പട്ടായ എന്ന് കേൾക്കുമ്പോൾ എന്താണ് മനസ്സിലേക്ക് വരുന്നത്? ഏറ്റവുമധികം ടൂറിസ്റ്റുകൾ വരുന്ന ലോകത്തിലെ തന്നെ നമ്പർ വൺ സ്ഥലമാണ് തായ്‌ലൻഡ്. അതിൽ തന്നെ പട്ടായ അടക്കമുള്ള സ്ഥലങ്ങൾക്കുള്ള പങ്കു വളരെ വലുതാണ്. സെക്സ് ടൂറിസം ഇത്രയൊക്കെ നേട്ടങ്ങൾ നൽകാൻ തായ്‌ലൻഡിനെ സഹായിക്കുമ്പോൾ, അതുമൂലമുള്ള ദോഷവശങ്ങളെ പറ്റി ആലോചിട്ടുണ്ടോ??

Movie – Slice (2009)

Genre – Mystery Thriller

Language – Thai

Rainbow Eyes എന്ന കൊറിയൻ സിനിമയുടെ തായ് പതിപ്പാണ് ഈ ചിത്രം. മേല്പറഞ്ഞ സിനിമ നേരെത്തെ തന്നെ കണ്ടതിനാൽ വളരെ ഷോക്കിങ് ആയുള്ള ഒരു സസ്പെൻസ് കണ്ടു ഷോക്കായില്ല. ഇതൊരു റീമേയ്ക്ക് ആണെന്നുള്ള കാര്യം അറിയാതെയാണ് കണ്ടതും. എന്നാൽ അരമണിക്കൂറിനുള്ളിൽ തന്നെ കാര്യം പിടികിട്ടി. എന്നാലും സിനിമയുടെ ആഖ്യാനം കുറച്ചൂടെ ഡാർക് ആയതിനാലും മനസ്സിനെ അസ്വസ്ഥമാക്കുന്ന സീനുകൾ ഒറിജിനലിനെ അപേക്ഷിച്ചു ഇതിൽ കൂടുതൽ ഉള്ളതിനാലും ചെറിയ ചെറിയ വ്യത്യാസങ്ങളും സിനിമ മുഴുവൻ കാണാൻ പ്രേരിപ്പിച്ചു.

വളരെ പൈശാചികമായ കൊലപാതകങ്ങൾ തുടർച്ചയായി നടക്കുന്നു. അതാരാണ് ചെയ്യുന്നത് എന്ന ചോദ്യവും ഇടയ്ക്കിടെ വരുന്ന ഫ്‌ളാഷ്ബാക്കുകളും സിനിമയേ മറ്റൊരു തലത്തിൽ എത്തിക്കുന്നു. കൊറിയൻ സിനിമയെ അപേക്ഷിച്ചു പട്ടായ, ബാങ്കോക് തുടങ്ങിയ സ്ഥലങ്ങൾ സ്വന്തമായുള്ള തായ്‌ലൻഡ് തന്നെയാണ് പശ്ചാത്തലത്തിനു കൂടുതൽ അനുയോജ്യം.

മനസ്സ് അസ്വസ്ഥമാക്കുന്ന രംഗങ്ങൾ കൂടുതലായി ഉള്ളത് ഇതിലാണ്. സെക്സിന്റെ വൈകൃതങ്ങൾ, LGBT, Incest എന്നിങ്ങനെയൊക്കെ പലപ്പോഴായി ഒരു സിനിമ എന്നതിനേക്കാൾ കൂടുതൽ ചിന്തിപ്പിക്കുന്നുണ്ട്. ആഫ്റ്റർ ഓൾ.. ഇതൊരു സിനിമയാണ്. ഇങ്ങനെയൊക്കെ നടക്കുമോ എന്നറിയില്ല.. ഇതുപോലൊരു കയ്പുള്ള ജീവിതം ജീവിച്ചു തീർക്കുന്നവർ ഉണ്ടെങ്കിൽ, അതിനു കാരണം ആ രാജ്യത്തിന്റെ ടൂറിസ്റ്റ് അട്രാക്ഷൻ ആണെങ്കിൽ…ആ പുരോഗതിയ്ക്കു വലിയ അർത്ഥം കാണുന്നില്ല.

വയലൻസും സെക്‌സും കലർന്ന ആഖ്യാനത്തിൽ കിടിലൻ സസ്പെൻസ് ഒരുക്കിയ ഒരു ത്രില്ലർ. ഇമോഷണലി മികച്ചു നിൽക്കുന്നത് കൊറിയൻ പതിപ്പ് ആണെങ്കിലും ഈ തായ് ചിത്രവും മോശമല്ല. നിങ്ങളെ ത്രില്ലടിപ്പിക്കാൻ ഇവന് കഴിയും.