അവർ നാലുപേരും ചെറുപ്പം മുതൽ ഉറ്റസുഹൃത്തുക്കൾ ആയിരുന്നു. മുതിർന്നപ്പോൾ നാലുപേരും നാല് വഴിക്കായി. അതിൽ തന്നെ രണ്ടു പേര് നല്ല രീതിയിലുള്ള ഉപരിപഠനമൊക്കെ നടത്തുമ്പോൾ മറ്റു രണ്ടുപേരും നടന്നു കയറിയത് അധോലോകത്തിലേക്കാണ്. പരസ്പര വൈരാഗ്യത്തോടെ ഏറ്റുമുട്ടുന്ന രണ്ടു ഗ്രൂപ്പുകളിലേക്കും അവർ ചെന്നെത്തുന്നു. ചില തീരുമാനങ്ങൾക്ക് വലിയ വിലകൊടുക്കേണ്ടി വരുമല്ലോ.. ഇവിടെയും അങ്ങനെ തന്നെ സംഭവിക്കുന്നു.

Movie – Friend (2001)

Genre – Crime Drama

Language – Korean

റിലീസ് ചെയ്ത സമയത്തു കൊറിയയിലെ ഏറ്റവും വലിയ ഹിറ്റ്‌ ആയിരുന്ന സിനിമ. ഒരുപാട് നൊസ്റ്റാൾജിയ ഉണർത്തുന്ന, സൗഹൃദത്തിന്റെ കഥ ആർദ്രമായി പറഞ്ഞു ഒരുപക്ഷെ കണ്ണും മനസ്സും ഒരേപോലെ നിറയ്ക്കാൻ കഴിവുള്ള ഒരു സിനിമ.

ക്ലൈമാക്സ് സീനിൽ രണ്ടു കൂട്ടുകാർ തമ്മിലുള്ള സംഭാഷണത്തിൽ എന്റെ പെങ്ങളുടെ കല്യാണം ആയിരുന്നു എന്ന് പറയുന്നുണ്ട്. അവളെ നിന്റെ അമ്മ എനിക്ക് പറഞ്ഞു വെച്ചതായിരുന്നു. എനിക്ക് ഭാഗ്യമില്ല എന്ന് മറുപടി കിട്ടും. അവർ അത് പറയുന്ന സ്ഥലവും ആ സമയത്തുള്ള ഇരുവരുടെയും സാഹചര്യവുമൊക്കെ അവരുടെ സംഭാഷണങ്ങൾ ഒരു ചെറുപുഞ്ചിരിയോടെ വീക്ഷിക്കാൻ സഹായകരമാക്കുന്നു.

ചെറുപ്പം മുതലുള്ള കൂട്ടുകാർ, എന്തെങ്കിലും പറഞ്ഞു വഴക്കിടുന്നു, വീണ്ടും ഒത്തുചേരുന്നു എന്നൊക്കെയുള്ള സ്ഥിരം കഥയാകും എന്നൊന്നും കരുതരുത്. സംവിധായകന്റെ കൂട്ടുകാരുടെ യഥാർത്ഥ കഥയിൽ അല്പം ഫിക്ഷൻ കലർത്തി പറഞ്ഞിരിക്കുകയാണ്. അതിനാൽ തന്നെ സിനിമ മുഴുവൻ ഒരു റിയാലിറ്റി ഫീലുണ്ട്.

നിങ്ങൾ ഒരു നല്ല സുഹൃത്താണോ? നിങ്ങൾക്ക് നല്ല സുഹൃത്തുക്കളുണ്ടോ? ഉത്തരം എന്തായാലും ഈ സിനിമ കണ്ടുകഴിയുമ്പോൾ മനസ്സിൽ അനേകായിരം ചിത്രങ്ങൾ വരും.. ഒരുപാട് നല്ല ഓർമകൾ വരും.. സൗഹൃദം എത്രത്തോളം വലുതാണ് എന്ന് നമ്മൾ ഒന്നുകൂടി വിലയിരുത്തും..