തുള്ളിക്ക് ഒരു കുടം കണക്കെ മഴ ആർത്തു പെയ്യുന്ന ഒരു രാത്രി. നോർത്ത് കൊറിയയുടെയും സൗത്ത് കൊറിയയുടെയും Demilitarized Zone ലെ Guard Post 506 ലേക്ക് കയറിച്ചെന്ന ആയുധധാരികളായ പട്ടാളക്കാർ നിലത്ത് തളം കെട്ടി കിടക്കുന്ന രക്തം കണ്ടു പകച്ചു നോക്കി. ആ ബാച്ചിലെ പകുതിയിലധികം പട്ടാളക്കാരും രക്തത്തിൽ കുളിച്ചു മരിച്ചു കിടക്കുന്നു. ശരീരത്തിൽ മുഴുവൻ രക്തക്കറയോടെ ഭ്രാന്തമായ ഒരു ചിരിയോടെ കയ്യിൽ ഒരു കോടാലിയുമേന്തി ഒരുവൻ!

Movie – The Guard Post (2008)

Genre – Horror

Language – Korean

കൊറിയൻ ഹൊറർ സിനിമയിൽ ഒരു മാറ്റം കൊണ്ടുവന്ന സിനിമയായിരുന്നു R Point. പട്ടാളക്കഥ പറഞ്ഞ White Badge, ഹൊറർ ചിത്രമായ The Ring Virus എന്നീ സിനിമകൾക്ക് തിരക്കഥ എഴുതി ശ്രദ്ധേയനായ ശേഷം Kong Su Chang തന്നെ സംവിധാനം ചെയ്ത ചിത്രമായിരുന്നു R Point. അതിനു ശേഷം വരുന്ന മിലിറ്ററി ഹൊറർ ചിത്രം ആയതിനാൽ പ്രതീക്ഷ ഏറെയായിരുന്നു.

R പോയിന്റ് പോലെ തന്നെ എന്താണ് നമ്മെ അലട്ടുന്നത്.. എന്താണ് ഇവിടെ നടക്കുന്ന പ്രശ്നങ്ങൾക്ക് കാരണം എന്നത് ഒരു മിസ്റ്ററി ആയി പരമാവധി മുന്നോട്ടു കൊണ്ടുപോകാൻ കഴിഞ്ഞിട്ടുണ്ട്. രണ്ടു മണിക്കൂർ നീളമുള്ള സിനിമയിൽ ആദ്യപകുതിയോടെ എന്താണ് അപകടമുണ്ടാക്കുന്നത് എന്നത് പ്രേക്ഷകന് മനസ്സിലാകുന്നുണ്ട്.

സിനിമയുടെ നരേഷൻ ഫ്‌ളാഷ്ബാക്കും പ്രെസെന്റും കലർത്തിയാണ് പറയുന്നത്. അതിനാൽ തന്നെ ചിലയിടങ്ങളിൽ നമ്മൾ കുറച്ചു കൺഫ്യൂസിങ് ആകാൻ സാധ്യതയുണ്ട്. അവസാനത്തെ അര മണിക്കൂർ നല്ല ത്രില്ലിംഗ് ആയും നല്ലൊരു നെയിൽ ബൈറ്റിങ് ക്ലൈമാക്സോടെ തൃപ്തി നൽകുന്നതുമായ ഒരു ചിത്രം.