ക്ലൈമാക്സിനടുത്തുള്ള ഒന്ന് രണ്ടു സീനുകളിൽ മാത്രമേ അഭിനയിക്കാനുള്ള തന്റെ കഴിവ് കാണിക്കാനുള്ള അവസരം ലഭിച്ചുള്ളൂ.. ഇരുവർക്കും അപാര സ്ക്രീൻ പ്രെസൻസ് ആയതിനാൽ ബാക്കിയുള്ള കുറവുകളൊക്കെ അതിൽ നികന്നു പൊയ്ക്കോളും. നിത്യ മേനോൻ, അനു ഇമ്മാനുവൽ എന്നിവർ ഗസ്റ്റ് റോളിലുണ്ട്.

കണ്ടു പഴകിയ ആദ്യം മോതൽ പിന്നെ കാതൽ എന്ന തീം തന്നെയാണ് ഇവിടെയും. നായകൻറെ ഇന്നസെൻസിനു വളരെ പ്രാധാന്യമുണ്ട് എന്ന് മാത്രം. ഒരു ലക്ച്ചറർ ആണെന്ന് ഒന്നു രണ്ടു സീനുകളിൽ കാണിക്കുന്നതല്ലാതെ ബാക്കിയുള്ള സമയം പണിയില്ലാത്തവനെ പോലെയാണ് നായകന്റെ പെരുമാറ്റം. ഒരൊറ്റ കാരണം കൊണ്ട് അതുവരെ ഉണ്ടായിരുന്ന വെറുപ്പ് മാറി നായികയ്ക്ക് പ്രണയം വരുന്നതൊക്കെ വലിയൊരു സിനിമാറ്റിക് ലിബർട്ടി ആയെ തോന്നിയുള്ളൂ.

ക്ലൈമാക്സ് മിക്കവാറും റൊമാന്റിക് സിനിമകളും പോലെ ഇമോഷണൽ ആക്കി കുളമാക്കാതെ മിതത്വം പാലിച്ചിട്ടുണ്ട്. ഗോപി സുന്ദറിന്റെ സംഗീതം സിനിമയുടെ വലിയൊരു ബലം തന്നെയാണ്. പശ്ചാത്തല സംഗീതവും ഛായാഗ്രഹണവും മികച്ചു നിന്നു.

അനാവശ്യ രംഗങ്ങളോ, പാട്ടുകളുടെ അതിപ്രസരമോ, കൊമേഡിയന്മാരുടെ വെറുപ്പിക്കൽ കോമഡിയുള്ള സൈഡ് ട്രാക്കോ ഒന്നും ഇല്ലാത്ത ഡീസന്റ്റ് ആയുള്ള ഒരു സിനിമ. കഥയിൽ പുതുമ ഒന്നും ഇല്ലെങ്കിലും സിനിമ കണ്ടിറങ്ങുമ്പോൾ നിരാശയുണ്ടാകില്ല. രണ്ടര മണിക്കൂർ ബോറടിയില്ലാതെ ആസ്വദിക്കാൻ പറ്റുന്ന നല്ലൊരു എന്റർടൈനർ.