മാർക്കിനെ കൊറിയയിൽ നിന്നും ചെറുപ്പത്തിൽ തന്നെ അമേരിക്കയിലെ ഒരു ദമ്പതികൾക്ക് ദത്തു നൽകുകയായിരുന്നു. നൈറ്റ്‌ ക്ലബ്ബിൽ ബൗൺസർ ആയി ജോലി നോക്കുന്ന മാർക്കിന് വൈകാതെ ആ ജോലി നഷ്ടപ്പെടുന്നു. ഒരു സൂപ്പർ മാർക്കറ്റിൽ ആയി പിന്നീട് ജോലി.. അങ്ങനെയിരിക്കെ ഒരു ഫോൺ കോൾ വരുന്നു. മാർക്കിന്റെ തലയെഴുത്ത് തന്നെ മാറ്റാൻ കെൽപ്പുള്ള ഒരു വിളി…

Movie – Champion (2018)

Genre – Sports, Comedy

Language – Korean

മാർക്കിന്റെ പഞ്ചഗുസ്തിയിലുള്ള കഴിവ് മനസ്സിലാക്കി കൊറിയയിലേക്ക് വിളിക്കുകയാണ് സുഹൃത്തായ ജിൻ കി. അവനു അതിന്റെ പിന്നിൽ പല ലക്ഷ്യങ്ങളും ഉണ്ടെങ്കിലും നല്ലൊരു മനസ്സിനുടമയാണ് ജിൻ കി. മാർക്കിന്റെ കുടുംബത്തെ കണ്ടെത്തി വിലാസം കൊടുക്കുന്നു. ചെറുപ്പത്തിൽ തന്നെ ദത്തു നൽകിയ അമ്മയെ കാണാനായി മാർക്ക്‌ എത്തുന്നിടത്ത് ഏറ്റവും വലിയ ശക്തി കുടുംബബന്ധം ആണെന്ന് സിനിമാ പറയുന്നു.

ഒരു സ്പോർട്സ് സിനിമ എന്ന് പറയുമ്പോൾ നായകൻറെ മാനസികാവസ്ഥ കാണിച്ചു കൊണ്ട് മാക്സിമം മെലോഡ്രാമ കാണിക്കാറുണ്ട് പല സിനിമകളിലും. എന്നാൽ ഇവിടെ അങ്ങനെയല്ല, ഇമോഷണൽ ആവശ്യമുള്ള ഇടത്ത് മാത്രം നൽകി സിനിമയുടെ 98% സമയവും ഒരു കോമഡി ഫീൽ ഗുഡ് മൂവി ആക്കുകയാണ്.

തന്റെ അർദ്ധസഹോദരിയോടും മക്കളോടുമുള്ള മാർക്കിന്റെ ആത്മബന്ധം കാണിക്കുന്ന സീനുകൾ എല്ലാം ഒരുപാട് സന്തോഷം നൽകുന്നവയാണ്. പഞ്ചഗുസ്തി മത്സരം ഇതിവൃത്തമാക്കിയ അധികം സിനിമകൾ ഇല്ല. സ്റ്റാലോന്റെ പടത്തെ പറ്റി ഇതിൽ തന്നെ പറയുന്നുമുണ്ട്.

ഒരു മനുഷ്യന്റെ ബലം എന്ന് പറയുന്നത് സുഹൃത്ബന്ധവും കുടുംബബന്ധവും ആണെന്ന് വളരെ രസകരമായി പറയുകയാണ് ഇവിടെ.സിനിമയിലെ രണ്ടു കൊച്ചുകുട്ടികളുടെ അഭിനയം ഒരു ചെറുപുഞ്ചിരിയോടെ കണ്ടിരിക്കാം. പിന്നെ സ്പോർട്സ് സിനിമകളിൽ പതിവായി കാണുന്ന രോമാഞ്ചമുണർത്തുന്ന സീനുകൾ ഇതിൽ ഇല്ല എന്ന് തന്നെ പറയാം. നായകൻറെ ആകാരം കാണുമ്പോൾ വേറേ ആരും ജയിക്കില്ല എന്നുറപ്പല്ലേ…

ആദ്യത്തെ പത്തു മിനിറ്റ് കണ്ടാൽ പിന്നെ ഒറ്റയടിക്ക് ഇരുന്നു മുഴുവനായും കണ്ടുതീർക്കാം. രസകരമായി കഥ പറഞ്ഞു നീങ്ങുന്ന നല്ലൊരു ഫീൽ ഗുഡ് ഫിലിം.