ചില സിനിമകൾ അങ്ങനെയാണ്.. വലിയ കഥയൊന്നും ആവശ്യമില്ല.. ഡയലോഗുകൾ പോലും അധികം ആവശ്യമില്ല.. ഫ്രെയിമുകൾ കൊണ്ട് നമ്മെ വിസ്മയിപ്പിക്കും.. അവ കഥയും പറയും…മിണ്ടാപ്രാണികൾ വരെ നമ്മുടെയുള്ളിൽ ഒരു ഫീൽ ഉണ്ടാക്കും.

🎬Movie – Alpha (2018)

🎥Genre – Adventure, Action

🎬Language – Unknown

🔰🔰🔰Whats Good??🔰🔰🔰

വിസ്മയിപ്പിക്കുന്ന ഫ്രെയിമുകളും സിനിമയുടെ കഥയോട് ചേർന്ന് നിൽക്കുന്ന പശ്ചാത്തല സംഗീതവും ഹൃദയസ്പർശിയായി മനുഷ്യനും മൃഗവും തമ്മിലുള്ള ആത്മബന്ധം പറയുന്ന വിധവും.

🔰🔰🔰Whats Bad??🔰🔰🔰

നല്ല ദൃശ്യാനുഭവം 3D യിൽ വിരളമായേ അനുഭവിക്കാൻ സാധിക്കാറുള്ളൂ.. ഒന്നര മണിക്കൂറിൽ സിനിമ ഒതുങ്ങിയത് നിരാശ നൽകി. കുറച്ചധികം നേരം കൂടി ആത്മാർത്ഥമായും ആഗ്രഹിച്ചുപോയി.

🔰🔰🔰Watch Or Not??🔰🔰🔰

നല്ലൊരു തീയേറ്ററിൽ നല്ല 3D എഫക്ടിൽ ഈ സിനിമ കണ്ടാൽ നല്ലൊരു ദൃശ്യാനുഭവമാണ് നിങ്ങളെ കാത്തിരിക്കുന്നത്. സ്നേഹം എന്ന വികാരം തിരശീലയിൽ കാണിക്കുവാൻ ഭാഷയുടെ ആവശ്യമില്ലല്ലോ.. ഈ സിനിമയിൽ ഏകദേശം 20000 വർഷങ്ങൾക്കു മുമ്പുള്ള മനുഷ്യന്റെ കഥ പറയുമ്പോൾ പുരാതനമായ ഏതോ ഗോത്രഭാഷയാണ് ഉപയോഗിക്കുന്നത്. ഇംഗ്ലീഷ് സബ്ടൈറ്റിൽ ഉടനീളം സിനിമയിൽ കാണാം.

മേല്പറഞ്ഞതു പോലെ വർഷങ്ങൾക്കു മുൻപ് ഈ പറഞ്ഞ ഗോത്രവംശം പുതിയ തലമുറയെ നായാട്ടു പരിശീലിപ്പിക്കാനായി ഇറങ്ങിത്തിരിക്കുന്നു. ആ യാത്രയിൽ നായകനായ കേടാ തന്റെ അച്ഛനെയും സംഘത്തെയും പിരിഞ്ഞു ഒറ്റയ്ക്കാവുന്നു. തിരിച്ചു വീട്ടിലേക്കു എത്താനുള്ള യാത്രയിൽ തന്നെ ആക്രമിക്കാൻ വന്ന ചെന്നായക്കൂട്ടത്തിൽ ഒരു ചെന്നായയെ പരിക്കേൽപ്പിക്കാൻ കേടയ്ക്കു കഴിയുന്നു.

കാലത്തിന്റെ കാവ്യനീതി എന്നത് പോലെ തന്നെ ആക്രമിച്ച ആ ചെന്നായയെ മുറിവുണങ്ങാനും, വിശപ്പ്‌ മാറ്റാനും കേട തന്നെ നിയോഗിക്കപ്പെടുന്നു. പ്രതിഫലമായി ലഭിക്കുന്നത് പല ആപത്തുകളിൽ നിന്നും രക്ഷപ്പെടുത്തുന്ന വിശ്വസ്തനായ ഒരു മൃഗത്തിനെയാണ്.. അതേ.. മനുഷ്യകുലത്തിന്റെ ആദ്യത്തെ കൂട്ടുകാരൻ..

ഓരോ ഫ്രെയിമുകളും സ്ക്രീൻഷോട്ട് എടുത്തുവെച്ചു വാൾപേപ്പർ ആക്കാം. അത്രയ്ക്ക് മനോഹരമാണ്.. ഒരു ത്രിൽ അഡ്വെഞ്ചർ സിനിമയുടെ മൂഡിന് പറ്റിയ രീതിയിൽ പശ്ചാത്തല സംഗീതവും, നല്ല പ്രകടനങ്ങൾ ചെന്നായ അടക്കം കാഴ്ച വെയ്ക്കുമ്പോൾ ടെക്ക്നിക്കലി സൗണ്ട് ആയ ഒരു സിനിമ ആയി മാറുന്നു.

നമ്മുടെ ഉള്ളിലെ മനുഷ്യത്വം ഒരു മൃഗത്തോട് തോന്നിക്കുന്ന രീതിയിലാണ് ക്ലൈമാക്സ്. ഒരു ട്രാജഡി ആയി സിനിമ അവസാനിക്കരുതേ എന്ന് മനസ്സ് കൊണ്ട് പ്രാർത്ഥിച്ചു പോകുന്നു. അത്രയ്ക്ക് മനസ്സിൽ പതിയുന്നു കേടയുടെയും അൽഫയുടെയും കഥ.

🔰🔰🔰Last Word🔰🔰🔰

നല്ലൊരു തിയേറ്റർ അനുഭവം സമ്മാനിച്ച ചിത്രം. ഒരിക്കലും തീയേറ്ററിൽ മിസ്സ്‌ ചെയ്യരുത്.

NB – പോപ്‌കോൺ കോരിച്ചുകൊണ്ട് സിനിമ കാണുമ്പോൾ മണ്ണിരയെയും പുഴുവിനെയും തിന്നുന്ന, മലിനജലം കുടിക്കുന്ന സീനൊക്കെ കണ്ടാൽ ഒന്നും തോന്നില്ലല്ലോ അല്ലെ…