സൗത്ത് ഇന്ത്യൻ ജെയിംസ് ബോണ്ട്‌ എന്ന വിളിപ്പേര് ജയ്‌ശങ്കർ സ്വന്തമാക്കി എങ്കിലും ജെയിംസ് ബോണ്ട്‌ മോഡൽ സിനിമ ആദ്യമായി നമുക്ക് നൽകിയത് സൂപ്പർസ്റ്റാർ കൃഷ്ണ ആണ്. തെലുങ്കിൽ പല മാറ്റങ്ങളും സംഭവിച്ചിരുന്നത് കൃഷ്ണയുടെ സിനിമകളിൽ കൂടിയായിരുന്നു. ആദ്യത്തെ സിനിമാസ്കോപ്, ഈസ്റ്റ്മാൻ കളർ, 70mm, DTS Mixing, എന്നിവയൊക്കെ കൃഷ്ണയുടെ സിനിമകളിലൂടെ തെലുങ്കിൽ ആദ്യമായി എത്തി. കൗബോയ് ജോണറും സ്പൈ ജോണറും തെലുങ്കിൽ എത്തിച്ചു. അതിൽ ശ്രദ്ധേയമായ ഒന്നാണ് 1966 ലെ ഗൂഢാചാരി 116 എന്ന ചിത്രം. ഇന്ത്യയിലെ ആദ്യത്തെ സ്പൈ ചിത്രം എന്ന ഖ്യാതി നേടിയ ഈ സിനിമയ്ക്ക് തുടർന്ന് 4 സീക്വലുകൾ ഉണ്ടായിരുന്നു.

തെലുങ്ക് ജനതയ്ക്ക് മറക്കാൻ പറ്റിയ ഒരു സിനിമയല്ല ഗൂഡാചാരി. അദിവി ശേഷ് ക്ഷണത്തിനു ശേഷം അൻപതോളം തിരക്കഥകൾ വായിച്ചു നിരസിച്ചതിന് ശേഷം സ്വന്തം കഥ ശശി കിരന്റെ തിരക്കഥയിൽ ഒരു സ്പൈ ത്രില്ലർ ഒരുക്കുവാൻ തീരുമാനിച്ചപ്പോൾ സിനിമയുടെ പേര് ഗൂഢാചാരി എന്നിടണം എന്നതിൽ സംശയിച്ചു കാണില്ല.

ഇമൈക്ക നൊടികൾ പോലെ ഒരു ഇല്ലോജിക്കൽ ത്രില്ലർ ആണ് ഗൂഢാചാരിയും. ലോജിക് ഒക്കെ പലയിടത്തും പ്രേക്ഷകനെ മണ്ടനാക്കുന്നു എങ്കിലും ഏറ്റവും പ്രധാനമായ എന്റർടൈൻമെന്റ് എന്ന സംഗതിയിൽ മുഴുവൻ മാർക്ക് നേടുന്നതിനാൽ കുറവുകൾ എല്ലാം തന്നെ കാറ്റിൽ പറക്കുന്നു.

Raw ഏജന്റ് ആയി മരണപ്പെട്ട അച്ഛന്റെ പാത പിന്തുടർന്ന് രാജ്യസേവകൻ ആകണം എന്നുള്ള ലക്ഷ്യമായി ജീവിക്കുന്ന നായകന്റെ ജീവിതം രണ്ടര മണിക്കൂറിൽ പരമാവധി സിനിമാറ്റിക് ലിബർട്ടി എടുത്തു പറയുമ്പോൾ നല്ലൊരു എന്റർടൈനർ ലഭിക്കുന്നുണ്ട്. ത്രില്ലർ സിനിമാ ആസ്വാദകരെ ഏറെ തൃപ്തിപ്പെടുത്തുന്നവയാണ് സസ്‌പെൻസും നമ്മൾ പ്രതീക്ഷിക്കാത്ത ട്വിസ്റ്റുകൾ അഥവാ വഴിത്തിരിവുകൾ. അങ്ങനെ നോക്കുമ്പോൾ സിനിമയിൽ ഉടനീളം വരുന്ന ട്വിസ്റ്റുകളിൽ ഏതെങ്കിലും ഒരെണ്ണം നിങ്ങളെ തൃപ്തിപ്പെടുത്തും. അതുമതിയാകും ഈ സിനിമ നല്ലൊരു അനുഭവമായി മാറാൻ.. കാണുക…