ഗോദി ബന്ന സാധരണ മൈക്കട്ടു എന്ന ആനന്ദ് നാഗ് നായകനായ ചിത്രത്തിന്റെ തമിഴ് റീമേയ്ക്ക് ആണ് പ്രകാശ് രാജ് നായകനായി രാധ മോഹൻ സംവിധാനം ചെയ്ത 60 വയതു മാനിറം. വളരെ കുറഞ്ഞ ബജറ്റിൽ ചിത്രീകരിച്ചു വൻവിജയം നേടിയ കന്നഡ ചിത്രത്തിന്റെ എല്ലാ ഭാഷകളിലേക്കുമുള്ള പകർപ്പവകാശം നേടിയിരിക്കുന്നത് പ്രകാശ് രാജ് ആണ്. തമിഴിലേക്ക് മാറുമ്പോൾ എന്തൊക്കെ മാറ്റങ്ങൾ സിനിമയ്ക്ക് ഉണ്ടായിട്ടുണ്ട്?

🔰🔰🔰Whats Good??🔰🔰🔰

സിനിമയുടെ തുടക്കത്തിൽ തന്നെ ഇളയരാജയുടെ ഒരു പാട്ട് വരുന്നുണ്ട്. അതിലെ വരികളും ആ സംഗീതവും നമ്മെ സിനിമയുടെ മൂഡിലേക്ക് കൊണ്ടുപോകുന്നുണ്ട്. ഗുണ എന്ന സിനിമയുടെ ടൈറ്റിൽ ട്രാക്ക് എത്രത്തോളം സിനിമയോട് കണക്റ്റ് ആകുന്നോ, അതേ അളവിൽ ഈ സിനിമയോട് ഒത്തുപോകുന്നുണ്ട്. അതിന്റെ കൂടെ അഭിനേതാക്കളുടെ നല്ല പ്രകടനം കൂടി ആകുമ്പോൾ നല്ലൊരു സിനിമ ആകുന്നുണ്ട്.

🔰🔰🔰Whats Bad??🔰🔰🔰

ഒറിജിനലും റീമെയ്ക്കും തമ്മിൽ തട്ടിച്ചു നോക്കിയാൽ മാത്രം ചില ആഡ് ഓൺ നമുക്ക് അനാവശ്യമായി തോന്നും. താരതമ്യം ചെയ്യാൻ നിങ്ങൾക്ക് താല്പര്യം ഇല്ല എങ്കിൽ കുറവുകളും കണ്ണിൽ പെടില്ല.

🔰🔰🔰Watch Or Not??🔰🔰🔰

ആനന്ദ് നാഗിനെ പോലൊരു മികച്ച അഭിനേതാവിന്റെ റോൾ ആണ് ഇവിടെ പ്രകാശ് രാജ് കൈകാര്യം ചെയ്യുന്നത്. മലയാളികൾ ആദ്യമായി ടീവിയിൽ ഒരു സിനിമ കണ്ടത് ദൂരദർശന്റെ ആദ്യത്തെ ചലച്ചിത്രം ആയ സ്വാതി തിരുനാൾ ആണ്. അതിലെ നായകനായ ആനന്ദ് നാഗിനെ പെട്ടെന്ന് മറക്കാൻ ആകില്ലല്ലോ.. അദ്ദേഹം ചെയ്ത റോൾ പ്രകാശ് രാജിലെത്തുമ്പോൾ ഡയലോഗ് മോഡുലേഷൻ ആയാലും ബോഡി ലാംഗ്വേജ് ആയാലും ആ കഥാപാത്രത്തോട് പരമാവധി നീതി പുലർത്താൻ രാജിന് ആയിട്ടുണ്ട്.

രക്ഷിത് ഷെട്ടിയുടെ റോൾ വിക്രം പ്രഭു ചെയ്യുമ്പോൾ കിട്ടിയ ആശ്വാസം എന്തെന്നാൽ അഭിനയകുലപതിയുടെ കൊച്ചുമോനെ കുറെ നാളുകൾക്കു ശേഷം ഒരു നല്ല സിനിമയിൽ കാണാൻ കഴിഞ്ഞു എന്നതാണ്. കിട്ടിയ വേഷം നന്നാക്കിയിട്ടുണ്ട് വിക്രം. ഇനിയും ഇതുപോലുള്ള നല്ല സിനിമകളിൽ അഭിനയിക്കാൻ തോന്നട്ടെ..

സമുദ്രക്കനിയുടെ റോളും ഒറിജിനലിൽ വശിഷ്ട സിംഹയും ചെയ്ത അതേ റോളും തമ്മിൽ ഒരുപാട് താരതമ്യങ്ങൾ വരാൻ ചാൻസുണ്ട്. കാരണം അതിൽ ഹൈലൈറ്റ് ആയിരുന്ന ഒരു കാര്യം ഇതിൽ മിസ്സിംഗ്‌ ആണ്. രണ്ടും കണ്ടവർക്ക് അത് പെട്ടെന്ന് മനസ്സിലാകും.

ഇളങ്കോ കുമരവേൽ, മധുമിത എന്നിവരുടെ റോൾ നന്നായിരുന്നു. ഇന്ദുജ നായികയായി എത്തുമ്പോൾ ശ്രുതി ഹരിഹരനെ അനുകരിക്കാൻ ശ്രമിക്കാതെ തനിക്കു ലഭിച്ച റോൾ പരമാവധി നന്നാക്കിയിട്ടുണ്ട്.

ഇളയരാജയുടെ പശ്ചാത്തല സംഗീതമാണ് സിനിമയിൽ നമ്മെ കൂടുതൽ ആകർഷിക്കുന്നത്. ചിലയിടങ്ങളിൽ വൺലൈനർ കോമഡികൾ വരുന്നത് ചിരിപ്പിക്കുന്നുണ്ട്. ക്ലൈമാക്സ് ഇതിനു മുൻപ് മറ്റൊരു ഭാഷയിൽ കണ്ടതാണ് എങ്കിലും വീണ്ടും നമ്മെ ഇമോഷണൽ ആക്കാൻ അഭിനേതാക്കൾക്ക് കഴിയുന്നുണ്ട്.

🔰🔰🔰Last Word🔰🔰🔰

ഒറിജിനൽ വേർഷൻ കണ്ടവർക്കും കാണാത്തവർക്കും ഇഷ്ടപ്പെടുന്ന സിനിമ. ഇളയരാജയെ എന്തുകൊണ്ട് ഇസൈജ്ഞാനി എന്ന് വിളിക്കുന്നു എന്ന് മനസ്സിലാക്കാനായും ഈ സിനിമ കാണാം.