പയ്യാ സിനിമ റീ റിലീസ് ചെയ്തു എന്ന് ബുക്ക്‌ മൈ ഷോയിലും പിന്നെ പോസ്റ്ററുകളിലും ഒക്കെയായി അറിയാൻ കഴിഞ്ഞു. 2010 ൽ പയ്യ തീയേറ്ററിൽ തന്നെ കണ്ടതാണ്. കേരളത്തിലേ ആദ്യത്തെ മൾട്ടിപ്ലെക്സ് ആയ ഇടപ്പള്ളി ഒബ്‌റോൺ മാളിലെ സിനിമാക്‌സിൽ ആയിരുന്നു ഞാൻ പയ്യ കണ്ടത്. അത് ഓപ്പൺ ആയി പിറ്റേ ദിവസം ആയിരുന്നു പയ്യ റിലീസ്. ഓർമ ശരിയാണെങ്കിൽ അന്ന് ദുഃഖവെള്ളി ആയിരുന്നു.

പ്രിത്വിരാജ് ആണ് സിനിമാക്സ് ഉത്ഘാടനം ചെയ്തത് എന്ന് തോന്നുന്നു. പ്രിത്വിയുടെ മലങ്കൾട്ട് മൂവി താന്തോന്നിയും അന്ന് അവിടെ പ്രദർശനം ഉണ്ടായിരുന്നു. പിന്നീട് വൈറ്റിലയിലെ ഗോൾഡ് സൂക്കിൽ Q സിനിമാസ് എന്ന മൾട്ടിപ്ലെക്സ് തുടങ്ങി. അവിടുത്തെ ആദ്യത്തെ സിനിമയിൽ കാർത്തിയുടെ സിരുത്തൈ ഉണ്ടായിരുന്നു. അതും അവിടെ പോയി കണ്ടു. ലുലു മാളിൽ PVR തുടങ്ങിയപ്പോൾ ആദ്യത്തെ ദിവസങ്ങളിൽ പോകാൻ സാധിച്ചില്ല. ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞപ്പോൾ അവിടെ കണ്ട സിനിമ മുംബൈ പോലീസ് ആണ്. എറണാകുളം സെൻട്രൽ മാളിൽ സിനിപൊലീസ് തുടങ്ങിയ ആദ്യദിനം തന്നെ ആസിഫ് അലിയുടെ കോഹിനൂർ കണ്ടു.

എറണാകുളത്തെ മൾട്ടിപ്ലക്സുകളുടെ കഥ പറയുകയല്ല കേട്ടോ.. Oru സിനിമ ഭ്രാന്തനായ ഞാൻ ഏറ്റവും കൂടുതൽ കേറിയിറങ്ങിയ സ്ഥലങ്ങളുടെ ലിസ്റ്റ് ഉണ്ടാകുമല്ലോ.. അവിടെ ആദ്യമായി എത്തിയ കാര്യം പറഞ്ഞതാ.. എറണാകുളത്തെ തീയേറ്ററുകളുടെ പ്രത്യേകത എന്തെന്നാൽ മറ്റു ജില്ലകളെ അപേക്ഷിച്ചു ടിക്കറ്റ് റേറ്റ് കുറവാണ്.

ബാഷ, വെട്രിവിഴ, അന്യൻ,നരസിംഹം എന്നിവയുടെയൊക്കെ റീ റിലീസ് ഞാൻ കണ്ടത് സരിത/സവിത തീയേറ്ററിൽ ആണ്. ഇപ്പോൾ ആ ലിസ്റ്റിൽ പയ്യയും. ഡിജിറ്റൽ റീ മാസ്റ്റർ വേർഷൻ ഒന്നുമല്ല പയ്യയുടേത്. അന്ന് പയ്യ ഇറങ്ങിയപ്പോൾ തന്നെ ലേറ്റസ്റ്റ് ഫോർമാറ്റിൽ ആയിരുന്നു. അതിൽ കൂടുതലായി ഒന്നും ചെയ്യാനില്ല.

പയ്യയിലെ കാർത്തിയെ കണ്ടപ്പോൾ 2010 സമയത്തു ലിംഗുസാമിയുടെ ഒരു അഭിമുഖം ഓർമ വന്നു. പരുത്തി വീരൻ, ആയിരത്തിൽ ഒരുവൻ എന്നിവയൊക്കെ ഇറങ്ങിയ സമയത്ത് ആയിരുന്നു പയ്യയുടെ ഷൂട്ട്. കാർത്തിയെ പലർക്കും മനസ്സിലായില്ല എന്ന് പറഞ്ഞതൊക്കെ ഓർമ വന്നു. ശരിയാണ്.. ഒരു അർബൻ ഗെറ്റപ്പിൽ കാർത്തി വന്ന ആദ്യസിനിമായാണ് പയ്യ.

യുവാന്റെ പാട്ടുകളും പശ്ചാത്തല സംഗീതവും പയ്യ വീണ്ടും വീണ്ടും കാണുന്നതിൽ മുഖ്യപങ്കു വഹിക്കുന്നുണ്ട്. തമന്ന – കാർത്തി ജോഡികളുടെ നല്ല കെമിസ്ട്രിയും ആക്ഷൻ സീനുകളും ഒരു ക്ലിഷേ ആക്ഷൻ ലവ് സ്റ്റോറിയെ നല്ലൊരു എന്റർടൈനർ ആക്കി മാറ്റുന്നുണ്ട്. അതിനാൽ തന്നെ പയ്യ പോലൊരു സിനിമ വീണ്ടും കാശ് മുടക്കി തീയേറ്ററിൽ കാണുന്നതിൽ ഒരു നഷ്ടവും തോന്നുന്നില്ല.