അതിഗംഭീരമായ തുടക്കം എന്നൊക്കെ പറയുന്നത് ഇതാണ്.. മഴയുള്ള ഒരു രാത്രി.. പശ്ചാത്തലത്തിൽപുരാതന കൊറിയൻ ഗാനം.. ആ ഗാനത്തിന്റെ രാഗം വരാൻ പോകുന്ന വലിയൊരു അപകടത്തിലേക്കുള്ള സൂചന നൽകുന്നുണ്ട്. വഴിയിൽ തളം കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെ അവർ നടന്നു നീങ്ങുന്നത് രാജാവിന്റെ അടുത്തേക്കാണ്. രാജാവിനെ കൊല്ലാനായി എത്തിയതോ.. സ്വന്തം മകനും..

Movie – The Throne

Genre – Drama

Language – Korean

കൊറിയയിലെ ജോസിയൻ സാമ്രാജ്യത്തിലെ ഇരുപത്തി ഒന്നാമത്തെ രാജാവായ Yeongjo യുടെയും അദ്ദേഹത്തിന്റെ മകനായ Sado യുടെയും കഥയാണ് ഈ സിനിമ പറയുന്നത്. ചരിത്രത്തിലേക്ക് നോക്കിയാൽ സ്വന്തം മകനെ വധശിക്ഷയ്ക്കു വിധിച്ച ഒരു അച്ഛനാണ് Yrongjo. രാജനീതി നടപ്പിലാക്കുക വഴി സ്വന്തം മകനെ നഷ്ടപ്പെട്ട ഒരു അച്ഛനായി നമുക്ക് കാണാം ഇദ്ദേഹത്തെ.സാലോയുടെ ജനനം മുതൽ മരണം വരെയുള്ള പ്രധാന കാര്യങ്ങൾ കാണിക്കുക വഴി ഈ ചിത്രം പ്രേക്ഷകനോട് കൂടുതൽ സംവദിക്കുന്നത് സാലോയെപ്പറ്റി തന്നെയാണ്.

മേല്പറഞ്ഞതു പോലെ, തന്റെ അച്ഛനെ കൊല്ലാനായി വരുന്ന സാലോ എന്തുകൊണ്ട് അതിനു മുതിർന്നില്ല എന്നത് സിനിമയുടെ അവസാനഭാഗങ്ങളിലായി കാണിക്കുന്നുണ്ട്.സാലോയുടെ കണ്ണ് നിറയുന്നതിന്റെ കൂടെ പ്രേക്ഷകന്റെ കണ്ണും നിറഞ്ഞേക്കാം. സ്വന്തം മകന്റെ മുന്നിലേക്ക് തന്റെ ഉടവാൾ എറിഞ്ഞുകൊടുത്തു സ്വയം ജീവനൊടുക്കാൻ പറയുന്ന ഒരു അച്ഛന്റെ മാനസികവികാരങ്ങൾ നന്നായി വരച്ചിടുകയും ചെയ്യുന്നുണ്ട്.

തന്റെ മകനു നൽകുന്ന ശിക്ഷ അതികഠിനം ആയിരുന്നു എന്ന് പറയാതെ വയ്യ. അരി സൂക്ഷിക്കുന്ന ഒരു പെട്ടിയിൽ മകനെ അടച്ചു വെച്ചു അതിൽ സ്വയം ആണിയടിക്കുന്ന ഒരു അച്ഛനെയാണ് നമ്മൾ സിനിമയുടെ തുടക്കം കാണുന്നത്. 7 ദിവസം ഭക്ഷണമില്ലാതെ, എട്ടാമത്തെ ദിവസം സാലോ മരണപ്പെടുകയാണ് ചെയ്യുന്നത്.

അഭിനേതാക്കളുടെ മത്സരിച്ചുള്ള അഭിനയമാണ് എടുത്തു പറയേണ്ടത്. Song Kang Ho യേ കണ്ടുകൊണ്ടാണ് സിനിമ തിരഞ്ഞെടുത്തത് എങ്കിലും മനസ്സിൽ പതിയുന്നത് Yoo Ahin ആണ്. ശക്തമായ സ്ത്രീകഥാപാത്രങ്ങളും സിനിമയുടെ നട്ടെല്ലാണ്. കാണുക… തീവ്രമായ മാനുഷിക വികാരങ്ങൾ വരച്ചിട്ട ഒരു ചിത്രം.