രാജാവിന്റെ മുഖഛായ എനിക്കുള്ളത് കൊണ്ടാണ് ഞാനിപ്പോൾ രാജകൊട്ടാരത്തിൽ രാജാവിന്റെ സുഖഭോഗങ്ങളൊക്കെ അനുഭവിച്ചു ജീവിക്കുന്നത്. ഏതു നേരവും ആപത്തു പ്രതീക്ഷിച്ചാണ് നാളുകൾ നീക്കുന്നതും. എന്റെ ചുറ്റുമുള്ള ആളുകളോടുള്ള എന്റെ പെരുമാറ്റം ശ്രദ്ധിച്ചു വേണം എന്നറിയാം. ഞാനൊരു വ്യാജൻ ആണെന്ന് ആരും സംശയിക്കരുതല്ലോ.. പക്ഷെ…

Movie – Masquerade (2012)

Genre – Period Drama

Language – Korean

പഴയ രാജാപ്പാട്ട് കഥകളിൽ നമ്മൾ ഏറ്റവും കൂടുതൽ കേട്ട കഥയിലൊന്നാണിതും. ആൾമാറാട്ടം! ഭക്ഷണത്തിൽ വിഷം ഉണ്ടെന്ന സംശയതിനാൽ അവശനായ രാജാവിനെ ഒളിപ്പിച്ചു പാർപ്പിച്ചു രാജാവിന്റെ അതേ മുഖഛായ ഉള്ള ഒരാളെ രാജാവിന് പകരമായി അവിടെയിരുത്തുന്നു. രാജകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകുന്നതിന് മുൻപ് വ്യാജൻ ശ്രമിച്ചത് കൊട്ടാരത്തിലുള്ളവരുടെ മനസ്സ് കീഴടക്കാൻ ആയിരുന്നു. അതിൽ അയാൾ വിജയിക്കുക തന്നെ ചെയ്തു.

കാവൽക്കരനുമായും, അംഗരക്ഷകനുമായും, കൊട്ടാരം ജോലിക്കാരികളിൽ ഒരുവളുമായും അയാളുടെ ആത്മബന്ധം വളരെ മനോഹരമായാണ് അവതരിപ്പിച്ചിരിക്കുന്നത്. ഓരോ രംഗങ്ങളിലും മാനുഷിക വികാരങ്ങളെ ഹൈലൈറ്റ് ചെയ്തിരിക്കുന്ന വിധം പ്രശംസനീയമാണ്.

അവസാനത്തെ അരമണിക്കൂറിൽ ഇഷ്ടകഥാപാത്രങ്ങൾ എല്ലാവരും തന്നെ മത്സരിച്ചു അഭിനയിക്കുകയാണ്. സ്വന്തം ജീവൻ തന്നെ നഷ്ടപ്പെടുത്തുവാൻ തീരുമാനിക്കുന്ന അത്രയും ഇഷ്ടവും ബഹുമാനവും സ്നേഹവും എല്ലാം ഒരാളോട് തോന്നുകയെന്നത് നിസ്സാരകാര്യമാണോ? അത് മനസ്സ് നിറയുന്ന രീതിയിൽ തിരശീലയിൽ കാണുക എന്നത് ഒരു ഭാഗ്യമല്ലേ.. അതാണ്‌ ഈ സിനിമ.