ഒരു സ്കൂൾ കുട്ടിയുടെ കൊലപാതകം നടക്കുന്നു. കൊലയാളി ആ കുട്ടി താമസിച്ചിരുന്ന അതേ അപ്പാർട്മെന്റിൽ താമസിക്കുന്ന ആള് തന്നെയാണ്. എന്നാൽ ആർക്കും കൊലയാളിയെപ്പറ്റി അറിയില്ല. ഒരു വിനോദം എന്നത് പോലെ കൊലകൾ ചെയ്യുന്ന തങ്ങളുടെ അയൽക്കാരനെ പറ്റി ആ അപ്പാർട്മെന്റിൽ ഉള്ളവർ അറിയുമ്പോഴേക്കും എത്ര കൊലകൾ നടന്നിരിക്കും??

Movie – The Neighbor (2012)

Genre – Thriller

Language – Korean

ഓരോ കഥാപാത്രങ്ങൾക്കും ഓരോ കഥ നൽകിയാണ് ഈ ത്രില്ലർ സിനിമ മുന്നോട്ടു നീങ്ങുന്നത്. കൊല്ലപ്പെട്ട പെൺകുട്ടിയുടെ രണ്ടാനമ്മയിൽ നിന്നുമാണ് കഥയുടെ തുടക്കം. സ്വന്തം മകൾ അല്ലെങ്കിലും തന്റെ സ്നേഹം അവളോട്‌ പ്രകടിപ്പിക്കാൻ പറ്റാത്തതിനാലും ഒരുപക്ഷെ താൻ ഉണ്ടായിരുന്നെങ്കിൽ മകളുടെ മരണം നടക്കില്ലായിരുന്നു എന്ന കുറ്റബോധവും അവരെ വേട്ടയാടുന്നുണ്ട്.

ഒരു കൊലപാതകം ചെയ്തു കഴിഞ്ഞു 15 വർഷം ആകാൻ കാത്തിരിക്കുന്ന, ഇനി വെറും 5 മാസം മാത്രം ബാക്കിയുള്ളപ്പോൾ തന്റെ ജീവിതം കൊണ്ട് മറ്റുള്ളവർക്ക് ഉപകാരം ഉണ്ടാക്കാൻ ശ്രമിക്കുന്ന മധ്യവയസ്‌കൻ, അയാളുടെ കഥയിൽ ഒരു ട്വിസ്റ്റ്‌.. ഒരു പിസാ ഡെലിവറി ബോയ്, ഒരു ഗ്യാങ്സ്റ്റർ, ബാഗ് വിൽപ്പനക്കാരൻ,കൊല്ലപ്പെട്ട അതേ പെൺകുട്ടിയുടെ മുഖച്ഛായ ഉള്ള മറ്റൊരു പെൺകുട്ടി, അവളെ കൊല്ലാനായി കൊലപാതകി തീരുമാനിക്കുന്നു..രക്ഷപെടുത്താൻ ചിലർ എന്നിങ്ങനെ കഥാപാത്രങ്ങൾ ധാരാളം..

ഒരു ത്രില്ലർ ഴോനർ എന്നൊക്കെ പറഞ്ഞാലും അവസാനത്തെ 20 മിനിറ്റ് ആണ് ത്രില്ലിംഗ് ആയി കഥ നീങ്ങുന്നത്. ഓരോ കഥാപാത്രങ്ങളുടെയും ബാക്സ്റ്റോറി പറയാൻ സമയം എടുത്തതാണ് കാരണം. കൊറിയൻ സിനിമയിൽ സ്ഥിരം കാണുന്ന സൈക്കോ ആയ സീരിയൽ കില്ലർ ഇവിടെയുമുണ്ട്.

വലിയ സസ്പെൻസോ, ട്വിസ്റ്റോ ഒന്നും തന്നെയില്ല കഥയിൽ.. അല്പം ഇമോഷണൽ ആയി.. കുറച്ചു ത്രില്ലിംഗ് ആയി കണ്ടിരിക്കാം ഈ സീരിയൽ കില്ലർ അയൽക്കാരനെ…