ഇന്ത്യ-പാകിസ്ഥാൻ എന്നീ രാജ്യങ്ങളും അവിടുത്തെ പൗരന്മാരും സിനിമയിൽ കഥാപാത്രങ്ങൾ ആയാൽ ഭൂരിഭാഗവും സ്പോർട്സ് അല്ലെങ്കിൽ വാർ ആയിരിക്കും. വീർ സാറ പോലുള്ള റൊമാന്റിക് സിനിമകൾ അധികം ഉണ്ടായിട്ടുമില്ല. 2016 ൽ റിലീസായ Happy Bhaag Jayegi ഒരു കോമഡി ചിത്രമാണ്. 2016 ലെ സ്ലീപ്പർ ഹിറ്റുകളിൽ ഒന്നു. രണ്ടു മണിക്കൂറിൽ ഒരുപാട് രസകരമായ കഥാപാത്രങ്ങളാൽ നിറഞ്ഞ ഈ സിനിമ നല്ലൊരു എന്റർടൈനറാണ്.

ഹർപീത് കൗർ എന്ന ഹാപ്പി കല്യാണത്തലേന്നു കാമുകന്റെ കൂടെ ഒളിച്ചോടാൻ തീരുമാനിക്കുന്നു. അന്നേ ദിവസം പാകിസ്താനിലേക്ക് പോകാൻ ഒരുങ്ങുന്ന ഒരു വാഹനത്തിൽ അബദ്ധത്തിൽ കയറി നേരെ പാകിസ്താനിലെത്തുന്നു. നായകനായ ബിലാൽ മുഹമ്മദിന്റെ വീട്ടിലേക്കാണ് ഹാപ്പി ചെന്ന് കയറുന്നത്. ഒരു ഇന്ത്യക്കാരി മുൻ പാക് ഗവർണർ കൂടി ആയ തന്റെ ബാപ്പയുടെ വീട്ടിൽ നിന്നാലുള്ള പുകിലുകൾ ഓർത്തു ബിലാൽ നട്ടം തിരിയുന്നു. അതിനിടെ പല രസകരമായ കഥാപാത്രങ്ങളും നിറയുന്നതോടെ കഥയ്ക്ക് രസം പിടിക്കുന്നു.

ജിമ്മി ഷെർഗിലിന്റെ ബഗ്ഗ എന്ന കഥാപാത്രം സിനിമയുടെ ഹൈലൈറ്റ് ആണ്. ഓരോ മാനറിസവും ചിരിപ്പിച്ചു കൊല്ലും. പിയുഷ് മിശ്രയുടെ അഫ്രീദി എന്ന കഥാപാത്രത്തെ ഒരുപാട് ഇഷ്ടപ്പെട്ടു പോകും. ഡയാന പെന്റിയുടെ ഹാപ്പി ബോളിവുഡിൽ ഒരുപാട് കാണുന്ന നായികയാണ്. അഭയ് ഡിയോളിനു ഈസി ആയ റോൾ ആണ്..അത് കിടു ആയി ചെയ്തിട്ടുണ്ട്.

അച്ഛനും മകളുമായ ജാവേദ് ഷെയ്ഖ്, മോമൽ ഷെയ്ഖ് എന്നീ പാകിസ്താനി അഭിനേതാക്കൾ വളരെ പ്രധാനപ്പെട്ട റോളുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. രണ്ടു മണിക്കൂർ നിങ്ങളെ പൊട്ടിച്ചിരിപ്പിക്കുന്ന നല്ലൊരു സിനിമ.