കൊറിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യക്കുരുതി നടന്നത് കൊറിയൻ വാറിൽ അല്ല. ഡെമോക്രസി വേണമെന്ന ആവശ്യം ഉന്നയിച്ച നിരപരാധികളായ ജനങ്ങളെ കൊറിയൻ പട്ടാളമേധാവിയുടെ നിർദ്ദേശത്തിന്റെ പേരിൽ സൈന്യം നിറയുതിർത്തു. ചില സമയം ഭ്രാന്തൻ യജമാനൻ പറയുന്നതെന്തും അനുസരിക്കേണ്ട വേട്ടപ്പട്ടികൾ ആണല്ലോ പട്ടാളക്കാർ..

Movie – 26 Years

Genre – Thriller

Language – Korean

1980 May 18 കൊറിയയുടെ ചരിത്രത്തിലെ കറുത്ത ദിനമാണ്. ഏകദേശം 606 ആളുകൾ മരണപ്പെട്ടു എന്നും 4122 ആളുകൾക്ക് ശാരീരിക വൈകല്യങ്ങളും പരിക്കുകളും പറ്റിയെന്നാണ് കണക്ക്. പട്ടാളമേധാവിയായ Chun Doo Hwan ഈ വേളയിൽ കൊറിയയുടെ പതിനൊന്നാമത്തെ പ്രസിഡന്റ്‌ ആയി മാറുകയും ചെയ്തു.

ചരിത്രം നോക്കിയാൽ ഇത്രയും വലിയ ഒരു പാതകത്തിന് കാരണമായ Doo Hwan നെ മരണശിക്ഷ വിധിച്ചു എങ്കിലും പിന്നീട് അയാൾക്ക്‌ മാപ്പ് നൽകുകയായിരുന്നു. ആക്രമണത്തിൽ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവർക്ക് അയാളോടുള്ള പ്രതികാരത്തിന്റെ കഥ ഒരു ഫിക്ഷൻ ആയി പറയുകയാണ് ഈ സിനിമ.

അക്രമം നടന്നു 26 വർഷത്തിന് ശേഷം ഇതിനു കാരണമായ അയാളോടുള്ള പ്രതികാരത്തിനായി അഞ്ചു പേര് ഇറങ്ങിത്തിരിക്കുകയാണ്. ഒരു പോലീസുകാരൻ, ഒരു ഗ്യാങ്‌സ്റ്റർ, ഒരു ബിസിനസുകാരൻ, സെക്യൂരിറ്റി ഫിർമിന്റെ മാനേജർ, ഷാർപ്ഷൂട്ടർ ആയ ഒരു പെൺകുട്ടി എന്നിവർ ചേർന്ന് അയാളെ വകവരുത്താൻ തീരുമാനിക്കുന്നു.

മുൻ പ്രസിഡന്റ ആയ ഒരാളെ കൊലപ്പെടുത്താൻ നോക്കുന്നത് അത്ര എളുപ്പം അല്ലല്ലോ.. അവർക്കു മുന്നിൽ പല തടസങ്ങളും ഉണ്ടായിരുന്നു. അവയൊക്കെ നീക്കി എങ്ങനെ ലക്ഷ്യം കണ്ടു എന്നതാണ് കഥ. രണ്ടു മണിക്കൂറിൽ നല്ല ത്രില്ലിംഗ് ആയ അനുഭവം, ത്യാഗവും പകയും കൂട്ടിക്കലർത്തിയ തൃപ്തികരമായ ക്ലൈമാക്‌സും സിനിമയ്ക്ക് മുതൽക്കൂട്ടാണ്.